ജർമ്മനിയിലും ബെൽജിയത്തിലുമുണ്ടായ മിന്നൽ പ്രണയത്തിന് കാരണം കാലാവസ്ഥാ വ്യതിയാനമാണെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ യുകെയിലും മുന്നറിയിപ്പ്. ഈ വാരാന്ത്യത്തിൽ അത്യുഷ്ണമാണെന്നാണ് കാലാവസ്ഥാ വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നത്.

ജനങ്ങളോട് തണുപ്പുള്ള ഇടങ്ങളിൽ തുടരാനും ചൂടുള്ള കാലാവസ്ഥയിൽ അപകട സാധ്യതയുള്ളവരെ സഹായിക്കാനും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചുകൊണ്ട്, പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് (പിഎച്ച്ഇ) അഭ്യർഥിച്ചു. ഞായർ, തിങ്കൾ ദിവസങ്ങളിൽ താപനില 31 സെന്റിഗ്രേഡ് വരെ ഉയരും. ലെവൽ രണ്ട് – തീവ്ര താപനില ജാഗ്രത മുന്നറിയിപ്പ് ഇംഗ്ലണ്ടിലെ ഭൂരിഭാഗ൦ പ്രദേശങ്ങളെയും ഉൾക്കൊള്ളുന്നുവെന്നും ചൊവ്വാഴ്ച വരെ പ്രാബല്യത്തിൽ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

“യുകെയുടെ മിക്ക ഭാഗങ്ങളിലും താപനില ഉയരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, വാരാന്ത്യത്തിൽ ഇംഗ്ലണ്ടിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഉഷ്‌ണതരംഗം ഉയർന്നു തന്നെ നിൽക്കും,“ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മേധാവി വിൽ ലാംഗ് പറഞ്ഞു:

“ഉയർന്ന താപനില ചൊവ്വാഴ്ച വരെ ഏറ്റക്കുറിച്ചിലില്ലാതെ തുടരും. ചൊവ്വാഴ്ച ഉരുത്തിരിയുന്ന കാലാവസ്ഥാ മാറ്റങ്ങൾ ഉഷ്ണതരംഗത്തിന്റെ തോത് കുറയ്ക്കും”, പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ ശാസ്ത്രീയ സാങ്കേതിക വിഭാഗം തലവനായ ഡോ. ഓവൻ ലാൻ‌ഡെഗ് പറഞ്ഞു.

“വല്ലപ്പോഴും കിട്ടുന്ന ചൂട് കാലാവസ്ഥ പലരും ആസ്വദിക്കുകയാണ് പതിവ്. ആയതിനാൽ, ചൂടിനെ പ്രതിരോധിക്കാനുള്ള ഉപദേശങ്ങളിൽ ഭൂരിഭാഗവും സാമാന്യബുദ്ധിയുള്ളവർക്ക് ഉൾക്കൊള്ളാവുന്നതേയുള്ളു. എന്നിരുന്നാലും, പ്രായമായവർ, ആരോഗ്യ സ്ഥിതി മോശാമായവർ, കൊച്ചുകുട്ടികൾ തുടങ്ങിയവർക്ക് വേനൽക്കാലത്തെ കടുത്ത ചൂട് യഥാർത്ഥ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. അതുകൊണ്ട് അപകട സാധ്യതയുള്ളവരെ പ്രത്യേകം ശ്രദ്ധിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു,“ ലാൻഡെഗ് വ്യക്തമാക്കി.

ജനൽ കർട്ടനുകൾ താഴ്ത്തി വീടുകൾ തണുപ്പിക്കുക, ധാരാളം ദ്രാവകങ്ങൾ കുടിക്കുക, സൂര്യ പ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികൾ ശക്തമാകുന്ന സമയമായ രാവിലെ 11 മണിക്കും ഉച്ചക്ക് 3 മണിക്കും ഇടയിൽ വെയിലിൽനിന്നും നിന്നും ഒഴിഞ്ഞു നിൽക്കുക എന്നിങ്ങനെയുള്ള നിർദേശങ്ങൾ സൂര്യാഘാതം ഇല്ലാതാക്കാനായി പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് നൽകിയിട്ടുണ്ട്.

