നടന്‍ ദിലീപിനെയും നാദിര്‍ഷായെയും ചോദ്യം ചെയ്യലില്‍ നിന്ന് വിട്ടയക്കാന്‍ നിര്‍ദേശം വന്നത് തിരുവനന്തപുരത്ത് നിന്നെന്ന് സൂചന. പതിമൂന്ന് മണിക്കൂറോളം നീണ്ട ചോദ്യംചെയ്യല്‍ അവസാനിപ്പിക്കാന്‍ തീരുമാനമായത് തലസ്ഥാനത്ത് നിന്ന് ലഭിച്ച നിര്‍ണായക ഫോണ്‍വിളിയെത്തുടര്‍ന്നാണ്. അഞ്ചു മണിക്കൂര്‍കൂടി ദിലീപിന്റെ മൊഴികള്‍ രേഖപ്പെടുത്താനായിരുന്നു അന്വേഷണ സംഘത്തിന്റെ തീരുമാനം.

രാത്രി പന്ത്രണ്ടുമണി പിന്നിട്ടതോടെ ദിലീപിനെയും നാദിര്‍ഷായെയും തേടി നടന്‍ സിദ്ദീഖും നാദിര്‍ഷായുടെ സഹോദരനും എത്തി. തുടര്‍ന്നും ഒരു മണിക്കൂര്‍ കൂടി ചോദ്യം ചെയ്യല്‍ നീണ്ടിരുന്നു. ഇതിനിടയിലാണ് പൊലീസിന് തിരുവനന്തപുരത്തുനിന്നും നിര്‍ണായകമായ ഫോണ്‍സന്ദേശം എത്തുന്നത്. ഇതുവരെ കേസില്‍ പ്രതിയല്ലാത്ത നടനെ വിട്ടയക്കാനായിരുന്നു പൊലീസിന് ലഭിച്ച നിര്‍ദേശം. അഞ്ചുമണിക്കൂര്‍ കൂടി ദിലീപിന്റെ മൊഴി എടുക്കുവാന്‍ പൊലീസ് തീരുമാനിച്ചിരുന്നു. എന്നാല്‍ ഫോണ്‍സന്ദേശം എത്തിയതോടെ വിട്ടയക്കുകയായിരുന്നു. ദിലീപിനെയും നാദിര്‍ഷായെയും വീണ്ടും ചോദ്യം ചെയ്യുമെന്ന് റൂറല്‍ എസ്പി എ.വി ജോര്‍ജ് ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്.