ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള

എടത്വാ: ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ എടത്വാ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ ഗ്രീന്‍ പ്രോട്ടോക്കോളിന് പ്രാധാന്യം നല്‍കി കൊണ്ട് ചരിത്രത്തില്‍ ആദ്യമായി നടത്തുന്ന തിരുനാളില്‍ ലക്ഷകണക്കിന് വിശ്വാസി സമൂഹത്തെ സ്വീകരിക്കാന്‍ പുണ്യഭൂമി ഒരുങ്ങി. ഏപ്രില്‍ 27ന് രാവിലെ 7.30ന് വികാരി വെരി.റവ.ഫാദര്‍ ജോണ്‍ മണക്കുന്നേല്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിക്കും. ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ തോമസ് തറയില്‍ മെത്രാപോലീത്ത കുര്‍ബാന അര്‍പ്പിക്കും. മെയ് 14ന് ആണ് എട്ടാമിടം.

തിരുനാള്‍ കൊടി ഉയര്‍ത്തുന്നത് പോലും പ്രത്യേക പട്ടു നൂല്‍ കൊണ്ട് പിരിച്ച് എടുത്ത കയറില്‍ ആണ്. വിവിധ വകുപ്പുകളെ ഏകോപിച്ച് ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി രൂപികരിച്ചതും ഗ്രീന്‍ പ്രോട്ടോക്കോളിന്റെ ഭാഗമായി പ്ലാസ്റ്റിക്ക് കയര്‍ ഉപേക്ഷിക്കുന്നതും ചരിത്രത്തില്‍ ആദ്യമായിട്ടാണ്. തിരുനാള്‍ ഭാരവാഹികള്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ സര്‍ക്കാര്‍ വകുപ്പ് അധികൃതര്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ എന്നിവരടങ്ങിയതാണ് തിരുനാള്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി.

വികാരി വെരി.റവ.ഫാദര്‍ ജോണ്‍ മണക്കുന്നേലിന്റെയും ജനറല്‍ കണ്‍വീനര്‍ ബില്‍ബി മാത്യു, ജോ. കണ്‍വീനര്‍ ജയന്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള വിവിധ കമ്മിറ്റികള്‍ കുറ്റമറ്റ നിലയില്‍ ഉള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി. ഗ്രീന്‍ പ്രോട്ടോക്കോളിന് എടത്വാ പഞ്ചായത്തും വ്യാപാരി സമൂഹവും വിവിധ സന്നദ്ധ സംഘടനകളും എടത്വാ വിഷനും പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അന്യസംസ്ഥാനങ്ങളിലെ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തുന്ന അരക്കോടിയോളം ഭക്തര്‍ക്ക് മുന്‍ വര്‍ഷങ്ങളെക്കാള്‍ വിപുലമായ സൗകര്യങ്ങള്‍ ആണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ വര്‍ഷം ആദ്യമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ക്ലിനിക്ക് പള്ളിയുടെ കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കും. 24 മണിക്കൂറും അഗ്നിശമന സേനയുടെയും ആംബുലന്‍സിന്റെയും സേവനം ഉണ്ടാകും. കെ.എസ്.ആര്‍.ടി.സിയുടെ താത്ക്കാലിക ബസ് ഡിപ്പോ എടത്വാ കോളജ് ഗ്രൗണ്ടിലും പോലീസ് കണ്‍ട്രോള്‍ റൂം സ്‌കൂള്‍ ഗ്രൗണ്ടിലും ഉണ്ടാകും.

നേര്‍ച്ചഭക്ഷണം സ്റ്റീല്‍ പ്‌ളേറ്റുകളില്‍ വിളമ്പും. സൗജന്യ കുടിവെള്ള വിതരണത്തിനായി വിവിധ സ്ഥലങ്ങളില്‍ മണ്‍കലങ്ങളില്‍ വെള്ളം സൂക്ഷിക്കും. മായവും വിഷകരമായ രാസ പദാര്‍ത്ഥങ്ങള്‍ ചേര്‍ക്കാത്തതും ഗുണനിലവാരമുള്ള സാധനങ്ങള്‍ കടകളിലൂടെ വില്‍ക്കുന്നത് ഉറപ്പു വരുത്തും. വില വര്‍ദ്ധനവ് നിയന്ത്രിക്കും. ബോധവത്ക്കരണ ലഘുലേഖ വിതരണം ചെയ്യുന്നതോടൊപ്പം അധികൃതരുടെ പരിശോധനയും ഉണ്ടായിരിക്കും. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിച്ച് പുനഃചക്രമണത്തിനായി അയക്കും. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഉപേക്ഷിക്കുവാന്‍ വ്യാപാരികള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ തന്നെ നിര്‍ദ്ദേശം നല്‍കിയത് ആദ്യ അനുഭവം ആണ്. 30000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വാണിഭപ്പന്തല്‍ ഉയര്‍ന്നു കഴിഞ്ഞു.

തിരുനാള്‍ കാലയളവുകളില്‍ പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുകയും മികവ് പുലര്‍ത്തുകയും ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ളതായി തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ബില്‍ബി മാത്യം, ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി സെക്രട്ടറി ഡോ. ജോണ്‍സണ്‍ വാലയില്‍ ഇടിക്കുള എന്നിവര്‍ അറിയിച്ചു.