അടഞ്ഞു കിടക്കുന്നതോ, പാർക്ക് ചെയ്തിരിക്കുന്നതോ ആയ വാഹനത്തിൽ, ശിശുക്കളെയോ, കുട്ടികളെയോ, മൃഗങ്ങളെയോ ഒറ്റക്കിരുത്തി പോകരുതെന്നും മുന്നറിയിപ്പിൽ പ്രത്യേകം ഓർമിപ്പിക്കുന്നുണ്ട്.

രണ്ട് മാസത്തില്‍ പെയ്യേണ്ട മഴയാണ് പടിഞ്ഞാറന്‍ യൂറോപ്പിലെ ചില ഭാഗങ്ങളില്‍, പ്രത്യേകിച്ച് ജര്‍മ്മനി, ബെല്‍ജിയം, നെതര്‍ലൻഡ്‍സ്‍ രാജ്യങ്ങളില്‍ ജൂലൈ 14, 15 തീയതികളില്‍ ലഭിച്ചത്. കനത്ത മഴയെ തുടര്‍ന്ന് നദികള്‍ കരകവിഞ്ഞ് ഒഴുകി. അണക്കെട്ടുകള്‍ തുറന്നുവിടേണ്ടി വന്നു. ഇതെല്ലാം പ്രളയത്തിന് വഴിയൊരുക്കി.

പ്രളയബാധിത പ്രദേശങ്ങളായ ജര്‍മ്മനി, ബെല്‍ജിയം എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച മാത്രം ആയിരത്തിലധികം പേരെ കാണാതായിട്ടുണ്ടെന്നും 100 ലധികം ആളുകള്‍ മരിച്ചതായും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മണ്ണിടിച്ചലും നിരവധി പേരുടെ ജീവന്‍ കവര്‍ന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയ സംസ്ഥാനത്ത് രണ്ടു അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ക്കും ജീവന്‍ നഷ്ടമായി.

  കബഡി പരിശീലനത്തിൻെറ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച അച്ഛനും മകനും അറസ്റ്റിൽ . പ്രതികൾക്കെതിരെ ബലാത്സംഗക്കുറ്റവും പോക്സോ വകുപ്പും ചുമത്തി പോലീസ്

കൂടാതെ വീടുകള്‍, കെട്ടിടങ്ങള്‍ നശിക്കുകയും വാഹനങ്ങള്‍ ഒഴുകിപോവുകയും ചെയ്തു. ഈ മേഖലകളില്‍ ഇന്റര്‍നെറ്റ്, ഫോണ്‍ ബന്ധം നിലച്ചു. ഗതാഗതം താറുമാറായി. രണ്ട് ദിവസത്തെ കനത്ത മഴയിലും പ്രളയത്തിലും ഏറ്റവും കൂടുതല്‍ നാശനഷ്ടം ഉണ്ടായിരിക്കുന്നത് ജര്‍മനിയുടെ തെക്കു പടിഞ്ഞാറന്‍ ഭാഗങ്ങളിലാണ്. കരകവിഞ്ഞതിനെ തുടര്‍ന്ന് റൈന്‍ നദിയിലേയും അഹര്‍ നദിയിലേയും ഗതാഗതം നിര്‍ത്തിവെച്ചു. ഈ പ്രദേശങ്ങളിലുള്ള ഒട്ടേറെ വീടുകള്‍ നശിച്ചു. ഗ്രാമങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

ബല്‍ജിയത്തിലെ ലീജിലും സമാനരീതിയില്‍ നാശനഷ്ടമുണ്ടായി. നെതര്‍ലന്‍ഡ്‌സിലും സ്വിറ്റ്‌സര്‍ലന്‍ഡിലും മഴ നിര്‍ത്താതെ പെയ്യുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ജര്‍മ്മന്‍ സൈന്യം 700 സൈനികരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. വരും മണിക്കൂറുകളില്‍ മഴയുടെശക്തി കുറഞ്ഞില്ലെങ്കില്‍ കൂടുതല്‍ ഡാമുകള്‍ തുറക്കേണ്ടിവരുമെന്ന ആശങ്കയിലാണ് അധികൃതര്‍.

