വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളായ യുവതിയുവാക്കള്‍ ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ പ്രകാസം ജില്ലയിലാണ് സംഭവം. ബേട്ടുള സന്ദീപ് (22), ഭോഗിറെഡ്ഡി മൗനിക (20) എന്നിവരാണ് ആത്മഹത്യ ചെയ്തത്. നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍ ചൊവ്വാഴ്ചയായിരുന്നു ഇരുവരും വിവാഹം കഴിച്ചത്.
വേട്ടപാലം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ബുധനാഴ്ച ഇരുവരുടേയും മൃതദേഹം പൊലീസ് കണ്ടെടുക്കുകയായിരുന്നു. ഇവര്‍ ചിരളയിലെ സ്വകാര്യ എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ത്ഥികളായിരുന്നു. ബേട്ടുള മൂന്നാം വര്‍ഷവും ബോഗിറെഡ്ഡി രണ്ടാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയുമായിരുന്നു. ഇരുവരുടേയും പ്രണയത്തെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തിരുന്നു. ചൊവ്വാഴ്ച വീടുവിട്ടിറങ്ങിയ ഇരുവരും വിജയവാഡയിലെത്തി രജിസ്റ്റര്‍ വിവാഹം നടത്തി. രാത്രി സുഹൃത്തുക്കള്‍ക്ക് തങ്ങള്‍ മരിക്കുകയാണെന്നു കാണിച്ച് ഇരുവരും സന്ദേശമയച്ചിരുന്നു.
തുടര്‍ന്ന് വേട്ടപാലം റെയില്‍വേ സ്‌റ്റേഷനിലെത്തി ഇരുവരും ട്രെയിന് മുന്നില്‍ ചാടി മരിക്കുകയായിരുന്നു. കൈകള്‍ കോര്‍ത്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മാതാപിതാക്കളെ സമീപിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടാകാം ഇരുവരും ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു.
Leave a Reply