ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കഠിന ചൂടിനെ തുടർന്ന് യു കെയിൽ ബീച്ചുകളെയും, നദികളെയും, തടാകങ്ങളെയും ആശ്രയിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു വരുന്നു. എന്നാൽ ഇത് നിരവധി അപകടങ്ങളിലേക്കും നയിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച മാത്രമായി ഏകദേശം എട്ടു പേരാണ് വിവിധ സ്ഥലങ്ങളിലായി മുങ്ങിമരിച്ചത്. ഇതിൽ 16 വയസ്സുള്ള മുഹമ്മദ് അബ്ദുൽ ഹമീദ് , 19 വയസ്സുള്ള നഗപീ മേരെങ്ക എന്നീ കുട്ടികളും ഉൾപ്പെടുന്നു. ഇതോടൊപ്പം തന്നെ മാഞ്ചെസ്റ്റർ, ഓക്സ്ഫോർഡ്ഷെയർ, യോർക്ക് ഷെയർ, കമ്ബ്രിയ എന്നിവിടങ്ങളിലും ആളുകൾ മരണപ്പെട്ടതായി റിപ്പോർട്ട് ഉണ്ട്. വെള്ളത്തിൽ ഇറങ്ങുമ്പോൾ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് റോയൽ ലൈഫ് സേവിങ് സൊസൈറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


ശനി, ഞായർ ദിവസങ്ങളിൽ യു കെയിലെ ഭൂരിഭാഗം ജലാശയങ്ങളിലും ജനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു. ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ ദിവസങ്ങളായിരുന്നു ഇത്. വെള്ളത്തിലിറങ്ങി കാണാതായ നിരവധിപേരെ കുറിച്ചുള്ള അന്വേഷണങ്ങൾ നടക്കുന്നുണ്ട്. മറ്റൊരാളുടെ മൃതദേഹം ഷെഫീൽഡിലെ ക്രൂക്സ് വാലി പാർക്കിൽ നിന്നും ഞായറാഴ്ച വൈകുന്നേരം രക്ഷാപ്രവർത്തകർ കണ്ടെത്തി. ഇത്തരത്തിൽ നിരവധി പേരാണ് കഴിഞ്ഞ ആഴ്ച മാത്രമായി അപകടത്തിൽപ്പെട്ടത്. ഇതോടൊപ്പം തന്നെ തെംസ് നദിയിൽ നിന്നും ഒരു പെൺകുട്ടിയുടെ മൃതദേഹം ലഭിച്ചതായി പോലീസ് അധികൃതർ വ്യക്തമാക്കി. അപകടങ്ങൾ ഒഴിവാക്കുന്നതിനായി ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന നിർദേശം എല്ലാ വിഭാഗങ്ങളും നൽകിയിട്ടുണ്ട്.