പ്രതി ജോളിയുമായി വർഷങ്ങളായി അടുപ്പമുണ്ടായിരുന്ന അഭിഭാഷകനും സംശയനിഴലിൽ. ഇയാൾക്കൊപ്പം ജോളി നടത്തിയ തമിഴ്നാട് യാത്രകളെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

താമരശ്ശേരി മേഖലയിൽ താമസിക്കുന്ന ഇയാൾ റോയി തോമസിന്റെ മരണശേഷം പതിവായി ജോളിയെ കാണാൻ വീട്ടിലെത്താറുണ്ടായിരുന്നു. ചില ബന്ധുക്കൾ വിലക്കിയതോടെയാണ് ഈ സന്ദർശനം നിലച്ചത്. കൊലപാതകവുമായി ഇയാൾക്കു ബന്ധമുണ്ടോയെന്നും വ്യാജ ഒസ്യത്ത് തയാറാക്കാൻ സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇയാളെ അന്വേഷണസംഘം അടുത്തദിവസം ചോദ്യം ചെയ്യും.

ജോളിയുടെ സുഹൃത്ത് ജോൺസണെ പൊലീസ് 6 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ബിഎസ്എൻഎൽ ജീവനക്കാരനായ ജോൺസണൊപ്പം ജോളി പലവട്ടം കോയമ്പത്തൂരിലും ബെംഗളുരൂവിലും പോയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഒരു യാത്ര റോയ് തോമസ് മരിച്ച് ആഴ്ചകൾക്കുള്ളിലായിരുന്നു.

എൻഐടി പ്രഫസറായി നാട്ടിൽ വിലസിയിരുന്ന ജോളി ജോസഫ് കൂടത്തായിയിലെ പൊന്നാമറ്റം വീടിനു ചുറ്റുവട്ടത്തെ വിദ്യാർഥികൾക്ക് ‘കരിയർ കൗൺസലി’ങ്ങും നൽകി. പെൺകുട്ടികൾ പഠിച്ച് ജോലി നേടി സ്വന്തം കാലിൽ നിൽക്കണമെന്ന് ഉപദേശിച്ചിരുന്ന ജോളി ഇതിന് സ്വന്തം അനുഭവം ഉദാഹരണമായി അവതരിപ്പിക്കുകയും ചെയ്തിരുന്നു.
വിദ്യാഭ്യാസ വകുപ്പിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ടോം തോമസിനോടും അധ്യാപികയായിരുന്ന അന്നമ്മയോടുമുണ്ടായിരുന്ന ആദരം എൻഐടി അധ്യാപികയായ മരുമകൾ ജോളിയോടും നാട്ടുകാർക്കുണ്ടായിരുന്നെന്ന് അയൽവാസിയായ സറീന പറയുന്നു.

ഉന്നത പഠനത്തിന് ഉപദേശം തേടി അയൽക്കാർ ജോളിയെ സമീപിക്കുമായിരുന്നു. സറീനയുടെ മകൾ 2015 ൽ പ്ലസ് ടു പാസായപ്പോൾ എൻട്രൻസ് കോച്ചിങ് കാര്യങ്ങളിൽ നിർദേശം നൽകി. ‘റോയ്‌ച്ചായൻ മരിച്ച ശേഷം തനിക്ക് പിടിച്ചു നിൽക്കാനായത് ജോലിയുള്ളതു കൊണ്ടല്ലേ’ എന്ന് പറയുമായിരുന്നെന്നും അയൽക്കാർ ഓർക്കുന്നു.

2002 മുതൽ എൻഐടി അധ്യാപികയെന്ന് സ്വയം പരിചയപ്പെടുത്തിയിരുന്ന ജോളിക്ക് എൻഐടിയുമായി ഒരു ബന്ധവുമില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. നാട്ടിലെ പൊതുപരിപാടികളിലും പള്ളിയിലെ ഡയറക്ടറിയിലും വരെ ‘എൻഐടി പ്രഫസർ’ ആയി ജോളി കയറിപ്പറ്റി.

