ടിക്കറ്റ് എടുക്കാതെ കൈക്കുഞ്ഞിനെ വിമാനത്തില്‍ കൊണ്ടുപോകാനാകില്ലെന്ന് അധികൃതര്‍ പറഞ്ഞതോടെ ചെക്ക് ഇന്‍ കൗണ്ടറില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് ദമ്പതികള്‍ മുങ്ങി. കൈക്കുഞ്ഞുമായി വിമാനം കയറാനെത്തിയ ദമ്പതികളാണ് ചെക്ക് ഇന്‍ കൗണ്ടറില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് വിമാനം കയറാന്‍ ശ്രമിച്ചത്.

ഇസ്രായേലിലെ ടെല്‍ അവീവിലെ ബെന്‍ ഗറിയന്‍ വിമാനത്താവളത്തില്‍ റെയാന്‍ എയര്‍ ഡെസ്‌കിലാണ് സംഭവം. ബെല്‍ജിയം പാസ്‌പോര്‍ട്ടുള്ള ദമ്പതികള്‍ ബ്രസല്‍സിലേക്കുള്ള യാത്രയിലായിരുന്നു. രണ്ടുപേര്‍ക്കുള്ള ടിക്കറ്റ് മാത്രമായിരുന്നു ദമ്പതികള്‍ നേരത്തെ ബുക്ക് ചെയ്തിരുന്നത്.

വിമാനം കയറാന്‍ വൈകിയെത്തിയ ദമ്പതികള്‍, അപ്പോഴാണ് കുഞ്ഞിനും ടിക്കറ്റ് വേണമെന്ന് അറിയുന്നത്. ടിക്കറ്റ് എടുക്കാതെ കുഞ്ഞിനെയുമായി വിമാനം കയറാനാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ചെക്ക് ഇന്‍ കൗണ്ടര്‍ അടക്കാനൊരുങ്ങിയതോടെ ദമ്പതികള്‍ കുഞ്ഞിനെ കൗണ്ടറിലെ ബേബി സീറ്റില്‍ ഇരുത്തിയ ശേഷം കൗണ്ടറിനുള്ളിലേക്ക് ഓടുകയായിരുന്നു.

തുടര്‍ന്ന് വിമാനത്താവളത്തിലെ ചെക്ക് ഇന്‍ ഏജന്റ് സുരക്ഷാ ജീവനക്കാരെ ബന്ധപ്പെട്ട് വിവരം അറിയിച്ചു. അവരെത്തിയിട്ടും പരിഹരിക്കാനാവാതെ വന്നതോടെ വിഷയം പോലീസിലേക്ക് കൈമാറുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ദമ്പതികളുമായി സംസാരിച്ച് പ്രശ്‌നം പരിഹരിച്ചു. കുഞ്ഞ് നിലവില്‍ ദമ്പതികള്‍ക്കൊപ്പമുണ്ടെന്നും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.