കൊച്ചി ∙ സംസ്ഥാനത്ത് ഏറ്റവും മികച്ച ആരോഗ്യ, ചികിത്സാ സംവിധാനങ്ങളുള്ള ജില്ലയാണ് എറണാകുളം. സർക്കാർ സംവിധാനങ്ങൾക്കു പുറമേ സ്വകാര്യ മേഖലയിൽ വളരെയേറെ മൾട്ടി സ്പെഷ്യൽറ്റി ആശുപത്രികളുള്ള ജില്ല. കോവി‍ഡ് ഒന്നാം തരംഗ കാലം മുതൽ വൈറസ് വ്യാപനം നിയന്ത്രിക്കാനുള്ള വിപുലമായ പദ്ധതികൾ ആവിഷ്കരിച്ചതാണെങ്കിലും ഇപ്പോൾ കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം അനുദിനം കുതിച്ചുയരുകയാണ് എറണാകുളത്ത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ കോവിഡ് പോസിറ്റീവായതും ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളതും എറണാകുളത്തു തന്നെ.

ജനസംഖ്യാനുപാതികമായി പരിശോധിച്ചാൽ രാജ്യത്തുതന്നെ വൈറസ് വ്യാപനം ഏറ്റവും രൂക്ഷമായ ജില്ലയാണ് എറണാകുളം. 35 ലക്ഷം ജനസംഖ്യയുള്ള ജില്ലയിൽ 1.65 ലക്ഷം പേർക്ക് ഇതിനോടകം കോവിഡ് ബാധിച്ചു കഴിഞ്ഞു. അതായത് 21ൽ ഒരാൾ വീതം ജില്ലയിൽ ഇതിനകം കോവിഡ് പോസിറ്റീവായിക്കഴിഞ്ഞു. പ്രതിദിനം പത്തു ലക്ഷത്തിൽ 1300 പേർക്ക് എന്ന തോതിലാണ് ഇപ്പോൾ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. രാജ്യത്തെ മറ്റു നഗരങ്ങളെ അപേക്ഷിച്ച് ഇത് ഏറെ ഉയർന്ന നിലയിലാണ്. കോവിഡ് വ്യാപനം രൂക്ഷമായ ഡൽഹി, മുംബൈ എന്നീ നഗരങ്ങളിൽ പോലും ജനസംഖ്യാനുപാതികമായി പരിശോധിച്ചാൽ എറണാകുളത്തേക്കാൾ കുറഞ്ഞ തോതിലാണു രോഗ വ്യാപനമെന്ന് ആരോഗ്യ വിദഗ്ധൻ ഡോ. പത്മനാഭ ഷെണോയ് പറഞ്ഞു.

വൈറസ് പകരാനുള്ള സാധ്യത കൂടുതലുള്ളവരെ കേന്ദ്രീകരിച്ചു കൂട്ട പരിശോധന നടത്തുന്നതു കൊണ്ടാണ് എറണാകുളം ജില്ലയിലെ കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയർന്നു നിൽക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. പരിശോധനയുടെ എണ്ണം കൂടുമ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ‌) കുറയുകയാണു വേണ്ടത്. പരിശോധനകളുടെ എണ്ണം വർധിക്കുന്നതിനൊപ്പം ടിപിആറും വർധിക്കുന്നുവെങ്കിൽ സമൂഹത്തിലെ രോഗവ്യാപനം അത്രത്തോളം രൂക്ഷമാണെന്നു തന്നെയാണു വ്യക്തമാകുന്നത്.

ജില്ലയിലെ ചില മേഖലകളിൽ രോഗവ്യാപന തോത് 48% വരെ ഉയർന്നു. കീഴ്മാട് പഞ്ചായത്തിലാണു ടിപിആർ 48% എത്തിയത്. അതായത് 100 പരിശോധനകൾ നടത്തുമ്പോൾ 48 പേർ പോസിറ്റീവാകുന്നു. എന്നാൽ തുടർച്ചയായ പരിശോധനയിലൂടെ ഇവിടെ ടിപിആർ 20 ശതമാനമായി കുറഞ്ഞു. ചിറ്റാറ്റുകരയിൽ 30% ടിപിആർ ആയിരുന്നത് 17 ശതമാനമായും കളമശേരിയിലേത് 33 ശതമാനത്തിൽ നിന്ന് 12% ആയും കുറഞ്ഞിട്ടുണ്ട്. ടിപിആർ ഉയർന്നു നിൽക്കുന്ന സ്ഥലങ്ങളിൽ അടുത്തയാഴ്ചയോടെ രോഗവ്യാപന തോത് കുറയുമെന്നു കലക്ടർ എസ്.സുഹാസ് പറഞ്ഞു.