ജോളി അറസ്റ്റ് പ്രതീക്ഷിച്ചിരുതായി കോഴിക്കോട് റൂറല്‍ എസ്.പി കെ.ജി.സൈമണ്‍ മാധ്യമങ്ങളോട്. അറസ്റ്റിന്റെ തലേന്ന് താമരശേരിയില്‍ അഭിഭാഷകനെ കണ്ടിരുന്നു. ആറ് കൊലപാതകങ്ങളും ചെയ്തത് താനാണെന്ന് ജോളി സമ്മതിച്ചതായും കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും എസ്.പി പറഞ്ഞു.

ഓരോ കൊലപാതകത്തിനു ശേഷവും പിടിക്കപ്പെടാതിരുന്നത് ആത്മവിശ്വാസം കൂട്ടിയെന്ന് കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫ് പറഞ്ഞു. പിന്നീടുള്ള ഓരോ കൊല നടത്താനും ഇതു ധൈര്യം നൽകി. ഇതോടെ കൊലപാതകങ്ങൾക്കിടയിലെ കാലയളവ് കുറഞ്ഞുവന്നു.

ആദ്യ ഭർത്താവ് റോയി തോമസിന്റെ മൃതശരീരം പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ സയനൈഡിന്റെ അംശം കണ്ടെത്തിയിട്ടും ഒരന്വേഷണവും നടക്കാതിരുന്നതോടെ പൂർണ ധൈര്യമായെന്നു ജോളി ചോദ്യം ചെയ്യലിനിടെ പൊലീസിനോടു പറഞ്ഞു. ഓരോ കൊലപാതകം നടത്തിയ രീതിയും ജോളി നിർവികാരതയോടെ വിവരിച്ചു.

∙ അന്നമ്മ തോമസിനെ കൊലപ്പെടുത്തിയത്. 2002ൽ. കൊലയ്ക്ക് ഉപയോഗിച്ചത് കീടനാശിനി.

∙ രണ്ടാമത്തെ കൊലപാതകം 6 വർഷത്തിനു ശേഷം. ടോം തോമസിന് കപ്പപ്പുഴുക്കിലും വെള്ളത്തിലും സയനൈഡ് കലർത്തി നൽകി.

∙ മൂന്നു വർഷത്തിനു ശേഷം 2011ൽ മൂന്നാമത്തെ കൊലപാതകം. റോയ് തോമസിനു സയനൈഡ് കലർത്തി നൽകിയത് ഏറ്റവും ഇഷ്ടപ്പെട്ട കടലക്കറിയിൽ

∙ റോയ് തോമസിന്റെ മരണത്തെക്കുറിച്ച് അന്വേഷണം ഇല്ലാതായതോടെ പൂർണധൈര്യമായി. 2014ൽ 3 മാസത്തെ ഇടവേളയിൽ നടത്തിയതു 2 കൊലകൾ.

∙ മഞ്ചാടിയിൽ മാത്യുവിന് സയനൈഡ് കലർത്തി നൽകിയത് മദ്യത്തിൽ. ഷാജുവിന്റെ മകൾ ആൽഫൈനിനു സയനൈഡ് പുരട്ടിയ ബ്രെഡ് ഇറച്ചിക്കറിയിൽ മുക്കി നൽകി.

∙ ഒരു വർഷത്തിനു ശേഷം ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ വധിക്കാനുള്ള ശ്രമം തുടങ്ങി. രണ്ടു ശ്രമങ്ങൾ പരാജയപ്പെട്ടു. 2016ൽ നടത്തിയ മൂന്നാം ശ്രമത്തിൽ സിലി മരിച്ചു. സയനൈഡ് നൽകിയത് വെള്ളത്തിൽ കലക്കിയും ഗുളികയിൽ പുരട്ടിയും