കേരള പൊലീസിന്റെ വെടിയുണ്ടകള്‍ കാണാതായെന്ന സിഎജി റിപ്പോര്‍ട്ടിലെ ഗുരുതര ആരോപണവുമായി ബന്ധപ്പെട്ട് ഉണ്ടകളുടെ കണക്കെടുപ്പ് ഇന്ന് ക്രൈംബ്രാഞ്ച് നടത്തും. കണക്കെടുപ്പിന് മുന്നോടിയായി അന്വേഷണസംഘം ചീഫ് സ്റ്റോറില്‍ നിന്ന് വെടിയുണ്ടകളുടെ സ്‌റ്റോക്ക് രജിസ്റ്റര്‍ ശേഖരിച്ചു.

വെടിയുണ്ടകള്‍ ഹാജരാക്കാന്‍ എസ് എ പി അധികൃതരോട് അന്വേഷണസംഘം ആവശ്യപ്പെട്ടു. സിഎജി റിപ്പോര്‍ട്ടിലും ആഭ്യന്തര കണക്കെടുപ്പിലും പൊരുത്തക്കേടുകള്‍ കണ്ടിരുന്നു. ഇതേ തുടര്‍ന്നാണ് പരിശോധന നടത്താന്‍ ക്രൈംബ്രാഞ്ച് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. രണ്ട് ലക്ഷത്തോളം വെടിയുണ്ടകള്‍ പരിശോധിക്കും. വ്യാജ കാട്രിഡ്ജുകള്‍ കൂടുതലായി ഉണ്ടോ എന്ന് പരിശോധിക്കും. 12,061 വെടിയുണ്ടകളും 25 തോക്കുകളും കാണാതായി എന്നാണ് ആരോപണം. വ്യാജ വെടിയുണ്ടകള്‍ പകരം വച്ചതായി കണ്ടതിനെ തുടര്‍ന്ന് എസ് ഐയെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ 11 പ്രതികളാണുള്ളത്. അസി.കമാന്‍ഡര്‍മാരടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ വരുംദിവസങ്ങളില്‍ നടപടിയുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

തിരുവനന്തപുരത്തെ എസ് എ എപി ക്യാമ്പ്, തൃശ്ശൂരിലെ പൊലീസ് അക്കാഡമി തുടങ്ങിയ കേന്ദ്രങ്ങളില്‍ നിന്ന്് തോക്കുകളും ഉണ്ടകളും വെടിക്കോപ്പുകളും കാണാതായെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം തോക്കുകള്‍ കാണാതായിട്ടില്ല എന്നും മറ്റ് ക്യാമ്പുകളിലേയ്ക്ക് മാറ്റുകയാണ് ചെയ്തത് എന്നുമാണ് പൊലീസിന്റെ വിശദീകരണം. പൊലീസിനെ ന്യായീകരിച്ചും സിഎജി റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞും ആഭ്യന്തര വകുപ്പ് രംഗത്തെത്തിയിരുന്നു. തോക്കുകളുടെ പരിശോധന നേരത്തെ നടത്തിയിരുന്നു.