ബെംഗളൂരു ∙ ഐടി കമ്പനിയായ ടിസിഎസിലെ പുതിയ ശമ്പള ഘടന ജീവനക്കാരിൽ ആശങ്ക ഉയർത്തുന്നു. 2026 ഏപ്രിൽ മാസ ശമ്പളത്തിൽ പലർക്കും പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞ വേരിയബിൾ പേ ലഭിച്ചെന്നാണ് റിപ്പോർട്ടുകൾ. ചില ജീവനക്കാർക്ക് ലഭിക്കേണ്ട തുകയുടെ പകുതിയോളം മാത്രമാണ് ലഭിച്ചതെന്ന പരാതിയും ഉയരുന്നുണ്ട്. വർക്ക്ഫ്രം ഓഫിസ് നയം കർശനമാക്കിയതിന് പിന്നാലെ ഓഫിസ് ഹാജർ അടിസ്ഥാനമാക്കിയുള്ള പുതിയ പേ സംവിധാനം ജീവനക്കാരെ ബാധിക്കുകയാണെന്നാണ് വിലയിരുത്തൽ.
2025-26 സാമ്പത്തിക വർഷത്തിലെ ജനുവരി–മാർച്ച് പാദത്തേക്കുള്ള ക്വാർട്ടർ വേരിയബിൾ അലവൻസ് വിതരണം ചെയ്തപ്പോൾ പലർക്കും 60 മുതൽ 80 ശതമാനം വരെ മാത്രമാണ് പേ ഔട്ട് ലഭിച്ചത്. പുതിയ നയപ്രകാരം 85 ശതമാനത്തിലധികം ഓഫിസ് ഹാജർ ഉള്ളവർക്ക് പൂർണ വേരിയബിൾ പേ ലഭിക്കും. 75 മുതൽ 85 ശതമാനം വരെ ഹാജർ ഉള്ളവർക്ക് ഏകദേശം 75 ശതമാനവും 60 മുതൽ 75 ശതമാനം വരെ ഹാജർ ഉള്ളവർക്ക് 50 ശതമാനവും മാത്രമാണ് അനുവദിക്കുക. 60 ശതമാനത്തിന് താഴെ ഹാജർ ഉള്ളവർക്ക് ബോണസ് ലഭിക്കില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ആവശ്യമായ ഹാജർ ഉണ്ടായിട്ടും മുഴുവൻ വേരിയബിൾ പേ ലഭിച്ചില്ലെന്ന് ചില ജീവനക്കാർ ആരോപിക്കുന്നു. ബിസിനസ് യൂണിറ്റുകളുടെ പ്രകടനവും പേ ഔട്ടിനെ ബാധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിനിടെ ടിസിഎസ് നടപ്പാക്കിയ വാർഷിക ശമ്പള വർധനയും ചർച്ചയാകുകയാണ്. ശരാശരി അഞ്ച് ശതമാനം ഇൻക്രിമെന്റ് നൽകിയെങ്കിലും പുതിയ സിടിസി ഘടനയിൽ ചിലരുടെ മാസശമ്പളത്തിൽ കുറവ് വന്നതായും റിപ്പോർട്ടുകളുണ്ട്. ഉയർന്ന പെർഫോമൻസ് റേറ്റിംഗ് നേടിയവർക്ക് 9 മുതൽ 13 ശതമാനം വരെ വർധന ലഭിച്ചപ്പോൾ മറ്റുചിലർക്കു വളരെ കുറഞ്ഞ വർധന മാത്രമാണ് ലഭിച്ചത്.











Leave a Reply