ഡല്‍ഹി: ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് മുസ്ലീം ദമ്പതികള്‍ക്ക് തീവണ്ടി യാത്രക്കിടെ മര്‍ദ്ദനമേറ്റു. മധ്യപ്രദേശിലെ ഹര്‍ദ ജില്ലയിലാണ് സംഭവം. ഖിര്‍കിയ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ കുശിക് നഗര്‍ എക്‌സ്പ്കസിലാണ് ഇവര്‍ക്ക് മര്‍ദ്ദനമേറ്റത്. ഹൈദരാബാദിലുള്ള ബന്ധുവിനെ സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെ ഗുരുരക്ഷക് സമിതി പ്രവര്‍ത്തകരാണ് ഇവരെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹേമന്ത് രജ്പുത്, സന്തോഷ് എന്നിവരാണ് അറസ്റ്റിലായത്.
ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യുകയായിരുന്ന മുഹമ്മദ് ഹുസൈന്‍, ഭാര്യ നസീമ ബാനോ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തില്‍ കൂടുതല്‍ പേരുള്ളതായും മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു. തങ്ങളുടെ കൈവശമുള്ളത് ബീഫ് അല്ല എന്നു പറഞ്ഞെങ്കിലും അത് കേള്‍ക്കാന്‍ അക്രമികള്‍ തയ്യാറായില്ലെന്നു മുഹമ്മദ് ഹുസൈന്‍ പറഞ്ഞു.

‘അക്രമിസംഘങ്ങള്‍ അതി ക്രൂരമായാണ് പെരുമാറിയത്. എന്റെ ഭാര്യയെ പിടിച്ചുതള്ളുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു. ഞങ്ങളും ഇന്ത്യയിലാണ് ജീവിക്കുന്നത്. ഇവിടുത്തെ നിയമങ്ങള്‍ അതനുസരിച്ചുതന്നെയാണ് ഞങ്ങള്‍ ജീവിക്കുന്നത്. ബാഗിലുണ്ടായിരുന്നത് ആട്ടിറച്ചിയായിരുന്നു. ആട്ടിറച്ചിയാണെന്നു പറഞ്ഞിട്ടും മര്‍ദ്ദനം തുടര്‍ന്നു. ഒടുവില്‍ പൊലീസ് എത്തിതു കൊണ്ട് മാത്രമാണ് ഞങ്ങള്‍ രക്ഷപ്പെട്ടതെന്നും മുഹമ്മദ് ഹുസൈന്‍ പറഞ്ഞു.

ക്രൂരമായി മര്‍ദ്ദനമേറ്റ മുഹമ്മദ് ഹുസൈനെയെയും ഭാര്യയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് നടത്തിയ പരിശോധനയില്‍ ദമ്പതികളുടെ കൈവശമുണ്ടായിരുന്നത് ബീഫ് അല്ല എന്ന് വ്യക്തമായി. അറസ്റ്റിലായവര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.