അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് രണ്ട് വര്‍ഷം വിലക്കേര്‍പ്പെടുത്തി ഫേയ്സ്ബുക്ക്. ക്യാപിറ്റോള്‍ ആക്രമണ സംഭവത്തെ തുടര്‍ന്നാണ് ഫേയ്സ്ബുക്ക് ട്രംപിനെ ആദ്യം വിലക്കിയത്. 2023 വരെ വിലക്ക്‌ തുടരുമെന്നാണ് ഫേയ്സ്ബുക്ക് വ്യക്തമാക്കുന്നത്.

ക്യാപിറ്റോള്‍ ആക്രമണത്തിന് ശേഷം ട്വിറ്റര്‍, യൂട്യൂബ് എന്നിവയും ട്രംപിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ട്രംപിന്റെ സസ്‌പെന്‍ഷന്‍ നടപടിയിലേക്ക് നയിച്ച നിയമലംഘനങ്ങള്‍ ഗുരുതരമാണ്. പുതിയ പ്രോട്ടോക്കോള്‍ പ്രകാരമുള്ള ഉയര്‍ന്ന ശിക്ഷക്ക് അദ്ദേഹം അര്‍ഹനാണെന്നും ഫേയ്സ്ബുക്കിന്റെ ഗ്ലോബല്‍ അഫയര്‍ മേധാവി നിക്ക് ക്ലെഗ്  പറഞ്ഞു.

സോഷ്യല്‍മീഡിയ കമ്പനികള്‍ നിരോധനമേര്‍പ്പെടുത്തിയതോടെ ട്രംപ് സ്വന്തമായി ബ്ലോഗ് തുടങ്ങിയെങ്കിലും അതും പൂട്ടിയിരുന്നു.  2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് ട്രംപിന് ഫേയ്സ്ബുക്ക് ഉപയോഗിക്കാം. 2020ലെ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്ത 75 ദശലക്ഷം ആളുകളെ അപമാനിക്കുന്നതാണ് ഫേസ്ബുക്കിന്റെ നടപടിയെന്ന് ട്രംപ് പറഞ്ഞു. നിയന്ത്രണത്തിനും നിശബ്ദമാക്കാനുമുള്ള അവരുടെ ശ്രമങ്ങള്‍ അനുവദിക്കരുത്. ആത്യന്തികമായി ഞങ്ങള്‍ വിജയിക്കും. ഇത്തരം അപമാനപ്പെടുത്തലിന് നമ്മുടെ രാജ്യം ഒരിക്കലും അനുവദിക്കില്ലെന്നും ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു.