ന്യൂസ് ഡെസ്ക്, മലയാളം യുകെ

യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ സ്വതന്ത്രമായി യാത്ര ചെയ്യാൻ അനുവദിക്കുന്ന വിസയാണ് ഷെങ്കൻ വിസ. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കൊപ്പം സ്വിറ്റ്സർലൻഡ് , നോർവേ, ഐസ് ലാൻഡ് തുടങ്ങിയ രാജ്യങ്ങളിലും ഷെങ്കൻ വിസ ഉപയോഗിച്ച് യാത്ര ചെയ്യാം. ഇന്ത്യൻ പൗരന്മാർക്ക് ഷെങ്കൻ വിസ നിയമങ്ങളിൽ ഒട്ടേറെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് യൂറോപ്യൻ യൂണിയൻ. ഇത് ഇന്ത്യൻ പൗരത്വം കാത്തുസൂക്ഷിക്കുന്ന യുകെ പ്രവാസി മലയാളികൾക്ക് വളരെ സഹായകരമാകും. കാരണം ഇപ്പോഴും നാടിനോടുള്ള ഗൃഹാതുരത്വം കാരണം ഒരു കുടുംബത്തിലെ തന്നെ മറ്റുള്ളവർ ബ്രിട്ടീഷ് പൗരത്വം എടുത്താലും ഇന്ത്യൻ പൗരത്വം കാത്തുസൂക്ഷിക്കുന്നവർ യുകെയിൽ ഉണ്ട്. പലപ്പോഴും കുടുംബാംഗങ്ങൾ ഒന്നിച്ച് യാത്ര ചെയ്യുമ്പോൾ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ സന്ദർശിക്കുന്നതിന് യുകെയിലുളള ഇന്ത്യൻ പൗരന്മാർക്ക് കടമ്പകൾ ഏറെയാണ്.


എന്നാൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ നടത്തിയ ചർച്ചകളെ തുടർന്നാണ് പുതിയ ഇളവുകൾ നിലവിൽ വന്നു . ഇതോടെ ഇന്ത്യക്കാർക്ക് 5 വർഷം വരെ കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ഷെങ്കൻ വിസകൾ ആണ് ലഭിക്കുന്നത്. ഇത് സ്ഥിരമായി യൂറോപ്പ് യാത്രകൾ നടത്തുന്ന ഇന്ത്യക്കാർക്ക് സഹായകരമാകും. നേരത്തെ ഷെങ്കൻ വിസകൾ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സങ്കീർണ്ണമായിരുന്നു. കുറഞ്ഞ കാലാവധിയും ഷെങ്കൻ വിസകളുടെ ഒരു പരിമിതിയായിരുന്നു. കൂടുതൽ ദീർഘകാലത്തേയ്ക്ക് വിസ ലഭിക്കുന്നതോടെ ഈ ബുദ്ധിമുട്ടുകൾക്കാണ് അറുതി വന്നിരിക്കുന്നത്.


പുതിയ നയം അനുസരിച്ച് ഇന്ത്യൻ പൗരന്മാർക്ക് ആദ്യമായി രണ്ട് വർഷത്തെ കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ഷെങ്കൻ വിസകളാണ് ലഭിക്കുന്നത്. തുടർന്ന് 5 വർഷത്തേയ്ക്ക് വിസ ലഭിക്കുന്ന സംവിധാനമാണ് നിലവിൽ നടപ്പിലാക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ വിസ രഹിത പ്രവേശനമുള്ള രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ലഭിക്കുന്ന എല്ലാ അവകാശങ്ങളും ഈ വിസയുള്ളവര്‍ക്കും ലഭിക്കും. ഈ വര്‍ഷമെത്തിയ ബള്‍ഗേറിയയും റൊമാനിയയും ഉള്‍പ്പെടെ 29 രാജ്യങ്ങളാണ് ഷെങ്കൻ വിസ ഉപയോഗിച്ച് യാത്ര ചെയ്യാവുന്ന രാജ്യങ്ങൾ .