ജോൺ കുറിഞ്ഞിരപ്പള്ളി

കോവിഡ് 19 ചൈനയിൽ പൊട്ടിപ്പുറപ്പെട്ട അവസരത്തിൽ കൊറോണ വൈറസ് വഴി മരിക്കുന്നതു പ്രായമായവരും രോഗികളും ആണെന്നത് പല വികസിത രാജ്യങ്ങളുടേയും പ്രത്യേക ശ്രദ്ധനേടുകയുണ്ടായി.
ഇന്ന് ഒട്ടുമിക്ക വികസിത രാജ്യങ്ങളും നേരിടുന്ന ഒരു പ്രശനമാണ് വൃദ്ധ ജനങ്ങൾ.
അറുപതു അറുപത്തഞ്ചുകഴിഞ്ഞവരുടെ പെൻഷനും മറ്റു സോഷ്യൽ സെക്യുരിറ്റികളും നടത്തിക്കൊണ്ട് പോകുവാൻ വികസിത രാജ്യങ്ങൾ കഷ്ടപ്പെടുകയാണ്.
ഇറ്റലിയും സ്പെയിനും ഇംഗ്ലണ്ടും അമേരിക്കയും എന്തുകൊണ്ടാണ് ഒരുതരം നിസ്സംഗത കൊറോണ വൈറസ് അക്രമണത്തോട് പുലർത്തുന്നത് എന്ന് ഈ പശ്ചാത്തലത്തിൽ ചിന്തിക്കുമ്പോൾ മനസ്സിലാകും.
എന്തിനധികം ഈ പ്രശനം വൃദ്ധരെയല്ലേ ബാധിക്കുന്നത് എന്ന് ഇംഗ്ളണ്ടും അമേരിക്കയും പറയാതെ പറഞ്ഞു.
ഇറ്റലിയുടെ കാര്യത്തിൽ ഭരണ നേതൃത്വം അലസമായി ഈ പ്രശനം കൈക്കാര്യം ചെയ്തു എന്ന് എല്ലാവരും ചിന്തിച്ചു.എന്നാൽ ഇറ്റലിയുടെ സമീപനവും അതുതന്നെ ആയിരുന്നു.കൊറോണ സ്പെയിനും കടന്ന് ഇംഗ്ളണ്ടിൽ എത്തിയപ്പോൾ ഒരു കാര്യം വ്യക്തമായിക്കഴിഞ്ഞിരുന്നു. യുറോപ്പിലെ ഒട്ടുമിക്ക രാജ്യങ്ങളും ഈ പ്രശനത്തിന് വേണ്ടത്ര പ്രാധാന്യം കൊടുക്കുന്നില്ല.
ഇതിന് ഏക അപവാദം ജർമ്മനി മാത്രമാണ്.
രാജ്യം അടച്ചുപൂട്ടി നിശ്ചലമാക്കി സാമ്പത്തികമേഖല താറുമാറാക്കി ഒരു കൂട്ടം വൃദ്ധ ജനനങ്ങൾക്കു വേണ്ടി നശിപ്പിക്കണമോ?
ഉത്പാദനക്ഷമത നഷ്ട്ടപെട്ട ഒരു കൂട്ടം വൃദ്ധജങ്ങളുടെ ജീവനോ ഒരു രാജ്യത്തിൻറെ സാമ്പത്തിക ഭദ്രതക്കോ ,ഏതിനാണ് പ്രാധാന്യം കൊടുക്കേണ്ടത്?
ഒന്നുകിൽ സമ്പദ്‌വ്യവസ്ഥ അല്ലെങ്കിൽ ആരോഗ്യം എന്ന നിലയിൽ എത്തുമ്പോൾ ഭരണകൂടങ്ങൾ ഏത് തിരഞ്ഞെടുക്കും എന്നത് വികസിത രാജ്യങ്ങൾ പറയാതെ പറയുകയാണ്.
കൊറോണ വൈറസ് കാരണം പൊതുജീവിതം പ്രായോഗികമായി നാശത്തിന്റെ വക്കിൽ ആണ്. സമ്പദ്‌വ്യവസ്ഥ മന്ദഗതിയിലാണ്. കമ്പനികൾ അതിജീവനത്തിന് പാടുപെടുകയാണ്. അതിനാൽ രാജ്യത്തിന് ഏറ്റവും നല്ലത് എന്താണെന്നതിനെക്കുറിച്ച് ചർച്ചകൾ ഗോസിപ്പുകൾ നടക്കുന്നു.കഴിയുന്നത്ര കൊറോണ രോഗികളെ രക്ഷിക്കുക അല്ലെങ്കിൽ ആഴത്തിലുള്ള മാന്ദ്യം അനുഭവിക്കുക .
സ്വിറ്റ്സർലൻഡ് ഏതുവഴിക്ക് ചിന്തിക്കുന്നു?
സ്വിറ്റ്‌സർലൻഡിന് ഈ ചോദ്യം എത്രയും വേഗം ചോദിക്കേണ്ടിവരുമെന്ന് സാമ്പത്തിക വിദക്തർ അഭിപ്രായപ്പെടുന്നു.
ഒരു മഹാമാരിയോടുള്ള ആദ്യ പ്രതികരണമെന്ന നിലയിൽ, പൊതുജനാരോഗ്യത്തിന് മുൻ‌ഗണന നൽകുന്നത് ശരിയാണ്. എന്നിരുന്നാലും, പ്രതിസന്ധി നീണ്ടുനിന്നാൽ മറ്റ് വശങ്ങൾ കൂടി കണക്കിലെടുക്കേണ്ടതുണ്ട് എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്.
രണ്ട് തിന്മകളിൽ ഒന്ന് തിരഞ്ഞെടുക്കേണ്ടിവരുമ്പോൾ താരതമ്യേന ലഘുവായത് തിരഞ്ഞു എടുക്കേണ്ടിവരും എന്നാണ് പലരുംപറയാതെ പറഞ്ഞു വയ്ക്കുന്നത്.അതായത് സാമ്പത്തിക പ്രതിസന്ധിയിൽ ഒരു രാജ്യത്തെ നട്ടം തിരിയാൻ വിടണമോ അതെല്ലങ്കിൽ അപകടസാധ്യതയുള്ള ആളുകളുടെ ജീവിതം സംരക്ഷിക്കണമോ എന്നാണ് ചോദ്യം ഉയരുന്നത്.
സമ്പദ്‌വ്യവസ്ഥയ്ക്കായി ആളുകളെ ബലിയർപ്പിക്കണമോ ?ഉത്തരം ആരും പറയുന്നില്ല,പക്ഷെ അപകടകരമായ മൗനം ഒരു വിപത്തിലേക്കുള്ള ചൂണ്ടുപലകയായി നിൽക്കുന്നു.

ജോൺ കുറിഞ്ഞിരപ്പള്ളി