നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ വെട്ടിലായവര്‍ നിരവധി.  എല്ലാവരും ദിലീപിനോട് വ്യക്തിപരമായി അടുപ്പമുള്ളവര്‍ തന്നെ. അമ്മ പ്രസിഡന്റ് ഇന്നസെന്റ്, നടന്മാരായ സലീംകുമാര്‍, അജു വര്‍ഗീസ്, സംവിധായകന്‍ ലാല്‍ ജോസ് എന്നിവരാണ് ഇപ്പോള്‍ തങ്ങളുടെ നിലപാടുകള്‍ മൂലം വെട്ടിലായിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ അന്വേഷണം ദിലീപിലേയ്ക്ക് നീങ്ങുമ്പോള്‍ പലരും ഭയന്ന് മാറി നിന്നപ്പോള്‍ പരസ്യമായ നിലപാടുകളുമായി രംഗത്തുവന്നവരാണിവര്‍.താരസംഘടനയായ അമ്മയില്‍ തുടക്കം മുതല്‍ ദിലീപിന് അനുകൂലമായ നിലപാട് സ്വീകരിച്ചുവരുന്നയാളായിരുന്നു ഇന്നസെന്റ്. അമ്മയില്‍ ദിലീപിനെതിരായി എന്തെങ്കിലും തരത്തിലുള്ള പ്രസ്താവനകളോ നിലപാടോ വരാതിരുന്നതും ഇന്നസെന്റ് കാരണമാണെന്നത് സിനിമാലോകത്ത് പരസ്യമായ രഹസ്യമാണ്.

അമ്മയുടെ ജനറല്‍ ബോഡിയോഗത്തിനുശേഷം തന്റെ വീട്ടില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലും ഇന്നസന്റ് ദിലീപിന് സ്വഭാവസര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. ഞാന്‍ ഇന്നലെ കൂടി ദിലീപിനെ വിളിച്ചു ചോദിച്ചു: മോനേ ഈ കേള്‍ക്കുന്ന കാര്യങ്ങളില്‍ എന്തെങ്കിലും സത്യമുണ്ടോ? ദിലീപ് പറഞ്ഞത് ഇല്ല ചേട്ടാ… അതില്‍ ഒരു സത്യവുമില്ല എന്നാണ്. ഇതായിരുന്നു ഇന്നസെന്റിന്റെ വാക്കുകള്‍. എന്നാല്‍, ഇപ്പോള്‍ ഈ വാക്കുകള്‍ ഇന്നസെന്റിനെ തിരിഞ്ഞുകുത്തുകയാണ്.

സലീം കുമാറും അജു വര്‍ഗീസുമാണ് ഏറ്റവും ശക്തമായ പ്രതികരണങ്ങള്‍ നടത്തിയത്. ദിലീപിനെതിരെ തിരക്കഥ രചിക്കുന്നത് ആരാണെന്ന് അറിയാമെന്നും. പള്‍സര്‍ സുനിയെയും നടിയെയും നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്നുമായിരുന്നു ഫെയ്‌സ്ബുക്കിലൂടെയുള്ള സലീംകുമാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, വിവാദമായതോടെ ഈ അഭിപ്രായം സലീംകുമാര്‍ പിന്നീട് പിന്‍വലിച്ചു. എന്നാല്‍, ഇതിനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തിരിക്കുകയാണ്.

ഫെയ്‌സ്ബുക്ക് പോസ്റ്റില്‍, ആക്രമിക്കപ്പെട്ട നടിയുടെ പേര് പറഞ്ഞതാണ് അജു വര്‍ഗീസിന് വിനയായത്. ദിലീപിനെ നിര്‍ബന്ധിതനായി പ്രതിയാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അജു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.  ആരു കരിവാരിത്തേച്ചാലും താന്‍ ദിലീപിന്റെ കൂടെയുണ്ടെന്നായിരുന്നു ലാല്‍ ജോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ദിലീപ് കമലിന്റെ സഹസംവിധായകനായ കാലത്ത് ഒപ്പം പ്രവര്‍ത്തിച്ചയാളായിരുന്നു ലാല്‍ ജോസ്. അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ക്ഷുഭിതരായി ചാടിവീണ മുകേഷ്, ഗണേഷ് കുമാര്‍, ദേവന്‍, സാദിഖ് എന്നിവരും ഇപ്പോള്‍ പ്രതിക്കൂട്ടിലായിരിക്കുകയാണ്.