ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- 2018ൽ തന്റെ കുടുംബത്തിന്റെ വ്യക്തിപരമായ വിവരങ്ങൾ പ്രസിദ്ധീകരിച്ചു എന്നാരോപിച്ച് എ എൻ എല്ലി ( അസോസിയേറ്റഡ് ന്യൂസ് പേപ്പേഴ്സ് ലിമിറ്റഡ്) നെതിരെ കോടതിയിൽ പരാതി നൽകിയ മേഗൻ മാർക്കിൾ തനിക്ക് തെറ്റ് സംഭവിച്ചതായി ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്. ‘ ഫൈൻഡിംഗ് ഫ്രീഡം ‘ എന്ന പുസ്തകത്തിന്റെ രചയിതാക്കളോട് തങ്ങൾ തന്നെയാണ് വ്യക്തിപരമായ വിവരങ്ങൾ പങ്കുവെച്ചതെന്ന് മേഗൻ അംഗീകരിച്ചു. കോടതിയെ മനഃപൂർവം തെറ്റിദ്ധരിപ്പിക്കുവാൻ ഉദ്ദേശിച്ചിട്ടില്ലെന്നും, അറിയാതെ സംഭവിച്ചുപോയ തെറ്റാണെന്നും മേഗൻ വ്യക്തമാക്കി. ഹാരിയുടെയും മേഗന്റെയും മുൻ കമ്മ്യൂണിക്കേഷൻസ് സെക്രട്ടറിയായിരുന്ന ജയ്സൺ നോഫ് ഇരുവരുടെയും അനുമതിയോടെയാണ് താൻ വിവരങ്ങൾ പങ്കു വച്ചതെന്ന് വ്യക്തമാക്കിയിരുന്നു. മേഗൻ തന്റെ പിതാവിന് അയച്ച കത്ത് എ എൻ എൽ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇതിനെതിരെ പരാതി നൽകിയ മേഗന്റെ ഈ വാദം കോടതി അംഗീകരിച്ചിരുന്നു. ഒരാളുടെ അനുമതിയില്ലാതെ വ്യക്തിപരമായ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നത് തെറ്റാണെന്ന് ഈ വർഷം ആദ്യം കോടതി വിലയിരുത്തി.


ഒമിഡ് സ് ക്കോബിയും, കരോലിൻ ഡ്യുറണ്ടും എഴുതിയ ഫൈൻഡിങ് ഫ്രീഡം എന്ന പുസ്തകത്തിലേക്ക് ഹാരിയും മേഗനും ഒന്നുംതന്നെ പങ്കു വെച്ചിട്ടില്ലെന്ന് ഇരുവരുടെയും വക്താവ് മുൻപ് വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീടാണ് ഇരുവരുടേയും കമ്മ്യൂണിക്കേഷൻസ് സെക്രട്ടറി പുതിയ വെളിപ്പെടുത്തൽ നടത്തിയത്. ഈ പുസ്തകത്തിലിലേയ്ക്കുള്ള വിവരങ്ങൾ ഇരുവരുടെയും അനുവാദത്തോടെ പലപ്പോഴായി അഭിമുഖങ്ങളിലൂടെയും ഈമെയിലൂടെയും പങ്കുവയ്ക്കപെട്ടതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇരുവരും അയച്ച ഇ മെയിലുകളും മറ്റും നോഫ് കോടതിയിൽ തെളിവായി കാണിച്ചിരുന്നു. നോഫിന്റെ വാദത്തെ അംഗീകരിക്കുന്ന തരത്തിലാണ് ഇപ്പോൾ മേഗൻ പ്രതികരിച്ചിരിക്കുന്നത്.