രാജ്യത്ത് ഇതുവരെ കോവിഡ് റിപ്പോർട്ട് ചെയ്യാത്ത ഇടുക്കിയിലെ ഇടമലക്കുടി പഞ്ചായത്തിൽ ട്രാവൽ വ്ളോ​ഗർക്കൊപ്പം ഡീൻ കുര്യാക്കോസ് എം.പി നടത്തിയ യാത്ര വിവാദത്തിൽ.

ഇടമലക്കുടിയിൽ സമ്പൂർണ ലോക്ക്ഡൗൺ ദിവസമായ ഞായറാഴ്ച വ്ളോ​ഗർ സുജിത്ത് ഭക്തനൊപ്പം എം.പി നടത്തിയ യാത്രയിൽ വനംവകുപ്പ് അന്വേഷണം തുടങ്ങി. സുജിത്ത് ഭക്തന് യാത്രാനുമതി ഇല്ലായിരുന്നെന്ന് വനംവകുപ്പ് പറഞ്ഞു.

ഇടമലക്കുടിയിലെ എൽ.പി സ്‌കൂളിലേക്ക് വിദ്യാഭ്യാസത്തിനായി ടെലിവിഷനും അനുബന്ധ ഉപകരണങ്ങളും നൽകാനായിരുന്നു യാത്രയെന്നായിരുന്നു സുജിത്ത് ഭക്തൻ പറഞ്ഞത്.

എന്നാൽ സെൽഫ് ക്വാറൻറൈനിലുള്ള ഇടമലക്കുടിയിലേക്ക് അത്യാവശ്യ സർവീസ് വിഭാഗങ്ങളിൽ പെട്ടവർക്കല്ലാതെ മറ്റാർക്കും പ്രവേശനമില്ല. ഇവിടെ എത്തിയാണ് വ്ളോ​ഗറും സംഘവും ദൃശ്യങ്ങൾ പകർത്തിയത്. ഇതോടെ ഇവർക്കെതിരെ വിമർശനവുമായി നിരവധി പേർ രം​ഗത്തെത്തി.

മാനദണ്ഡങ്ങൾ പാലിക്കാതെ പുറത്തു നിന്നുള്ളവരെ അനാവശ്യമായി കുടിയിൽ പ്രവേശിപ്പിച്ചത് രോഗവ്യാപനത്തിന് കാരണമാകുമെന്നും എം.പിയുൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കണമെന്നും സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രൻ ആവശ്യപ്പെട്ടു.

യൂടൂബ് ചാനൽ ഉടമയായ സുജിത് ഭക്തൻ, ഡീൻ കുര്യാക്കോസ് എം.പി എന്നിവർക്കെതിരെ എ.ഐ.വൈ.എഫ് പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്​. ദേവികുളം മണ്ഡലം പ്രസിഡന്‍റായ എൻ.വിമൽരാജാണ് മൂന്നാർ ഡി.വൈ.എസ്.പിക്കും സബ് കളക്ടറിനും പരാതി നൽകിയത്.

മുവായിരത്തോളം പേർ താമസിക്കുന്ന ഇടമലക്കുടിയിൽ ഒരാൾക്കു പോലും ഇതവരെ കോവിഡ്​ സ്ഥിരീകരിച്ചില്ല​. കടുത്ത നിയന്ത്രണങ്ങളാണ് രോ​ഗബാധയെ പഞ്ചായത്തിൽ നിന്ന് അകറ്റി നിർത്തിയത്.