കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണി പോരാളിയായി പ്രവർത്തിച്ച ഡിവൈഎഫ്‌ഐ നേതാവ് കോവിഡ് 19 ബാധിച്ച് മരിച്ചതിന്റെ ഞെട്ടൽ മാറാതെ സഹപ്രവർത്തകർ. ഡിവൈഎഫ്‌ഐ ബാലരാമപുരം നോർത്ത് മേഖലാ കമ്മിറ്റി അംഗം എസ്ആർ ആശ (26)യാണ് മരണപ്പെട്ടത്. കോവിഡിന്റെ ആദ്യഘട്ടംമുതൽ പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണി പോരാളിയായിരുന്നു ആശ. എസ്എഫ്‌ഐ ലോക്കൽ വൈസ് പ്രസിഡന്റും ബാലരാമപുരം പഞ്ചായത്തിലെ ആർആർടി അംഗവുമായിരുന്നു. റസൽപുരം തലയൽ വില്ലിക്കുളം മേലേ തട്ട് പുത്തൻ വീട്ടിൽ സുരേന്ദ്രൻ ശൈലജ ദമ്പതികളുടെ മകളാണ്.

ബാലരാമപുരം പഞ്ചായത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മികവിന് ആശയെ ആദരിക്കുകയും ചെയ്തിരുന്നു. കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്ത വീടുകൾ അണുവിമുക്തമാക്കാൻ നേതൃത്വം നൽകിയും ബോധവൽക്കരണ പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്ന ആശയുടെ വേർപാട് ഇനിയും നാട്ടുകാർക്കും ഉറ്റവർക്കും വിശ്വസിക്കാനാകുന്നില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തിങ്കളാഴ്ച രാത്രിയാണ് ശ്വാസതടസ്സത്തെ തുടർന്ന് ആശയെ നെയ്യാറ്റികര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് അവിടെനിന്ന് മെഡിക്കൽ കോളജിലേക്ക് റെഫർ ചെയ്തു. യാത്രാമധ്യേ ആരോഗ്യനില മോശമായി കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ അഞ്ചരയോടെ മരണം സ്ഥിരീകരിച്ചു.

പാറശാല സ്വകാര്യ ലോ കോളജിലെ രണ്ടാം വർഷ നിയമ വിദ്യാർത്ഥിനിയായിരുന്നു ആശ. ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് വി മോഹനന്റെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി. വൈകിട്ടോടെ കോവിഡ് മാനദണ്ഡപ്രകാരം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. അജേഷ്, ആർഷ എന്നിവരാണ് സഹോദരങ്ങൾ.