ഡല്‍ഹി കൂട്ടബലാത്സംഗ കേസില്‍ നാല് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പട്യാല ഹൗസ് കോടതി അഡീഷണല്‍ സെഷന്‍സ് ജഡ്‌ജി ധര്‍മേന്ദര്‍ റാണയുടേതാണ് ഉത്തരവ്. ഫെബ്രുവരി ഒന്നിലെ വധശിക്ഷ നടപ്പാക്കുന്നതു സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്.

അതേസമയം, ഡൽഹി കൂട്ടബലാത്സംഗ കേസിലെ പ്രതി പവൻ ഗുപ്‌തയുടെ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി. കൂട്ടബലാത്സംഗം നടക്കുമ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നതിനാൽ വധശിക്ഷയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണു പവൻ ഗുപ്‌ത സുപ്രീം കോടതിയെ സമീപിച്ചത്.

കുറ്റകൃത്യം നടക്കുമ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നും അതിനാൽ വധശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പവൻ ഗുപ്‌ത നൽകിയ ഹർജി നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്‌തുള്ള പുനഃപരിശോധനാ ഹർജിയാണ് ഇന്ന് ജസ്റ്റിസ് ആർ.ഭാനുമതി അധ്യക്ഷയായ ബഞ്ച് തള്ളിയത്. പവൻ ഗുപ്‌തയുടെ വാദങ്ങളെ കോടതി മുഖവിലയ്‌ക്കെടുത്തില്ല.

നേരത്തെയുള്ള കോടതി ഉത്തരവ് പ്രകാരം ഫെബ്രുവരി ഒന്നിന് രാവിലെ ആറിനാണു പ്രതികളായ അക്ഷയ് താക്കൂർ (31), പവൻ ഗുപ്ത (25), മുകേഷ് സിങ് (32), വിനയ് ശർമ (26) എന്നിവരെ തൂക്കിലേറ്റാനാണ് തീരുമാനിച്ചിരുന്നത്. ആറ് പ്രതികളിൽ ഒരാളായ രാം സിങ് ജയിലിൽ വിചാരണ സമയത്ത് തൂങ്ങിമരിക്കുകയായിരുന്നു. ഇയാളായിരുന്നു ബസ് ഡ്രൈവർ. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയെ മൂന്നു വർഷത്തിന് ശേഷം വിട്ടയച്ചിരുന്നു.

2012 ഡിസംബര്‍ 16നാണ് ഓടിക്കൊണ്ടിരുന്ന ബസില്‍ വച്ച് പെണ്‍കുട്ടി ക്രൂരമായ പീഡനത്തിനിരയായത്. ലൈംഗിക അതിക്രമത്തിനിരയായി അവശനിലയിലായ പെണ്‍കുട്ടിയെ അക്രമികള്‍ ബസില്‍ നിന്ന് പുറത്തേക്കെറിയുകയായിരുന്നു. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വച്ചാണ് പെണ്‍കുട്ടി മരിച്ചത്.