ശ്രീനിവാസന്റെ ആരോഗ്യസ്ഥിതിയില്‍ നല്ല പുരോഗതിയുണ്ടെന്ന് മകനും നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്‍. അച്ഛന് അലോപ്പതിയില്‍ താല്‍പര്യമില്ലെങ്കിലും നിര്‍ബന്ധിച്ച് കഴിപ്പിക്കേണ്ട അവസ്ഥയാണ് ഉള്ളതെന്ന് ധ്യാന്‍ പറഞ്ഞു. അലപ്പോതി മരുന്നുകള്‍ ഉപയോഗിക്കുന്നതിനോടും വില്‍ക്കുന്നതിനോടും താല്‍പര്യമില്ലാത്ത വ്യക്തിയാണ് ശ്രീനിവാസന്‍ എന്നതിനെ ചുറ്റിപ്പറ്റി ഉയര്‍ന്ന വിമര്‍ശനങ്ങളെ കുറിച്ച് ചോദിച്ചപ്പോഴാണ് ധ്യാന്‍ ഇക്കാര്യം പറഞ്ഞത്.

‘അച്ഛന്റെ ആരോഗ്യസ്ഥിതിയില്‍ നല്ല പുരോഗതിയുണ്ട്. സ്‌ട്രോക്ക് വന്നിരുന്നു. അതേ തുടര്‍ന്ന് ചെറിയ ബുദ്ധിമുട്ട് സംസാരിക്കാനടക്കം ഉണ്ടായിരുന്നു. ഇപ്പോള്‍ അതിലൊക്കെ നല്ല മാറ്റം വന്നിട്ടുണ്ട്.’

‘ഭയങ്കര പോസറ്റീവ് കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. വലിയ കുഴപ്പങ്ങളൊന്നുമില്ല. അച്ഛന് അലോപ്പതിയില്‍ താല്‍പര്യമില്ല. ഞങ്ങള്‍ അച്ഛന്റെ വായില്‍ മരുന്ന് കുത്തി കയറ്റേണ്ട അവസ്ഥയാണ്.’

‘ചിലപ്പോള്‍ തുപ്പാന്‍ ശ്രമിക്കും. ശരിക്കും പറഞ്ഞാല്‍ അദ്ദേഹം അലോപ്പതി മരുന്ന് കഴിക്കാന്‍ തയ്യാറല്ല. ശരിക്കും കുത്തികയറ്റേണ്ട അവസ്ഥയാണ്’ സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍ പറഞ്ഞു.

അലപ്പോതി മരുന്നുകള്‍ ഉപയോഗിക്കുന്നതിനോടും വില്‍ക്കുന്നതിനോടും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുള്ള ശ്രീനിവാസന്‍ പലപ്പോഴും ഈ വിഷയത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദങ്ങള്‍ക്ക് വഴിച്ചിട്ടുണ്ട്. മരുന്നുകള്‍ കടലില്‍ വലിച്ചെറിയണമെന്ന് പറഞ്ഞിട്ടും അസുഖം വന്നപ്പോള്‍ മുന്തിയ ആശുപത്രികളിലൊന്നില്‍ ചികിത്സ തേടിയ ശ്രീനിവാസന്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അലോപ്പതി ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ വിമര്‍ശിച്ചിരുന്നു.