ലണ്ടനിലെ ഹെൻഡൺ പ്രദേശത്ത് ഒരു വ്യാപാര സ്ഥാപനത്തിന് തീയിടാനുള്ള ശ്രമം കൗണ്ടർ ടെററിസം പോലീസ് അന്വേഷിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . വെള്ളിയാഴ്ച രാത്രി ഒരു വ്യക്തി പ്ലാസ്റ്റിക് ബാഗിൽ ദ്രാവകം നിറച്ച മൂന്ന് കുപ്പികളുമായി കടകളുടെ നിരയ്ക്ക് സമീപത്തെത്തി അവയ്ക്ക് തീ കൊളുത്താൻ ശ്രമിച്ചതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. എന്നാൽ കുപ്പികൾ പൂർണമായി കത്തിയില്ലാത്തതിനാൽ വലിയ തീപിടിത്തം ഒഴിവാക്കുകയായിരുന്നു . തുടർന്ന് ഇയാൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. കടയുടെ മുൻഭാഗത്ത് ചെറിയ നാശനഷ്ടം സംഭവിച്ചെങ്കിലും സമീപത്തെ മറ്റു കടകൾക്കും താമസസ്ഥലങ്ങൾക്കും ഭീഷണി ഉണ്ടായിരുന്നുവെന്നാണ് പോലീസ് വിലയിരുത്തൽ. ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഫയർഫോഴ്സ് എത്തി ഉടൻ തീ നിയന്ത്രണവിധേയമാക്കിയതായും അധികൃതർ അറിയിച്ചു.

ഈ സംഭവം നിലവിൽ തീവ്രവാദ പ്രവർത്തനമായി പ്രഖ്യാപിച്ചിട്ടില്ലെന്നും സമീപകാലത്ത് നടന്ന മറ്റു സംഭവങ്ങളുമായി നേരിട്ട് ബന്ധമില്ലെന്നും പോലീസ് വ്യക്തമാക്കി. എന്നാൽ സമാന രീതിയിൽ നടന്ന മറ്റു സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കൗണ്ടർ ടെററിസം വിഭാഗം അന്വേഷണം ഏറ്റെടുത്തിരിക്കുകയാണ്. സംഭവസ്ഥലത്ത് നിന്നും ശേഖരിച്ച തെളിവുകൾ വിശദമായി പരിശോധിച്ചുവരികയാണ് എന്ന് പോലീസ് അറിയിച്ചു . പ്രദേശവാസികളിൽ ആശങ്ക ഉയർന്ന സാഹചര്യത്തിൽ കൂടുതൽ പോലീസ് സാന്നിധ്യം ഉറപ്പാക്കിയതായും സംശയാസ്പദരായ ആളുകളെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾ അറിയിക്കണമെന്ന് അഭ്യർത്ഥിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ആണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഫിൻച്ലിയിലെ ഒരു പെർഷ്യൻ ഭാഷാ മാധ്യമ സ്ഥാപനത്തെയും ഒരു സിനഗോഗിനെയും ലക്ഷ്യമിട്ട ആക്രമണ ശ്രമങ്ങളും ഗോൾഡേഴ്സ് ഗ്രീനിലെ ഒരു യഹൂദ ചാരിറ്റി സ്ഥാപനത്തിന്റെ ആംബുലൻസുകൾക്ക് തീ വെച്ച സംഭവവും ഉൾപ്പെടെ വടക്കുപടിഞ്ഞാറൻ ലണ്ടനിൽ സമാന സംഭവങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു . ഈ സംഭവങ്ങൾ തമ്മിൽ നേരിട്ടുള്ള ബന്ധം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സമാനമായ രീതികൾ അന്വേഷണത്തെ കൂടുതൽ ഗൗരവകരമാക്കുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇത്തരം വിദ്വേഷപരമായ ആക്രമണങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി. പ്രദേശത്ത് സുരക്ഷ ശക്തമാക്കാനായി ആയുധധാരികളായ പരിശീലനം നേടിയ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും സമൂഹത്തിൽ വിശ്വാസം ഉറപ്പാക്കാൻ അധിക നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.