എടത്വാ:കൊറോണ വൈറസ്‌ പ്രതിരോധത്തിന്റെ ഭാഗമായി ആനപ്രമ്പാൽ തെക്ക് സൗഹൃദ സമിതിയുടെ നേതൃത്വത്തിൽ സൗഹൃദ നഗറിൽ ജാഗ്രത മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. തലവടി ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡിലെ മടയ്ക്കൽ ജംഗ്ഷൻ മുതൽ മണ്ണാരുപറമ്പിൽപടി വരെയുള്ള റോഡിൻ്റെ ഇരുഭാഗങ്ങളിലായി താമസിക്കുന്ന 30 കുടുംബങ്ങൾ ചേർന്ന് കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് കിയോസ്ക് സ്ഥാപിച്ചതിന് തൊട്ടു പിന്നാലെയാണ് കൊറോണാ ബോധവത്ക്കരണത്തിന് ജാഗ്രത മുന്നറിയിപ്പ് ഫലകം സ്ഥാപിച്ചത്.

കുടിവെളളം ശേഖരിക്കുവാൻ എത്തുന്നവർക്ക് ആദ്യം ബോധവത്ക്കരണം എന്ന ലക്ഷ്യം വെച്ചാണ് കുടിവെള്ള സംഭരണിക്ക് സമീപം മുന്നറിയിപ്പ് ഫലകം സ്ഥാപിച്ചിരിക്കുന്നത്. പരിസ്ഥിതി സൗഹാർദ്ധ പെരുമാറ്റ ചട്ടത്തിന് പ്രാധാന്യം കൊടുക്കുവാനും സൗഹൃദ നഗറിൽ ഭിക്ഷാടനം പ്രോത്സാഹിപ്പിക്കാതിരിക്കാനും തീരുമാനിച്ചു.

വാലയിൽ ബെറാഖാ ഭവനിൽ നടന്ന ചടങ്ങിൽ ഡോ.ജോൺസൺ വി. ഇടിക്കുള അധ്യക്ഷത വഹിച്ചു.രക്ഷാധികാരി ജോർജ് തോമസ് കടിയന്ത്ര ഫലക അനാശ്ചാദനം നിർവഹിച്ചു. തോമസ്കുട്ടി പാലപറമ്പിൽ,ബാബു വാഴകൂട്ടത്തിൽ,വിൻസൺ പൊയ്യാലുമാലിൽ,വർഗ്ഗീസ് വി.സി വാലയിൽ, കുഞ്ഞുമോൻ പരുത്തിക്കൽ ,ദാനിയേൽ തോമസ്, ജോസ് കുറ്റിയിൽ, റെജി തോമസ്, ഷിബു, തോമസ് വർഗ്ഗീസ് കുടയ്ക്കാട്ടുകടവിൽ എന്നിവർ പ്രസംഗിച്ചു.സാനിടൈസർ, ഫെയ്‌സ് മാസ്‌ക്, ഗ്ലൗസ് എന്നിവയ്ക്ക് അമിതവില ഏർപ്പെടുത്തുന്നതിൽ അധികൃതർ അടിയന്തരനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു.

കഴിഞ്ഞ മാർച്ച് 7 നാണ് സൗഹൃദ വേദിയുടെ നേതൃത്വത്തിൽ വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി. ഇടിക്കുള നല്കിയ സ്ഥലത്ത് കിയോസ്ക് സ്ഥാപിച്ചത്.ദാവീദ് പുത്ര ചാരിറ്റബിൾ ട്രസ്റ്റ് വൈസ് പ്രസിഡൻറ് തോമസ് കെ. തോമസിൻ്റെ നേതൃത്വത്തിൽ കുടിവെള്ളം മുടങ്ങാതെ ഈ പ്രദേശവാസികൾക്ക് ഇപ്പോൾ ലഭിക്കുന്നുണ്ട്.

ഈ പ്രദേശത്ത് പൊതു പൈപ്പിലൂടെ ശുദ്ധജലം ലഭിച്ചിട്ട് മുപ്പത് വർഷങ്ങൾ കഴിയുന്നു.ഈ പ്രദേശത്തുള്ളവർ ആകെ ആശ്രയിക്കുന്നത് തോടുകളെയും കിണറുകളെയുമാണ്.എന്നാൽ ഇപ്പോൾ തോടുകളിലെയും ജലനിരപ്പ് പൂർണ്ണമായി താഴ്ന്നു വറ്റി തുടങ്ങിയതു മൂലം രൂക്ഷമായ ശുദ്ധജല ക്ഷാമമാണ്.ഇത് പരിഹരിക്കുന്നതിന് വേണ്ടി ജനകീയ പങ്കാളിത്വത്തോടെ പാരേത്തോടിൻ്റെ ആഴം കൂട്ടുന്ന പദ്ധതിക്ക് പിന്തുണ നല്കാനും തീരുമാനിച്ചു.