ലാല്‍ ജോസ് ഒരുക്കിയ മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകത്തിനു ആദ്യ ദിനം സമിശ്ര പ്രതികരണങ്ങള്‍. പുലിമുരുകന് സമാനമായി അതിഗംഭീരമെന്ന ഒറ്റ വാക്കിലെ അഭിപ്രായം ആരും ഈ സിനിമയ്ക്ക് നല്‍കുന്നില്ല. അതുകൊണ്ട് തന്നെ ലാല്‍ ജോസ്-മോഹന്‍ലാല്‍ സിനിമ വേണ്ട രീതിയില്‍ ബോക്സ് ഓഫീസിനെ പിടിച്ചു കുലുക്കില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

എന്നാല്‍ ലാല്‍ ചിത്രം സൂപ്പറാണെന്നും ദിലീപ് ആരാധകര്‍ തിയേറ്ററില്‍ കയറി ചിത്രത്തെ കൂകി തോല്‍പ്പിക്കുകയാണെന്നും ലാല്‍ ഫാന്‍സിനും ആക്ഷേപമുണ്ട്. ഇതോടെ തര്‍ക്കം മൂക്കുകയാണ്. നേരത്തേയും പല സിനിമകളും ദിലീപ് ആളെ വിട്ട് കൂകി തോല്‍പ്പിച്ചെന്ന ആരോപണം ഉയര്‍ന്നിരുന്നു.

ദിലീപിന് ഹൈക്കോടതി ജാമ്യം നല്‍കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ കോടതി വിരുദ്ധ പരമാര്‍ശമാണ് നടത്തിയത്. അപ്പോള്‍ തന്നെ ദിലീപിന്റെ ആരാധകര്‍ മലയാള സിനിമയിലെ പ്രമുഖര്‍ക്കെതിരെ രംഗത്തു വന്നിരുന്നു. പ്രധാനമായും രോഷം പ്രകടിപ്പിച്ചത് സൂപ്പര്‍ താരങ്ങള്‍ക്കെതിരെയാണ്. ഇവര്‍ ദിലീപിന് അനുകൂലമാകുന്ന പരമാര്‍ശം നടത്താത്തതായിരുന്നു ഇതിന് കാരണം. മോഹന്‍ലാല്‍ മഞ്ജു വാര്യര്‍ പക്ഷത്താണെന്ന് പരോക്ഷമായി പറയുകയും ചെയ്തു. ഇതിന് തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കി. ഇതാണ് ലാല്‍ ജോസ് ചിത്രത്തിന് തിയേറ്ററില്‍ ആദ്യ ദിനം വിനയായതെന്നാണ് ലാല്‍ ഫാന്‍സുകാര്‍ പറയുന്നത്. വെളിപാടിന്റെ പുസ്തകം സൂപ്പറാണെന്നും വിശദീകരിക്കുന്നു. എന്നാല്‍ പുറത്തുവരുന്ന വിലയിരുത്തലുകള്‍ സമിശ്രമാണ്. അതുകൊണ്ട് തന്നെ പ്രതിസന്ധിയില്‍ നിന്ന് മലയാള സിനിമയെ ഉയര്‍ത്തെഴുന്നേല്‍പ്പിന് പാകപ്പെടുത്തുന്ന മരുന്ന് വെളിപാടിന്റെ പുസ്തകത്തിനില്ലെന്നാണ് വിലിയരുത്തല്‍.

ദിലീപ് അഴിക്കുള്ളിലായ ശേഷം ഇറങ്ങിയ ഏക ബിഗ് സിനിമ പൃഥ്വിരാജിന്റെ ടിയാന്‍ ആയിരുന്നു. അത് വലിയ നഷ്ടമാണ് നിര്‍മ്മാതാവിന് ഉണ്ടാക്കിയത്. അതി ഗംഭീരമെന്ന് ഏവരും വിലയിരുത്തിയ തൊണ്ടി മുതലും ദൃക്സാക്ഷിയും തിയേറ്ററില്‍ ഓടുന്നുണ്ടെങ്കിലും വലിയ കളക്ഷന്‍ നേടിയില്ല. ദിലീപിന്റെ അറസ്റ്റിന്റെ പ്രതിസന്ധിക്ക് ഏറ്റവും വലിയ ഉദാഹരണമായിരുന്നു ഇത്. ഈ സാഹചര്യത്തില്‍ മോഹന്‍ലാലിന് മാത്രമേ എല്ലാ വിധ പ്രേക്ഷകരേയും തിയേറ്ററിലേക്ക് അടുപ്പിക്കാനാകൂവെന്നും വിലയിരുത്തി. പുലിമുരുകന് സമാനമായ ഹിറ്റ് വെളിപാടിന്റെ പുസ്തകത്തില്‍ പ്രതീക്ഷിച്ചു. അത്തരത്തിലൊരു വിജയം കാത്തിരുന്നവര്‍ക്ക് നിരാശ നല്‍കുന്നതാണ് ആദ്യ ദിവസത്തെ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ലാല്‍ ആരാധകരെന്ന വ്യാജേന ചിലര്‍ നുഴഞ്ഞു കയറിയെന്നും അവരാണ് സോഷ്യല്‍ മീഡിയയില്‍ ലാല്‍ ചിത്രത്തെ മോശമാക്കുന്നതെന്നും ലാല്‍ ഫാന്‍സും പറയുന്നു.

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നു എന്നത് തന്നെയായിരുന്നു ഈ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. തിയേറ്ററുകളില്‍ വന്‍ ജനാവലിയാണുള്ളത്. മോഹന്‍ലാല്‍ രണ്ടു വ്യത്യസ്ത ലുക്കുകളിലെത്തുന്ന ചിത്രത്തില്‍ അന്ന രേഷ്മ രാജനാണ് നായിക. ഇത്തവണത്തെ ഓണം മോഹന്‍ലാലിന്റെ ഇടിക്കുള കൊണ്ടുപോയെന്നാണ് ആരാധകര്‍ പറയുന്നത്. ബെന്നി പി നായരമ്പലമാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത്. ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. മോഹന്‍ലാലും ലാല്‍ജോസും സിനിമയിലെത്തിയിട്ട് വര്‍ഷം കുറേയായി. പക്ഷേ ഇരുവരും ഇതാദ്യമായാണ് ഒരുമിക്കുന്നത്. നേരത്തെ മോഹന്‍ലാലിനെ നായകനാക്കി രണ്ടു പ്രൊജക്ടുകളെക്കുറിച്ച് പ്ലാന്‍ ചെയ്തിരുന്നുവെങ്കിലും അതു നടക്കാതെ പോവുകയായിരുന്നു. അതുകൊണ്ട് കൂടിയാണ് ഈ സിനിമയില്‍ പ്രതീക്ഷകള്‍ ഏറെയായത്.