ലണ്ടൻ: ബ്രിട്ടണിലെ ‘’ഹെൽത്ത് സർവീസ് ജേർണ’’ലിന്റെ ഈവർഷത്തെ പാർട്ണർഷിപ്പ് അവാർഡ് ജേതാക്കളുടെ പട്ടികയിൽ ഇടംപിടിച്ച് മാഞ്ചസ്റ്റർ കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാളി സ്ഥാപനവും. നഴ്സിംങ് റിക്രൂട്ട്മെന്റ് രംഗത്ത് രണ്ടു പതിറ്റാണ്ടോളമായി സജീവമായി പ്രവർത്തിക്കുന്ന ഏലൂർ കൺസൾട്ടൻസി സർവീസിനാണ് ഈ അപൂർവ നേട്ടം കൈവരിക്കാനായത്. നഴ്സിംങ് ജോബ്സ് യുകെ, ഏലൂർ കൺസൾട്ടൻസി എന്നീ സഹോദര സ്ഥാപനങ്ങളിലൂടെ ആറായിരത്തിൽപരം പ്രഫഷണൽ നേഴ്സുമാരെയും വിവിധ യൂണിവേഴ്സിറ്റികളിലേക്കായി നൂറുകണക്കിന് വിദ്യാർഥികളെയുമാണ് ഇവർ യുകെയിൽ എത്തിച്ചത്.

ബ്രിട്ടീഷ് നാഷണൽ ഹെൽത്ത് സർവീസിന്റെ പോളിസി ആൻഡ് മാനേജ്മെന്റ് രംഗത്തെ മാറ്റങ്ങളും വിശേഷങ്ങളും വിശദമായി കവർചെയ്യുന്ന ന്യൂസ് ജേർണലാണ് ഹെൽത്ത് സർവീസ് ജേർണൽ. ആരോഗ്യ പരിപാലന രംഗത്ത് എൻ.എച്ച്.എസിനെ സഹായിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളെയും ഏജൻസികളെയും സർവീസ് സെക്ടറുകളെയുമാണ് ഹെൽത്ത് സർവീസ് ജേർണൽ ഓരോവർഷവും പാർട്ണർഷിപ്പ് അവാർഡ് നൽകി ആദരിക്കുന്നത്.

മാർച്ച് 24ന് ലണ്ടനിലെ പാർക്ക് പ്ലാസയിൽ നടന്ന ചടങ്ങിൽ ഏലൂർ കണസൾട്ടൻസി മാനേജിംങ് ഡയറക്ടർ മാത്യു ജെയിംസ് ആദരം ഏറ്റുവാങ്ങി. ‘’സ്റ്റാഫിംങ് സൊല്യൂഷൻസ് ഓഫ് ദ ഇയർ അവാർഡിന്റെ’’ ചുരുക്കപ്പട്ടികയിൽ ഇടം നേടാനായതിൽ അഭിമാനിക്കുന്നുവെന്ന് മാത്യു ജെയിംസ് പറഞ്ഞു. തങ്ങളിൽ വിശ്വാസം അർപ്പിച്ച നഴ്സുമാർക്കും ആത്മാർഥതയോടെ പ്രവർത്തിച്ച് അവരെ എൻ.എച്ച്.എസ്. ആശുപത്രികളുടെ ഭാഗമാക്കാൻ സഹായിച്ച സ്റ്റാഫംഗങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു. 2002ൽ പ്രവർത്തനം ആരംഭിച്ച ഏലൂർ കൺസൾട്ടൻസി മുപ്പതിലധികം എൻ.എച്ച്.എസ് ട്രസ്റ്റിലേക്കും, സ്വകാര്യ ആശുപത്രികളിലേക്കും നിരവധി നേഴ്സിംങ് ഹോമുകളിലേക്കുമായി ആറായിരത്തിലധികം നഴ്സുമാരെയാണ് ഇതുവരെ ബ്രിട്ടണിൽ എത്തിച്ചത്. ഇതിൽ മഹാഭൂരിപക്ഷം പേരും കേരളത്തിൽ നിന്നുള്ളവരാണ്.