നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ അറസ്റ്റിലേക്കെത്തിച്ചത് നിര്‍ണായകമായ ഒരു ഫോണ്‍ കോളായിരുന്നു. ഗൂഢാലോചന വെളിച്ചത്തുകൊണ്ടുവന്ന ശക്തമായ തെളിവുകള്‍ പന്ത്രണ്ട് സെക്കന്‍ഡ് നീണ്ടുനിന്ന ഫോണ്‍കോളായിരുന്നു. ആദ്യം മുതലെ സംശയത്തിന്റെ നിഴലില്‍ നിന്ന സൂപ്പര്‍ താരം പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാത്തതോടെ സംശയം ബലപ്പെടുകയായിരുന്നു. നടി ആക്രമിക്കപ്പെട്ട ദിവസം വൈകിട്ട് വന്ന ഫോണ്‍ കോളുകള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയിരുന്നില്ല. ഇതോടെ ജനപ്രിയ നായകനെന്ന് സ്വയം വിശേഷിപ്പിച്ച താരം പ്രതിക്കൂട്ടിലായി.

നടി ആക്രമിക്കപ്പെട്ടത് ലോകം അന്ന് രാത്രി തന്നെ അറിഞ്ഞിരുന്നു. ലോകം മൊത്തം അറിഞ്ഞിട്ടും താന്‍ മാത്രം പിറ്റേന്ന് രാവിലെയാണ് അറിഞ്ഞതെന്നായിരുന്നു താരത്തിന്റെ നിലപാട്. നടി ആക്രമിക്കപ്പെട്ട കാര്യം സിനിമയിലെ ഒരു സഹപ്രവര്‍ത്തകന്‍ വിളിച്ചപ്പോള്‍ വെറും പന്ത്രണ്ട് സെക്കന്‍ഡ് മാത്രമാണ് ദിലീപ് സംസാരിച്ചത്. ഇത് കേസന്വേഷണത്തില്‍ നിര്‍ണായകമായി. അറിയാവുന്ന ഒരാള്‍ ആക്രമണത്തിനിരയായി എന്ന വാര്‍ത്ത ആരിലും ഞെട്ടലുണ്ടാക്കുമെന്നിരിക്കെ ദിലീപ് എന്തുകൊണ്ടാണ് വെറും പന്ത്രണ്ട് സെക്കന്‍ഡില്‍ ഫോണ്‍ വെച്ചത് എന്നതായിരുന്നു അന്വേഷണത്തിന്റെ കാതല്‍.

നടി ആക്രമിക്കപ്പെടുമെന്ന് നേരത്തെ അറിയാമായിരുന്നു എന്ന നിഗമനത്തിലെത്താന്‍ പൊലീസിനെ പ്രേരിപ്പിച്ചതും ഇതാണ്. പിന്നീടുള്ള ചോദ്യം ചെയ്യലില്‍ ദിലീപിന്റെ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയതോടെ കാര്യങ്ങള്‍ ശരിയായ വഴിയിലായി. പിന്നീട് ശക്തമായ തെളിവുകള്‍ ലഭിച്ചതോടെ അന്വേഷണം അറസ്റ്റിലെത്തുകയായിരുന്നു