സ്വർണ കള്ളക്കടത്ത് കേസ് പ്രതിയായ സ്വപ്‌ന സുരേഷിന്റെ മൊഴി എന്ന പേരിൽ മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന കാര്യം ശുദ്ധ അസംബന്ധവും വസ്തുതാ വിരുദ്ധവുമാണെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ.

ഇക്കാര്യം ആർക്കും അന്വേഷിച്ച് ബോധ്യപ്പെടാം. പ്രവാസികളെ കാണുന്നതിന്റെ പേരിൽ വിദേശത്ത് നിക്ഷേപമുണ്ടെന്ന് വ്യാഖ്യാനിക്കുന്നത് അബദ്ധമാണെന്നും ശ്രീരാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.

രാഷ്ട്രീയ താൽപര്യം വച്ചുകൊണ്ടുള്ള പ്രചാരകരുടെ വേഷത്തിലാണ് കേന്ദ്ര ഏജൻസികൾ ഇടയ്ക്കിടെ പലതും പുറത്തു വിട്ടുകൊണ്ടിരിക്കുന്നത്. വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ തീരുമാനിച്ചെന്നും അതിൽ നിക്ഷേപം ഉണ്ടെന്നും ഉള്ളതായി പറയപ്പെടുന്ന മൊഴി തീർത്തും അടിസ്ഥാന വിരുദ്ധമാണ്.

ഒമാനിൽ നല്ല നിലയിൽ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന പൊന്നാനി സ്വദേശിയായ ലഫീർ അഹമ്മദിനെ പരിചയം ഉണ്ട്. പ്രവാസികളായ ഇത്തരം പലരെയും കണാറുണ്ട്, സംസാരിച്ചിട്ടുമുണ്ട്. പ്രവാസികളോടും അവരുടെ സംരംഭങ്ങളോടും ആദരവോടെ പെരുമാറുകയാണ് ചെയ്യാറുള്ളത്.

അതിൻറെ പേരിൽ അവിടെ എല്ലാം നിക്ഷേപം ഉണ്ടെന്ന് ദുർവ്യാഖ്യാനിക്കുന്നത് അങ്ങേയറ്റം അബദ്ധജടിലമായ കാര്യമാണ്. ഷാർജാ ഷെയ്ഖിനെ കേരളത്തിൽ നിന്നോ പുറത്ത് നിന്നോ ഒറ്റയ്ക്ക് ഒരിക്കലും കാണാൻ അവസരം ലഭിച്ചിട്ടില്ല, കണ്ടിട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു.