രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു ചുമയലയേറ്റു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എന്‍.വി രമണ സത്യവാചകം ചൊല്ലിക്കൊടുത്തു. സ്ഥാനമൊഴിയുള്ള രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, എം.പിമാര്‍ അടക്കം നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

പ്രധാനമന്ത്രിക്കും എം.പിമാര്‍ക്കും എംഎല്‍എമാര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് ദ്രൗപദി മൂര്‍മു പാര്‍ലമെന്റില്‍ തന്റെ ആദ്യ പ്രസംഗം ആരംഭിച്ചത്. ജനങ്ങളുടെ പ്രതീക്ഷയുടെ പ്രതീകങ്ങളാണ് ജനപ്രതിനിധികള്‍. എനിക്ക് അവരോട് നന്ദിയുണ്ട്. രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷം ജനിച്ചവരില്‍ പ്രസിഡന്റ് പദവിയില്‍ എത്തുന്ന ആദ്യ ആളാണ് താന്‍. നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെയും സ്വതന്ത്ര ഇന്ത്യയിലെ ജനങ്ങളുടെയും പ്രതീക്ഷ വേഗത്തില്‍ നിറവേറ്റാന്‍ എല്ലാവരും പ്രയത്‌നിക്കണം.

രാജ്യം അര്‍പ്പിച്ച വിശ്വാസമാണ് തന്റെ ശക്തി. ഒഡീഷയിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നാണ് താന്‍ വരുന്നത്. അവിടെ നിന്നും കോളജില്‍ എത്തിയ ആദ്യ വനിതയാണ് താന്‍. രാജ്യത്തിന്റെ പ്രസിഡന്റാവുക എന്നത് വ്യക്തിപരമായ നേട്ടമല്ല. ഇന്ത്യയിലെ എല്ലാ ദരിദ്രരുടെയും നേട്ടമാണ്. ദരിദ്രര്‍ക്ക് സ്വപ്‌നം കാണാന്‍ മാത്രമല്ല, അത് നിറവേറ്റാനും കഴിയുമെന്നതിന്റെ ഉദാഹരണമാണ് താന്‍. രാജ്യം സ്വാതന്ത്ര്യത്തിന്റെ 50ാം വര്‍ഷം ആഘോഷിക്കുന്ന സമയത്താണ് തന്റെ രാഷ്ട്രീയ പ്രവേശനവും തുടങ്ങുന്നത്. രാജ്യം സ്വതന്ത്ര്യത്തിന്റെ 75ാം വര്‍ഷം ആഘോഷിക്കുമ്പോള്‍ തനിക്ക പുതിയ ഉത്തരവാദിത്തങ്ങളും ലഭിക്കുന്നു. അത് വലിയ അംഗീകാരമായാണ് താന്‍ കാണുന്നത്.

നാളെ ജൂലായ് 26 കാര്‍ഗില്‍ വിജയ് ദിനമാണ്. ഇന്ത്യന്‍ സേനയുടെ കരുത്തും ക്ഷമയും വിളിച്ചോതുന്ന ദിനമാണിത്. ഈ ദിനത്തില്‍ സായുധ സേനയ്ക്കും എല്ലാ ജനങ്ങള്‍ക്കും ആശംസകള്‍ നേരുന്നു. രാഷ്ട്രപതി പദവിയിലേക്കുള്ള തന്റെ യാത്രയില്‍ ഉടനീളം ദരിദ്ര ജനവിഭാഗത്തിന്റെ അനുഗ്രഹമുണ്ട്, കോടികണക്കിന് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സ്വപ്‌നങ്ങളും കരുത്തുമുണ്ട്. യുവാക്കളുടെയും സ്ത്രീകളുടെയും താല്‍പര്യത്തിനാണ് മുന്‍ഗണനയെന്ന് ഈ ഘട്ടത്തില്‍ താന്‍ ഉറപ്പുനല്‍കുന്നു.