പ്രളയത്തില്‍ മരിച്ചവരുടേയും കാണാതായവരുടേയും വീട്ടുകാരെ ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കല്‍ ആശ്വസിപ്പിച്ചു. അപ്രതീക്ഷിത ദുരന്തം തന്നെ ഞെട്ടിപ്പിച്ചെന്നും അവര്‍ പറഞ്ഞു. 200 വര്‍ഷത്തിനിടെ മഴ ഇത്രയും കനത്തില്‍ പെയ്യുന്നത് ആദ്യമായാണെന്ന് പോട്‍സ്‍ഡാം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ഇംപാക്റ്റ് റിസര്‍ച്ചിലെ ശാസ്ത്രജ്ഞനായ ഡയറ്റര്‍ ഗെര്‍ട്ടന്‍ പറഞ്ഞു.

യൂറോപ്പിലുണ്ടായ അപ്രതീക്ഷിത മിന്നല്‍ പ്രളയത്തിന് കാരണം ‘മനുഷ്യനിര്‍മിത കാലാവസ്ഥാ വ്യതിയാനം’ എന്ന് ആഗോള കാലാവസ്ഥാ ഓഫീസ് വ്യക്തമാക്കി. ബെല്‍ജിയം, ജര്‍മ്മി രാജ്യങ്ങളിലെ പ്രളയം മാത്രമല്ല, കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവശ്യയിലുണ്ടായ ഏറ്റവും ഉയര്‍ന്ന താപനില, വിനാശകരമായ കാട്ടുതീ എന്നിവയ്ക്കും മനുഷ്യന്‍ കൈകടത്തില്‍ കാരണമുണ്ടായ കാലവാസ്ഥാ വ്യതിയാനമാണെന്നും ആഗോള കാലാവസ്ഥാ ഓഫീസ് തുറന്നടിച്ചു.

പടിഞ്ഞാറന്‍ യൂറോപ്പില്‍ വിനാശകരമായ വെള്ളപ്പൊക്കത്തിന് കാരണം കനത്ത മഴയാണെന്ന് വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ (ഡബ്ല്യു.എം.ഒ) വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

“ജര്‍മനിയിലും ബെല്‍ജിയത്തിലും നിരവധി ജീവനുകള്‍ പൊലിഞ്ഞു. പക്ഷേ, അതൊന്നും വെള്ളപ്പൊക്കം കൊണ്ട് മാത്രം സംഭവിച്ചതല്ല, സ്‌കാന്‍ഡിനേവിയയുടെ ചില ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന കടുത്തചൂട്, വായുവിന്‍റെ ഗുണനിലവാരത്തെ ബാധിച്ച സൈബീരിയയില്‍ നിന്നുള്ള പുക എന്നിവയും ജീവഹാനിക്ക് കാരണമായി,” ലോകാരോഗ്യ സംഘടനയുടെ ഭാഗമായ ഡബ്ല്യു.എം.ഒ ഉദ്യോഗസ്ഥന്‍ ക്ലെയര്‍ നുള്ളിസ്, ജനീവയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ചൂണ്ടിക്കാട്ടി.

ജൂണ്‍ അവസാനത്തോടെ യുഎസിന്‍റെയും കാനഡയുടെയും ഭാഗങ്ങളില്‍ കണ്ട അതിശയിപ്പിക്കുന്ന കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് പ്രമുഖ കാലാവസ്ഥാ ഗവേഷകര്‍ വിശദമായ സര്‍വ്വേ നടത്തിയതായും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഇത്തരം ദുരന്തങ്ങള്‍ മേഖലയില്‍ ഇനിയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നുമാാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.