വിദ്വേഷ പ്രചാരണത്തിനെതിരായ മാനദണ്ഡം എന്താണെന്ന ചോദ്യത്തിന് ബിജെപി നേതാവ് കപില്‍ മിശ്രയുടെ പോസ്റ്റിനെതിരായ നടപടി ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് സിഇഒ മാര്‍ക് സുക്കര്‍ബര്‍ഗ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ പോസ്റ്റിനെതിരെ ഫേസ്ബുക്ക് ജീവനക്കാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നുള്ള യോഗത്തിലായിരുന്നു സുക്കര്‍ബര്‍ഗ് വിദ്വേഷ പോസ്റ്റുകൾക്കെതിരായ നയം വിശദീകരിക്കാൻ കപില്‍ മിശ്ര നടത്തിയ പരമാര്‍ശത്തെക്കുറിച്ച് പറഞ്ഞത്. കപില്‍ മിശ്രയുടെ പേര് അദ്ദേഹം പറഞ്ഞില്ലെങ്കിലും പോസ്റ്റ് വായിച്ചായിരുന്നു പരമാര്‍ശം. അമേരിക്കയിലെ കറുത്തവിഭാഗക്കാരായ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന ട്രംപിന്റെ പ്രസ്താവന നീക്കം ചെയ്യാത്തതിനെതിരെ വലിയ പ്രതിഷേധമാണ് ഫേസ്ബുക്ക് ജീവനക്കാരുടെ ഭാഗുത്തുനിന്ന് ഉണ്ടായത്. ഇത് സംബന്ധിച്ച് വിശദീകരണം നടത്തുന്നതിനാണ് 25000 ത്തോളം വരുന്ന ജീവനക്കാരുടെ യോഗം ഫേസ്ബുക്ക് തലവന്‍ വിളിച്ച് ചേര്‍ത്തത്.

ഈ യോഗത്തിലാണ് ബിജെപി നേതാവിന്റെ വിദ്വേഷ പ്രസംഗം പരമാര്‍ശിക്കപ്പെട്ടത്.
‘ഇന്ത്യയില്‍ ചില കേസുകള്‍ ഉണ്ടായിരുന്നു. ഉദാഹരണത്തിന് ആരോ ഒരാള്‍ ഇങ്ങനെ പറഞ്ഞു.. പൊലീസ് അക്കാര്യം നോക്കുന്നില്ലെങ്കില്‍ ഞങ്ങളുടെ അനുഭാവികള്‍ അവിടെ എത്തി തെരുവുകളിലെ തടസ്സം നീക്കം ചെയ്യും. അനുയായികളെ നേരിട്ട് ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നതാണ് അത്. അത് ഞങ്ങള്‍ നീക്കം ചെയ്തു. അങ്ങനെ ഒരു കീഴവഴക്കം ഉണ്ട്.’ ഇതായിരുന്നു സക്കര്‍ബര്‍ഗിന്റെ വാക്കുകള്‍. ഇതില്‍ പരാമര്‍ശിക്കുന്ന പ്രസംഗം കപില്‍ മിശ്ര നടത്തിയതാണ്. പൗരത്വ നിയമഭേദഗതിക്കെതിരെ ഷെഹിന്‍ബാഗില്‍ നടന്ന സമരത്തെ ഒഴിപ്പിക്കുന്ന കാര്യമാണ് അദ്ദേഹം പരാമര്‍ശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പരമാര്‍ശം ഫേസ്ബുക്ക് നീക്കം ചെയ്തതാണ് സുക്കര്‍ബര്‍ഗ് പരമാര്‍ശിച്ചത്. അതാണ് വിദ്വേഷ പ്രസംഗത്തെ കൈകാര്യം ചെയ്യാനുളള മാനദണ്ഡം എന്നും അദ്ദേഹം പറയുന്നു. കുപിൽ മിശ്രയുടെ പ്രസംഗം ഡൽഹിയിലെ കലാപത്തിന് കാരണമായെന്നാണ് ആരോപണം.

മൂന്ന് ദിവസത്തിനുള്ളില്‍ പ്രതിഷേധക്കാരെ പോലീസ് നീക്കം ചെയ്യണമെന്നായിരുന്നു കപില്‍ മിശ്രയുടെ പ്രസംഗം. ‘അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം കഴിയുന്നതുവരെ ഞങ്ങള്‍ കാത്തിരിക്കും’.അതുകഴിഞ്ഞാല്‍ നേരിട്ട് ഇടപെട്ട് നീക്കം ചെയ്യുമെന്നായിരുന്നു കപില്‍ മിശ്രയുടെ മുന്നറിയിപ്പ്.

ട്രംപിന്റെ പ്രസ്താവന വിദ്വേഷം പരത്തുന്നതാണെന്ന് പറഞ്ഞാണ് ട്വിറ്റര്‍ പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഫേസ്ബുക്ക് അത്തരം പരമാര്‍ശങ്ങള്‍ ഒന്നും നടത്തിയിരുന്നില്ല. അത് നീക്കം ചെയ്യണമെന്ന ആവശ്യവും അംഗീകരിച്ചിരുന്നില്ല. ഇതാണ് ഫേസ്ബുക്ക് ജീവനക്കാര്‍ക്കിടയില്‍ പോലും വലിയ പ്രതിഷേധത്തിന് കാരണമാക്കിയത്. പരസ്യമായി കമ്പനിയുടെ നയം ചോദ്യം ചെയ്ത് ജീവനക്കാര്‍ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് വിശദീകരണം നല്‍കാന്‍ സുക്കര്‍ബര്‍ഗ് യോഗം വിളിച്ചത്.