ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിലേയ്ക്ക് പറക്കാൻ കൊതിച്ചിരുന്ന നൂറുകണക്കിന് മലയാളി നഴ്സുമാരുടെ സ്വപ്നങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യയിൽനിന്നുള്ള നേഴ്സിംഗ് റിക്രൂട്ട്മെൻറ് താൽക്കാലികമായി ബ്രിട്ടീഷ് സർക്കാർ മരവിപ്പിച്ചു . എൻഎച്ച്എസിലും വിവിധ നഴ്സിംഗ് ഹോമുകളിലെ സീനിയർ കെയർ ജോലികൾക്കുമായി നിരവധി നേഴ്സുമാരായിരുന്നു എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കി കാത്തിരുന്നത്. ഇൻറർവ്യൂ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി ഏതുനിമിഷവും ബ്രിട്ടനിലേയ്ക്ക് ജോലിക്കായി പോകാൻ തയ്യാറെടുത്തിരുന്നവർക്കാണ് ഈ തീരുമാനം തിരിച്ചടിയായിരിക്കുന്നത്.

കോവിഡ് – 19 ഇന്ത്യൻ ആരോഗ്യ വ്യവസ്ഥയെ തകിടംമറിക്കുന്ന സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകരെ ഇന്ത്യയിൽനിന്ന് റിക്രൂട്ട് ചെയ്യുന്നതിന്റെ ധാർമികത പരിഗണിച്ചാണ് ബ്രിട്ടീഷ് സർക്കാർ ഈ തീരുമാനം എടുത്തിരിക്കുന്നത്. ബ്രിട്ടീഷ് സർക്കാരിൻറെ ഈ തീരുമാനം എൻഎച്ച്എസ് ഉൾപ്പെടെ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന നിരവധി പ്രസ്ഥാനങ്ങളുടെ ഭാവി പരിപാടികളെയും അവതാളത്തിലാക്കിയിരിക്കുകയാണ്. സീനിയർ കെയർ വിസകൾക്കായി ബ്രിട്ടൻ അനുമതി നൽകിയതിനെ തുടർന്ന് നിരവധി നേഴ്സിങ് സ്ഥാപനങ്ങളാണ് ഇന്ത്യയിൽനിന്ന് റിക്രൂട്ട്മെൻറ് ആരംഭിച്ചത്.

നേരത്തെ തന്നെ കോവിഡ് പ്രതിസന്ധി രൂക്ഷമാവുകയും ഇന്ത്യ ബ്രിട്ടന്റെ യാത്രാവിലക്കിൽ ഉൾപ്പെടുകയും ചെയ്തതിനെ തുടർന്ന് റിക്രൂട്ട്മെൻറ് ഏജൻസികൾക്ക് തങ്ങൾ റിക്രൂട്ട് ചെയ്ത നഴ്സുമാരുടെ യാത്ര മാറ്റി വയ്ക്കേണ്ടതായി വന്നിരുന്നു. എന്നാലും ബ്രിട്ടനിലെ ഹോസ്പിറ്റലുകൾ നേരിടുന്ന നേഴ്സുമാരുടെ ക്ഷാമം അവസാനിപ്പിക്കാൻ ഹോട്ടൽ ക്വാറന്റെയിൻ ഉൾപ്പെടെ പുതിയതായി വരുന്ന നഴ്സുമാർക്ക് നൽകാൻ വിവിധ എൻഎച്ച്എസ് ട്രസ്റ്റുകൾ മുന്നോട്ടുവന്നിരുന്നു. പക്ഷെ ബ്രിട്ടനിലേയ്ക്ക് വരാനിരുന്ന ഇന്ത്യൻ നേഴ്‌സുമാരുടെ റിക്രൂട്ട് ബ്രിട്ടീഷ് സർക്കാർ മരവിപ്പിച്ചതിലൂടെ എത്ര നാൾ കാത്തിരിക്കേണ്ടി വരുമെന്നുള്ളതാണ് ഉദ്യോഗാർത്ഥികളെ ആശങ്കയിലാക്കുന്നത്. കോവിഡിനെ പ്രതിരോധിക്കാൻ കൂടുതൽ പണം അനുവദിക്കുകയും വിസ നടപടിക്രമങ്ങൾ ഇളവ് ചെയ്യുകയും ചെയ്തതിലൂടെ മലയാളികൾ ഉൾപ്പെടെയുള്ള ഒട്ടേറെ ഇന്ത്യൻ നഴ്സുമാരാണ് അടുത്തകാലത്തായി ബ്രിട്ടനിലേയ്ക്ക് വന്നു കൊണ്ടിരുന്നത്.