കൊറോണ വൈറസിനെതിരെയുള്ള നമ്മുടെ ജാഗ്രതയിൽ ഇടക്കാലത്തു വീഴ്ചയുണ്ടായിട്ടുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം ഇടക്കാലത്തു കുറഞ്ഞപ്പോൾ സ്വാഭാവികമായും ഇനിയൊരു തരംഗം ഇവിടെയുണ്ടാകില്ലെന്നുള്ള തെറ്റായ ധാരണയും ജനങ്ങൾക്കുണ്ടായി. കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം വർധിക്കാൻ 2 കാരണങ്ങളുണ്ടാകാമെന്നു ഡോ. പത്മനാഭ ഷെണോയ് പറയുന്നു.

1. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നമ്മുടെ ജാഗ്രതയിൽ വലിയ കുറവുണ്ടായി. ഇതു വൈറസ് വ്യാപനത്തിനു സഹായിച്ചു.

2. ജനിതക വ്യതിയാനം സംഭവിച്ച വൈറസ് വേരിയന്റ് കൂടുതൽ പേരിലേക്കു രോഗമെത്തിക്കാനുള്ള സാധ്യതയുണ്ട്. ഒരേ സമയം കൂടുതൽ പേരിലേക്കു വൈറസ് വ്യാപിക്കാനിടയാക്കിയ സാഹചര്യം ഇത്തരമൊരു ശക്തമായ വേരിയന്റിന്റെ സാന്നിധ്യത്തിലേക്കു തന്നെയാണു വിരൽ ചൂണ്ടുന്നത്. ഇതു സംബന്ധിച്ചുള്ള പഠനങ്ങൾ ഇപ്പോഴും നടക്കുന്നതേയുള്ളൂ.

കോവിഡിനെ പ്രതിരോധിക്കാനുള്ള അടിസ്ഥാന മാർഗങ്ങൾ തുടരുന്നതിനൊപ്പം ചികിത്സാ രംഗത്തും ശക്തമായ ഇടപെടൽ നടത്തേണ്ട സമയമാണിത്. രോഗികളുടെ എണ്ണം ഇനിയും ഉയർന്നാൽ ജില്ലയിൽ ചികിത്സയ്ക്ക് കിടക്കകൾ ലഭിക്കാത്ത സാഹചര്യമുണ്ടാകും. ഇപ്പോൾ തന്നെ ഐസിയു കിടക്കകൾ മതിയായ തോതിൽ ലഭ്യമാകാത്ത സാഹചര്യമുണ്ട്. രോഗികളുടെ എണ്ണം ഇനിയും ഉയരാമെന്നതു മനസ്സിലാക്കി കൂടുതൽ ഐസിയു, ഓക്സിജൻ സൗകര്യമുള്ള കിടക്കകൾ അടിയന്തരമായി തയാറാക്കണം.

സർക്കാർ മേഖലയിൽ 9 ആശുപത്രികളിലായി 639 കിടക്കകൾ മാത്രമാണു ചികിത്സയ്ക്കു ലഭ്യമായിട്ടുള്ളത്. ഇതിൽ 416 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗ തീവ്രതയുള്ളവരെ ചികിത്സിക്കാനായി വിവിധ ആശുപത്രികളിലായി 223 കിടക്കകളാണു ലഭ്യമായിട്ടുള്ളത്. രോഗ തീവ്രതയുള്ളവരുടെ എണ്ണം ഉയർന്നാൽ ഈ കിടക്കകൾ തികയാതെ വരും.

English Summary: High Surge in Covid Cases: Ernakulam is Top District in Coronavirus Spread in India