ചെന്നൈ/കൊൽക്കത്ത: തമിഴ്‌നാടും പശ്ചിമബംഗാളും ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പിനായി പോളിങ് ബൂത്തിലേക്ക് കടക്കുന്നു. തമിഴ്നാട്ടിലെ മുഴുവൻ 234 മണ്ഡലങ്ങളിലേക്കും ഒരേ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുമ്പോൾ, പശ്ചിമബംഗാളിൽ ഇന്ന് 152 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ്. ബംഗാളിൽ 294 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഒന്നാംഘട്ടത്തിന് മുന്നോടിയായി സുപ്രീംകോടതി നിർദേശപ്രകാരം രൂപീകരിച്ച 19 ട്രിബ്യൂണലുകൾ അംഗീകരിച്ച പേരുകൾ ഉൾപ്പെടുത്തിയ പുതുക്കിയ വോട്ടർപട്ടിക തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കി.
തമിഴ്നാട്ടിൽ 38 ദിവസം നീണ്ട ശക്തമായ പ്രചാരണത്തിനൊടുവിലാണ് ഇന്ന് വിധിയെഴുത്ത്. 4,023 സ്ഥാനാർഥികളുടെ ഭാവി നിർണയിക്കാൻ 5.73 കോടി വോട്ടർമാർ പോളിങ് ബൂത്തിലേക്ക് എത്തും. ഡി.എം.കെ. മുന്നണിയും അണ്ണാ ഡി.എം.കെ.-ബി.ജെ.പി. സഖ്യവും തമ്മിലാണ് പ്രധാന പോരാട്ടമെങ്കിലും, ആദ്യമായി രംഗത്തിറങ്ങുന്ന ടി.വി.കെ.യുടെ സാന്നിധ്യം പല മണ്ഡലങ്ങളിലും ത്രികോണ മത്സരത്തിന് വഴിയൊരുക്കിയിട്ടുണ്ട്. ഭരണത്തുടർച്ച പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വ്യക്തമാക്കിയപ്പോൾ, കുടുംബവാഴ്ച അവസാനിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി.
ഡി.എം.കെ. 164 സീറ്റുകളിൽ മത്സരിക്കുമ്പോൾ കോൺഗ്രസ്, സി.പി.എം., സി.പി.ഐ. ഉൾപ്പെടെയുള്ള സഖ്യകക്ഷികളും രംഗത്തുണ്ട്. മറുവശത്ത്, അണ്ണാ ഡി.എം.കെ. നേതൃത്വം നൽകുന്ന എൻ.ഡി.എ. സഖ്യം ബി.ജെ.പി. അടക്കമുള്ള കക്ഷികളുമായി മത്സരിക്കുന്നു. ടി.വി.കെ. നേതാവ് വിജയ് ഉൾപ്പെടെ പ്രമുഖ നേതാക്കൾ വിവിധ മണ്ഡലങ്ങളിൽ ജനവിധി തേടുമ്പോൾ, നാം തമിഴർ കക്ഷി, ഡി.എം.ഡി.കെ., പി.എം.കെ. തുടങ്ങിയ പാർട്ടികളും ശക്തമായി രംഗത്തുണ്ട്. നിരവധി പ്രമുഖ നേതാക്കളുടെ പോരാട്ടം ഈ തിരഞ്ഞെടുപ്പിനെ ഏറെ ശ്രദ്ധേയമാക്കുന്നു.











Leave a Reply