ഡോ.രാജേന്ദ്ര പ്രസാദ് മുതല്‍ രാംനാഥ് കോവിന്ദ് വരെ നിരവധി പ്രമുഖര്‍ ഈ പദവി വഹിച്ചു. ആ മഹത്തായ പാരമ്പര്യം വഹിക്കാനുള്ള ഉത്തരവാദിത്തമാണ് ഈ രാജ്യം ഇപ്പോള്‍ എന്നെ ഏല്പിച്ചിരിക്കുന്നത്. ഭരണഘടനയുടെ വെളിച്ചത്തില്‍ ആ ഉത്തരവാദിത്തങ്ങള്‍ താന്‍ നിറവേറ്റും. രാജ്യത്തിന്റെ ജനാധിപത്യ സാംസ്‌കാരിക പ്രതീകങ്ങളും പൗരന്മാരുമാണ് തന്റെ ഊര്‍ജത്തിന്റെ ഉറവിടങ്ങള്‍.

സ്വരാജ്, സ്വദേശി, സ്വച്ഛത, സത്യാഗ്രഹ തുടങ്ങിയ ആശയങ്ങള്‍ നമ്മുക്ക് മഹാത്മാ ഗാന്ധി കാണിച്ചു തന്നു. നേതാജി സുഭാഷ് ചന്ദ്രബോസ്, നെഹ്‌റു, സര്‍ദാര്‍ പട്ടേല്‍, അംബേദ്കര്‍, ഭഗത് സിംഗ്, സുഖ്‌ദേവ്, രാജ്ഗുരു, ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയവരുടെ മാതൃകകള്‍ നമ്മുടെ മുന്നിലുണ്ട്.

 

കോവിഡ് പ്രതിസന്ധി കാലത്ത് രാജ്യം സ്വീകരിച്ച നടപടികള്‍ ലോകത്തിനു മുന്നില്‍ നമ്മുടെ ശക്തി പ്രകടിപ്പിക്കുന്നതായിരുന്നു. അടുത്തകാലത്ത് നാം കോവിഡ് വാക്‌സിനേഷന്‍ 200 കോടി പിന്നിട്ടു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ജനങ്ങള്‍ കാണിച്ച ക്ഷമയും ധൈര്യവും സഹകരണവും ഈ സമൂഹത്തിന്റെ വര്‍ധിച്ചുവരുന്ന ശക്തിയുടെ പ്രതീകമാണ്. രാജ്യത്തിന്റെ ഓരോ മേഖലയിലും സംഭാവന നല്‍കാന്‍ എല്ലാ സഹോദരിമാര്‍ക്കും കഴിയണം. ലോകത്തിന്റെ ക്ഷേമം ഉള്‍ക്കൊണ്ട് തികഞ്ഞ വിനയത്തോടെയും സമര്‍പ്പണത്തോടെയും സേവനം ചെയ്യാന്‍ താന്‍ എല്ലായ്‌പ്പോഴും സന്നദ്ധമാണെന്നും ദ്രൗപദി മുര്‍മു പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

രാഷ്ട്രപതിയായി ചുമതലയേല്‍ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് 64 വയസ്സുള്ള ദ്രൗപദി മുര്‍മു. ആദിവാസി വിഭാഗത്തില്‍ നിന്നും ഈ പദവിയില്‍ എത്തുന്ന ആദ്യ വ്യക്തിയും രണ്ടാമത്തെ വനിത രാഷ്ട്രപതിയുമാണ് ദ്രൗപദി മുര്‍മു.

രാവിലെ രാഷ്ട്രപതി ഭവനില്‍ നിന്നും മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിനൊപ്പമാണ് ദ്രൗപദി മുര്‍മു പാര്‍ലമെന്റ് ഹാളിലെത്തിയത്. ലോക്‌സഭാ രാജ്യസഭാ അധ്യക്ഷന്മാര്‍ ചേര്‍ന്ന് അവരെ സ്വീകരിച്ചു. ചടങ്ങിനു ശേഷം രാഷ്ട്രപതി ഭവനിലേക്ക് പുറപ്പെട്ടു.

സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ അദ്ദേഹത്തിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച വസതിയിലേക്ക് ആനയിക്കും.