ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പത്ത് മാസം പ്രായമുള്ള ആൺകുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ നടപടിയുമായി കോടതി. സ്റ്റീഫൻ ബോഡനും പങ്കാളി ഷാനൺ മാർസ് ഡനും 2020 ലെ ക്രിസ്മസ് ദിനത്തിലാണ് മകനായ ഫിൻലി ബോഡനെ കൊലപ്പെടുത്തിയത്. സംഭവത്തിലെ നിയമ നടപടികൾ പൂർത്തിയാക്കി 39 ദിവസത്തിന് ശേഷം മാതാപിതാക്കൾക്ക് ശിക്ഷ ഉറപ്പാക്കാനാണ് നിയമ സംവിധാനങ്ങൾ നിലവിൽ ഇടപെടുന്നത്. വെള്ളിയാഴ്ച ഡെർബി ക്രൗൺ കോടതിയിൽ നടന്ന വിചാരണയെത്തുടർന്ന് കുറ്റക്കാരാണെന്ന് തെളിഞ്ഞതിനെ തുടർന്ന് അന്തിമ ശിക്ഷ വിധിക്കാൻ മെയ്‌ 26 ലേക്ക് കേസ് മാറ്റിവെച്ചു.

ഒരേസമയം മാനസികമായും ശാരീരികമായുമാണ് ഇരുവരും കുഞ്ഞിനെ ആക്രമിച്ചത്. പ്രായം പോലും കണക്കിലെടുക്കാതെ അതിക്രൂരമായി മർദിച്ചവശനാക്കുകയായിരുന്നു. പരിക്കുകളിൽ എല്ലുകൾക്ക് 57 പൊട്ടലുകളും, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ 71 മുറിവുകളും ഇടതുകൈയിൽ രണ്ട് പൊള്ളലുകളും ഏറ്റിട്ടുണ്ട്. സിഗരറ്റ് ലൈറ്റർ ഉപയോഗിച്ച് മനപ്പൂർവം കൈ പൊള്ളിക്കുകയായിരുന്നു എന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. ഓൾഡ് വിറ്റിംഗ്‌ടണിലെ ഹോളണ്ട് റോഡിലുള്ള വീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ക്രൂരമായ ആക്രമണങ്ങൾക്ക് ഇരയായ കുട്ടി, ക്രിസ്മസ് ദിനത്തിൽ മരിച്ചു വീഴുകയായിരുന്നു.

തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ശിക്ഷ വിധി വായിച്ചപ്പോൾ സ്റ്റീഫൻ ബോഡനും ഷാനൻ മാർസ് ഡനും യാതൊരുവിധ പ്രതികരണങ്ങളും കാണിച്ചില്ല. ഫിൻലി 2020 ഫെബ്രുവരിയിലാണ് ജനിക്കുന്നത്. തുടർന്ന് പത്ത് മാസങ്ങൾക്ക് ശേഷമാണ് അതിക്രൂരമായ പീഡനങ്ങൾക്ക് ഇരയായതും മരണപ്പെട്ടതും. കുട്ടികൾക്കെതിരെയുള്ള ഇത്തരം സംഭവങ്ങളിൽ കർശനനടപടി അധികൃതരുടെ ഭാഗത്ത്‌ നിന്ന് ഉണ്ടാകാറുണ്ടെന്നും, ഇങ്ങനെയുള്ള പ്രവണതകൾ ഒരു കാരണവശാലും വെച്ച് പൊറുപ്പിക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.