എട്ടാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവം നവംബർ 27 ന് ക്രോയിഡോണിൽ. ശുദ്ധ സംഗീതത്തിന്റെ നിലക്കാത്ത ഗാന പ്രപഞ്ചം സൃഷ്ടിക്കുന്ന ശരത് കാല രാത്രി വരവായി. ഭാരതീയ സംഗീത പാരമ്പര്യത്തിൻറെ അനശ്വര പ്രകാശമായിരുന്നു ചെമ്പൈ വൈദ്യനാഥ ഭാഗവതർ. അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി ഗുരുവായൂർ ഏകാദശിയോട് അനുബന്ധിച്ച് ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവം വർഷം തോറും നടത്തിവരുന്നു.

ഗുരുവായൂർ ഏകാദശി ആഘോഷങ്ങളുടെ ഭാഗമായി ലണ്ടൻ ഹിന്ദു ഐക്യവേദി കഴിഞ്ഞ ഏതാനും വർഷങ്ങളായി ലണ്ടൻ ചെമ്പൈ സംഗീതോത്സവം നടത്തി വരുന്നുണ്ട്. എട്ടാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവം (8th London Chembai Music Festival) ഇക്കൊല്ലം നവംബർ 27ന് വൈകിട്ട് 5:00 മുതൽ വിവിധ പരിപാടികളോടെ ക്രോയിഡോണിൽ ആഘോഷിക്കുന്നതാണ്. അനവധി കലാകാരൻമാർ നടത്തുന്ന സംഗീതാർച്ചന (സംഗീതോത്സവം), ദീപാരാധന, അന്നദാനം എന്നിവയടക്കം വിപുലമായ രീതിയിൽ ആഘോഷിക്കുവാനുള്ള ഒരുക്കങ്ങൾ ഭാരവാഹികൾ പൂർത്തിയായിരിക്കുന്നു.

നൂറുകണക്കിന് കലാകാരന്മാരും ആയിരക്കണക്കിന് ആസ്വാദകരും പങ്കെടുത്ത മുൻവർഷത്തെ സംഗീതോത്സവങ്ങളെ കണക്കിലെടുത്തു കോവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടേണ്ടതിനാൽ പ്രതിമാസ സത്‌സംഗ വേദിയിൽ (West Thornton Community Centre) തന്നെ ഈ വർഷത്തെ സംഗീതോത്സവം സംഘടിപ്പിക്കുവാൻ ലണ്ടൻ ഹിന്ദു ഐക്യവേദി തീരുമാനിച്ചിരിക്കുന്നു.

ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രേക്ഷകമനസ്സു കീഴടക്കിയ പ്രശസ്ത ഗായിക Dr. വാണി ജയറാമിന്റെ സംഗീത കച്ചേരി, ശ്രീമതി മാളവിക അനിൽകുമാറിന്റെ സ്വര – സിദ്ധി വികാസ് ആർട്സ് അക്കാദമിയിലെ വിദ്യാർത്ഥികളുടെ സംഗീതാർച്ചന, ശ്രുതിമനോലയ മ്യൂസിക് സ്കൂൾ അവതരിപ്പിക്കുന്ന വയലിൻ കച്ചേരി തുടങ്ങി യുകെയുടെ പല ഭാഗത്തു നിന്നുള്ള പ്രതിഭകൾ സംഗീതോത്സവത്തിൽ സ്വരാഞ്ജലി അർപ്പിക്കും. പ്രശസ്ത മൃദംഗ വിദ്വാൻ ബാംഗ്ലൂർ പ്രതാപ്, വയലിൻ വിദ്വാൻ രതീഷ് കുമാർ മനോഹരൻ എന്നിവരുടെ അകമ്പടി സംഗീതോത്സവത്തിന് മാറ്റേകും.

ലണ്ടൻ ഹിന്ദു ഐക്യവേദിയിലെ കുട്ടികളുടെ സംഗീതാർച്ചനയോടെ ആരംഭിക്കുന്ന സംഗീതോത്സവം ത്യാഗരാജ പഞ്ചരത്ന കീർത്തനാലാപനത്തോടെ അവസാനിക്കും. സംഗീതാർച്ചനക്ക് ശേഷം മുരളി അയ്യരുടെ മുഖ്യ കാർമ്മികത്വത്തിൽ ദീപാരാധനയും തുടർന്ന് അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.ഗുരു-ഗോവിന്ദ ഭക്തിയുടെ നിറവിൽ ഗുരുപവനപുരിയെ അനുസ്മരിപ്പിക്കും വിധം ലണ്ടനിൽ അരങ്ങേറുന്ന സംഗീതോത്സവത്തെ, പതിവുപോലെ അനുഗ്രഹീത പിന്നണി ഗായകൻ രാജേഷ് രാമന്റെ നേതൃത്വത്തിൽ, വിജയകരമായി എട്ടാം വർഷവും കോവിഡ് നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെ വിപുലമായും തികച്ചും സൗജന്യമായും അണിയിച്ചൊരുക്കുവാനുള്ള ഒരുക്കങ്ങളിലാണ് ലണ്ടൻ ഹിന്ദു ഐക്യവേദി.

എട്ടാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവത്തിന്റെ ഭാഗമായി മഹത്തായ നമ്മുടെ കർണാടക സംഗീത പാരമ്പര്യം ലണ്ടനിൽ ആഘോഷിക്കപ്പെടുന്നതിൽ നമുക്കെല്ലാവർക്കും അഭിമാനം കൊള്ളാം. ജാതിമത പ്രായഭേദമന്യേ എല്ലാവരും ഒന്നിച്ചു സംഗീതാർച്ചന ചെയ്യുന്ന ഈ സുന്ദര സായാഹ്നത്തിൽ നിറഞ്ഞ മനസ്സോടെ പിന്തുണയുമായി പങ്കുചേര്‍ന്നു പരിപാടികൾ വിജയകരമാക്കാൻ നിങ്ങളുടെ ഏവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

ശ്രീ ഗുരുവായൂരപ്പന്റെ ചൈതന്യം നിറഞ്ഞു നിൽക്കുന്ന ഈ ധന്യ മുഹൂർത്തത്തിന് സാക്ഷിയാകുവാൻ എല്ലാ യു. കെ. മലയാളികളെയും, സംഗീതാസ്വാദകരേയും, സഹൃദയരായ കലോപാസകരേയും ലണ്ടൻ ഹിന്ദു ഐക്യവേദി ഭഗവത് നാമത്തിൽ ഈ ഭക്തി നിർഭരമായ സംഗീതോത്സവ വേദിയിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി സംഘാടകരുമായി ബന്ധപ്പെടുക -രാജേഷ് രാമൻ: 07874002934, സുരേഷ് ബാബു: 07828137478, സുഭാഷ് സർക്കാര : 07519135993, ജയകുമാർ: 07515918523, ഗീത ഹരി: 07789776536, ഡയാന അനിൽകുമാർ: 034015 0360

Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU
Email: [email protected]
Facebook: https://www.facebook.com/londonhinduaikyavedi.org
London Hindu Aikyavedi is working towards the fulfilment of our mission of building a Sree Guruvayoorappan Temple in the United Kingdom.