ന്യൂസ് ഡെസ്ക്, മലയാളം യുകെ

നേപ്പാൾ–ടിബറ്റ് അതിർത്തിയിൽ ഉണ്ടായ മഹാപ്രളയത്തിൽ കാണാതായവരിൽ ബ്രിട്ടനിൽ താമസിക്കുന്ന ഹേമാംഗിനി ജിതേന്ദ്ര പട്ടേലും സഹോദരി ഹേമ സുനിൽ അമിനും ഉൾപ്പെടുന്നുവെന്ന് കുടുംബം അറിയിച്ചു. കൈലാസ്–മാനസസരോവർ തീർഥയാത്രയ്ക്കായി പോയ ഇരുവരുടെയും അവസാന സ്ഥാനം ടിക്‌ടോക്ക് വീഡിയോയുടെ സഹായത്താൽ കണ്ടെത്താനായതായി മകൾ തുൽഷി പട്ടേൽ പറഞ്ഞു. പ്രാദേശിക ടൂർ ഗൈഡ് പങ്കുവച്ച വീഡിയോയിൽ നേപ്പാൾ–ചൈന അതിർത്തിയിലെ ഫ്രണ്ട്ഷിപ്പ് ബ്രിഡ്ജിന് സമീപം യാത്രാസംഘത്തോടൊപ്പം ഇരുവരും കാത്തുനിൽക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തിങ്കളാഴ്ചയാണ് അമ്മയുമായും അമ്മായിയുമായും അവസാനമായി സംസാരിച്ചതെന്നും ചൊവ്വാഴ്ച അവരുടെ ചിത്രം ലഭിച്ചിരുന്നുവെന്നും തുൽഷി പറഞ്ഞു. കാലാവസ്ഥാ പ്രശ്നങ്ങളെ തുടർന്ന് ചൊവ്വാഴ്ച അതിർത്തി കടക്കാനാകാതെ പോയ സംഘം ബുധനാഴ്ച രാവിലെ യാത്ര തുടരാൻ ശ്രമിക്കുമ്പോഴാണ് ദുരന്തമുണ്ടായതെന്നാണ് കുടുംബത്തിന്റെ നിഗമനം. അതിർത്തി മേഖലയിലെ ശക്തമായ പ്രളയത്തിൽ നൂറുകണക്കിന് പേർ മരിക്കുകയും ആയിരക്കണക്കിന് പേരെക്കുറിച്ച് വിവരമില്ലാതാകുകയും ചെയ്തിട്ടുണ്ട്.

കാണാതായവരിൽ ബ്രിട്ടീഷ് പൗരന്മാരും ആരോഗ്യപ്രവർത്തകരും തീർഥാടകരും ഉൾപ്പെടുന്നു. വാട്‌സ്ആപ്പിലൂടെയും മറ്റ് മാർഗങ്ങളിലൂടെയും ബന്ധപ്പെടാൻ കുടുംബാംഗങ്ങൾ തുടർച്ചയായി ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ പ്രതികരണം ലഭിച്ചിട്ടില്ല.അവർ സുരക്ഷിതരായി തിരിച്ചെത്തുമെന്ന പ്രതീക്ഷ കൈവിടുന്നില്ലന്ന് തുൽഷി പറഞ്ഞു. പ്രളയബാധിത പ്രദേശങ്ങളിൽ തിരച്ചിൽ തുടരുകയാണ്.