ക്വാറന്റീനില്‍ കഴിയവെ പാമ്പുകടിയേറ്റ ഒന്നര വയസുകാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ പാമ്പു കടിയേറ്റ കുട്ടിക്ക് രക്ഷകനായി എത്തിയ അയല്‍വാസിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ ജിനില്‍ മാത്യുവിനെ നിരീക്ഷണത്തിലാക്കി.

ബിഹാറില്‍ നിന്നെത്തിയ പാണത്തൂര്‍ വട്ടക്കയം സ്വദേശികളായ ദമ്പതികള്‍ക്കൊപ്പം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന ഒന്നര വയസുകാരിക്ക് ചൊവ്വാഴ്ചയാണ് പാമ്പുകടിയേറ്റത്. വീടിന്റെ ജനല്‍ കര്‍ട്ടണിനിടയില്‍ നിന്ന് അണലി കടിക്കുകയായിരുന്നു.

നിലവിളി കേട്ട് ആളുകള്‍ ഓടിയെത്തിയെങ്കിലും കൊറോണ ഭീതിയെ തുടര്‍ന്ന് ആരും വീടിനകത്തേക്ക് കയറാന്‍ തയ്യാറായില്ല. ഇതിനിടയിലാണ് വിവരം അറിഞ്ഞെത്തിയ അയല്‍വാസിയും സിപിഎം വട്ടക്കയം ബ്രാഞ്ച് സെക്രട്ടറിയുമായ ജിനല്‍ മാത്യു വീടിനകത്തേക്ക് കയറി കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച കുട്ടിക്ക് പരിശോധനയില്‍ കോവിഡ് കണ്ടെത്തുകയായിരുന്നു.

കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ജിനല്‍ മാത്യു നിരീക്ഷണത്തിലായി. ഈ മാസം 16-നാണ് ബിഹാറില്‍ അധ്യാപകരായ ദമ്പതികളും കുഞ്ഞും വട്ടക്കയത്തെ വീട്ടിലെത്തുന്നത്.