ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: നേഴ്സിംഗ് ജീവനക്കാരുടെ പണിമുടക്ക് തുടരുന്നതിനിടയിൽ സമരത്തിനൊരുങ്ങി ജൂനിയർ ഡോക്ടർമാരും. പണപ്പെരുപ്പവും, വർധിച്ചു വരുന്ന ജീവിത ചിലവുകളും പരിഹരിക്കുവാൻ തക്കതായ ശമ്പള വർദ്ധനവ് വേണമെന്നാണ് ഇവരുടെ ആവശ്യം. മാർച്ച് 13, 14, 15 തീയതികളിൽ ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാർ പണിമുടക്കുമെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ അറിയിച്ചു. ശമ്പളം സംബന്ധിച്ച് ചർച്ച നടത്താനുള്ള യോഗത്തിൽ പങ്കെടുക്കാൻ ആരോഗ്യ സെക്രട്ടറി വിസമ്മതിച്ചതിനെ തുടർന്നാണ് പണിമുടക്കിലേക്ക് പോയതെന്നാണ് ബിഎംഎ പറയുന്നത്.

അതേസമയം ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി കൊണ്ടുള്ള സമരമാർഗങ്ങൾ രാജ്യത്തിനു ഗുണം ചെയ്യില്ലെന്നും, പണിമുടക്ക് നടപടി നിരാശാജനകമാണെന്നുമാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. വിശദമായ ചർച്ചകൾ പിന്നാലെ ഉണ്ടായേക്കുമെന്നും ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും അധികാരികൾ പറയുന്നു. മൂന്ന് ദിവസമാണ് പണിമുടക്ക് നടക്കുന്നത്. രാവിലെ ഏഴ് മണിക്ക് സമരം ആരംഭിക്കും. അടിയന്തിര പരിശോധനകളും, സാധാരണ ചികിത്സകളും മാറ്റിവെച്ചാണ് പണിമുടക്കിൽ പങ്കെടുക്കുന്നതെന്നാണ് യൂണിയൻ പറയുന്നത്. മുഴുവൻ ജീവനക്കാരും സമരത്തിൽ പങ്കെടുക്കുമെന്നും പുറത്തുവന്ന പ്രസ്താവനയിൽ പറയുന്നു. എന്നാൽ, എൻ എച്ച് എസ് ജീവനക്കാരെ ചുമതലപ്പെടുത്തി ജോലിയിൽ നിന്ന് വിട്ട് നിൽക്കാനാണ് ഡോക്ടർമാർ ശ്രമിക്കുന്നത്.

ആരോഗ്യമേഖലയിൽ ജോലിചെയ്യുന്നതിൽ 40% ത്തിൽ അധികമാളുകളും ഡോക്ടർമാരാണ്. അതുകൊണ്ട് തന്നെ പണിമുടക്കിന് ഒരുങ്ങുന്നവരിൽ പരിചയസമ്പത്ത് വളരെ കുറവുള്ള ആളുകൾ മുതൽ, ധാരാളം വർഷത്തെ അനുഭവം ഉള്ളവരും ഉണ്ട്. സമരത്തിലേക്ക് കടക്കുന്ന അഭിപ്രായ സർവേയിൽ പകുതിയിൽ അധികം ഡോക്ടർമാരും പണിമുടക്കിനെ പിന്തുണച്ചു രംഗത്ത് വന്നു. ‘കഴിഞ്ഞ നിരവധി വർഷങ്ങളായി ശമ്പള വർദ്ധനവ് ഇല്ലാത്തതിനാൽ ജീവനക്കാരിൽ ഏറെപേരും അതൃപ്തരാണ്. ജോലിയുടെ സമ്മർദ്ധവും ക്ഷീണവും വേറെയും’- യൂണിയൻ പ്രതിനിധികൾ പറഞ്ഞു. എന്തുകൊണ്ടാണ് സർക്കാർ ചർച്ചയ്ക്ക് ഒരുങ്ങാത്തത് എന്നറിയില്ലെന്നും, ഒത്തുതീർപ്പ് ശ്രമങ്ങൾ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് ആകണമെന്നും യൂണിയൻ പറയുന്നു.