ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഇപിസി ലക്ഷ്യങ്ങൾ സ്വകാര്യ വാടക മേഖലയ്ക്ക് വിനാശകരമാകുമെന്ന് ലെറ്റിംഗ്സ് ഏജൻസി മേധാവി. ഏജൻസി ഗ്രൂപ്പായ മൈ പ്രോപ്പർട്ടി ബോക്‌സിന്റെ മാനേജിംഗ് ഡയറക്‌ടർ ബെൻ ക്വയിൻട്രലാണ് പ്രസ്താവന നടത്തിയത്. വാടകയ്ക്കെടുത്ത വീടുകളിൽ ഊർജ നിരക്കിന്റെ കാര്യത്തിൽ പ്രാവർത്തികമായ നിരക്ക് നടപ്പിലാക്കണമെന്ന് അദ്ദേഹം ഭവന സെക്രട്ടറി മൈക്കൽ ഗോവിനോട് അഭ്യർത്ഥിച്ചു. നിലവിലുള്ള എനർജി പെർഫോമൻസ് സർട്ടിഫിക്കറ്റിന്റെ പരിമിതികൾ, മെച്ചപ്പെട്ട റേറ്റിംഗുകൾ പാലിക്കാൻ ഭൂവുടമകളെ നിർബന്ധിക്കുന്ന സർക്കാർ നടപടികളും കൂടിച്ചേർന്ന് 2028 ഓടെ കാര്യക്ഷമമായ മാറ്റം ഉണ്ടാകുമെന്നാണ് വിദഗ്ധർ പറയുന്നത്.

2028-ഓടെ നിലവിലെ EPC ബാൻഡിൽ നിന്ന് E മുതൽ C വരെ നിലവാരം മെച്ചപ്പെടുത്താൻ നടപടികൾ കൃത്യമായി സ്വീകരിച്ചു വരികയാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. വിമർശകർ ഇതിനെ ശിക്ഷാർഹമാണെന്ന് വിശേഷിപ്പിക്കുകയും ഭൂവുടമകൾക്ക് വലിയ ബില്ലുകളോ £30,000 വരെ പിഴയോ നേരിടേണ്ടിവരുമെന്നും അവർ അനുസരിക്കുന്നതിൽ പരാജയപ്പെട്ടാൽ വസ്തുവകകൾ വാടകയ്‌ക്ക് നൽകുന്നത് നിരോധിക്കുമെന്നും വാദിക്കുന്നു. ഊർജകാര്യക്ഷമത കൂട്ടാനുള്ള നടപടികൾക്കായി ഭൂവുടമയുടെ ഏറ്റവും കുറഞ്ഞ ചെലവ് പരിധി 3,500 പൗണ്ടിൽ നിന്ന് 10,000 പൗണ്ടായി ഉയർത്താൻ സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുണ്ട്.

അതേസമയം, വാടക ഇതിനകം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു സമയത്ത് ചുവപ്പുനാടയും ചെലവും അനിശ്ചിതത്വവും കൂടുതൽ ഭൂവുടമകളെ വാടക മേഖലയിൽ നിന്ന് പുറത്താക്കുമെന്ന് ക്വയിൻട്രെൽ പറയുന്നു. ഗ്രീൻ ഹോംസ് ഗ്രാന്റ് പോലെയുള്ള മുൻ സംരംഭങ്ങളിൽ പലതും പരാജയപ്പെട്ടപ്പോൾ, രാജ്യത്തെ പഴക്കം ചെന്ന ഭവനങ്ങളുടെ ഊർജ്ജ സ്റ്റോക്കിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള ഉത്തരവാദിത്തം ഭൂവുടമകളിൽ സർക്കാർ ചുമത്തരുതെന്നും അദ്ദേഹം കൂട്ടി ചേർത്തു.