കോവിഡ് വാക്സീൻ സ്വീകരിക്കുന്നവർ കുറഞ്ഞത് 2 മാസത്തേക്ക് മദ്യപാനം ഉപേക്ഷിക്കണമെന്ന മുന്നറിയിപ്പ് കഴിഞ്ഞ ദിവസം വന്നിരുന്നു. വാക്സീൻ സ്വീകരിച്ച ശേഷം 42 ദിവസങ്ങൾക്കുള്ളിലാണ് അത് മനുഷ്യ ശരീരത്തിൽ പ്രവർത്തിച്ച് തുടങ്ങുക. അതുകൊണ്ട് തന്നെ ഇക്കാലയളവിൽ വളരെയധികം സൂക്ഷ്മത പലർത്തണമെന്നാണ് റഷ്യൻ ഉപപ്രധാനമന്ത്രി റ്റിയാന ഗോലിക്കോവയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതിനു പിന്നിലെ സഥാർഥ സംഭവം വ്യക്തമാക്കുകയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോ. മനോജ് വെള്ളനാട്.

‘റഷ്യയുടെ സ്പുട്നിക്-V വാക്സീൻ സ്വീകരിക്കുന്നവർ രണ്ടു മാസത്തേക്ക് മദ്യപിക്കാനേ പാടില്ലാന്ന് അവിടുത്തെ കൺസ്യൂമർ ഹെൽത്ത് തലൈവി അന്നാ പൊപ്പോവ പറഞ്ഞിരുന്നു. ഇത് ഏറെ ചർച്ച ചെയ്യപ്പെടുകയുമുണ്ടായി. യഥാർത്ഥത്തിൽ എന്താ സംഭവം?

യഥാർഥത്തിൽ എന്താ കാര്യമെന്നാർക്കുമറിയില്ല. മദ്യപിച്ചാൽ ഇമ്മ്യൂണിറ്റി കുറയും, അതിനാൽ വാക്സീനെടുത്താലും ഗുണമുണ്ടാവില്ലാ എന്നാണവർ പറഞ്ഞത്. ആ പറഞ്ഞതിൽ ശരിയുണ്ട്. പക്ഷേ, വാക്സീനേഷന് രണ്ടാഴ്ച മുമ്പേയും വാക്സീനെടുത്തു തുടങ്ങിയാൽ അടുത്ത 42 ദിവസത്തേക്കും (ആകെ 2 മാസം) മദ്യപിക്കാൻ പാടില്ലാന്നാണവർ പറഞ്ഞത്. അതെന്തിനാണെന്ന് മനസിലായില്ല.

അത് മനസിലാവാത്തത് എനിക്കു മാത്രമല്ല, ആ വാക്സീൻ വികസിപ്പിച്ച അലക്സാണ്ടർ ഗിറ്റ്സ്ബർഗിനും മനസിലായില്ല. അതിന്റെ ആവശ്യമൊന്നുമില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. വാക്സീനെടുക്കുന്നതിന് 3 ദിവസം മുമ്പും എടുത്ത് അടുത്ത 3 ദിവസവും മദ്യപിക്കാതിരുന്നാൽ മതിയെന്നാണ് അദ്ദേഹം പറഞ്ഞത്. അത്, സ്പുട്നിക്കിന് മാത്രമല്ല, എല്ലാ വാക്സീനും ബാധകമാണ്.

എഫ്ഡിഎ (Food and Drug Administration)-യുടെ അഭിപ്രായപ്രകാരം വാക്സീനും മദ്യവും തമ്മിൽ വലിയ ഇന്ററാക്‌ഷൻസൊന്നുമില്ല. പക്ഷേ, സ്ഥിരമായി അല്ലെങ്കിൽ അമിതമായി മദ്യപിക്കുന്നവരിൽ ഇമ്മ്യൂണിറ്റി പൊതുവേ കുറവായിരിക്കും. അത് വാക്സീന്റെ ഗുണം പൂർണമായും കിട്ടുന്നതിന് തടസ്സമാകും. അമിതമദ്യപാനം പൊതുവേ ആരോഗ്യം ക്ഷയിപ്പിക്കുമല്ലോ.

ഇനി വല്ലപ്പോഴും മദ്യപിക്കുന്നവരുടെ കാര്യമെടുത്താൽ, വാക്സീനും മദ്യവും തമ്മിൽ വലിയ ഇന്ററാക്‌ഷനില്ലെങ്കിലും വാക്സീനെടുക്കുന്നതിനു മുമ്പും ശേഷവുമുള്ള ദിവസങ്ങൾ മദ്യപിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം, എല്ലാ വാക്സീനുകൾക്കും ചെറിയ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ഒരു സ്വഭാവമുണ്ട്. ചെറിയ പനി, തലവേദന, ശരീരവേദന, ചിലപ്പോൾ ക്ഷീണം ഒക്കെ.

ഇതേ ബുദ്ധിമുട്ടുകൾതന്നെ മദ്യപിച്ചാലും ഉണ്ടാവും. ഇവിടെയുള്ള പ്രശ്നങ്ങളെന്താന്ന് വച്ചാൽ, വാക്സീനൊപ്പം മദ്യവും കൂടി വരുമ്പോൾ ഒന്ന്, വാക്സീന്റെ സൈഡ് എഫക്റ്റ് തിരിച്ചറിയപ്പെടാതെ പോകാം. രണ്ട്, ഇവ രണ്ടും കാരണമുണ്ടാവുന്ന ഈ അസുഖങ്ങൾ ഇവ ഏതെങ്കിലും ഒന്നുകാരണമുണ്ടാവുന്നതിനേക്കാൾ അസഹ്യമാവാം. ചിലപ്പോൾ ചികിത്സ പോലും വേണ്ടി വരാം. അത് വാക്സീന്റെ ഗുരുതരമായ പ്രശ്നമായി വ്യാഖ്യാനിക്കപ്പെടും. അതത്ര അഭിലഷണീയമല്ല.

മദ്യപാനികൾക്കിടയിൽ സംസാരവിഷയമായ ഈ സ്പുട്നിക് വാക്സീൻ ഇന്ത്യ ഓർഡർ ചെയ്ത് കാത്തിരിക്കുന്ന ഒന്നാണ്. ഇന്ത്യ വാങ്ങുന്ന 160 കോടിയിൽ 10 കോടി ഈ റഷ്യൻ വാക്സീനാണ്.

എന്നാലും അതോർത്ത് ടെൻഷനാവണ്ടാ എന്നാണ് പറയാനുള്ളത്. കാരണം, നിലവിലത്തെ അറിവുകൾ വച്ചിട്ട് മറ്റൊരു വാക്സീനുമില്ലാത്ത എന്തെങ്കിലും പ്രത്യേകത ഈ വാക്സീനും ഇല്ല. അതുണ്ടാക്കിയ ആൾതന്നെ അത് പറയുന്നുണ്ട്. പഠനങ്ങളുടെ പിൻബലവുമില്ല.

അതുകൊണ്ട്, മദ്യവും വാക്സീനും, ഏതു തിരഞ്ഞെടുക്കും എന്നൊരു കൺഫ്യൂഷൻ എപ്പോഴെങ്കിലുമുണ്ടായാൽ, മേൽപ്പറഞ്ഞ പോലെ, വാക്സീനേഷന് ചുറ്റുമുള്ള ദിവസങ്ങൾ മദ്യമൊഴിവാക്കി വാക്സീൻതന്നെ തിരഞ്ഞെടുക്കണം. സിംപിൾ ബട്ട് പവർഫുൾ’.