നെയ്യാറ്റിന്‍കര: നെയ്യാറില്‍ ഒന്നരവയസ്സുകാരി മുങ്ങിമരിച്ച സംഭവത്തില്‍ ഞെട്ടല്‍ വിട്ടുമാറാതെ പാലക്കടവ് നിവാസികള്‍. ഒപ്പം മരണത്തെക്കുറിച്ചുള്ള ദുരൂഹതയും. ഏകമകളുടെ ദാരുണമായ വേര്‍പാടില്‍ മനംനൊന്ത് കുടുംബാംഗങ്ങള്‍. വീട്ടില്‍ കുളിപ്പിക്കാനായി അമ്മ അനാമികയെ എണ്ണതേച്ച് നിര്‍ത്തിയതാണ്. ഇതിനിടയിലാണ് കുട്ടിയെ കാണാതായത്. രണ്ട് മണിക്കൂറോളം നടത്തിയ തിരച്ചിലിനിടെ അനാമികയുടെ മൃതദേഹം വീടിനു പുറകിലൂടെ ഒഴുകുന്ന നെയ്യാറില്‍നിന്നും കണ്ടെടുക്കുകയായിരുന്നു.അഗ്‌നിരക്ഷാസേന അനാമികയുടെ മൃതദേഹം നെയ്യാറിലേയ്ക്ക് ചാഞ്ഞുകിടക്കുന്ന ചീലാന്തി മരത്തിന്റെ ശിഖരങ്ങള്‍ക്കിടയില്‍ നിന്നാണ് കണ്ടെടുത്തത്. മൃതദേഹം കണ്ടെടുക്കുമ്പോള്‍ അനാമികയുടെ ഒരുകാലില്‍ ചെരിപ്പുണ്ടായിരുന്നു. ഇവരുടെ വീടിന് പുറകില്‍ ഗ്രീന്‍ഹൗസിന്റെ ഷീറ്റുകൊണ്ട് താത്കാലികമായി മറച്ചിരുന്നു.

ഇത് പൊക്കിയാല്‍ നെയ്യാറിലേക്ക് ഇറങ്ങാം. ഈ ഷീറ്റ് കുട്ടി പൊക്കി അതിനിടയിലൂടെ നടന്നുപോയതാകാമെന്നാണ് പോലീസ് കരുതുന്നത്. എന്നാല്‍, ഇവിടെ ഇക്കഴിഞ്ഞ മഴയില്‍ നെയ്യാര്‍ കരകവിഞ്ഞതിനെ തുടര്‍ന്നുണ്ടായ ചെളിക്കെട്ടുണ്ടായിരുന്നു. ഇതിലൂടെ കുട്ടിനടന്നു പോയെന്നത് നാട്ടുകാരില്‍ ദുരൂഹത ഉണര്‍ത്തുകയാണ്. പാലക്കടവിലെ വീട്ടുവളപ്പില്‍ ആതിരയുടെ വീടും അച്ഛന്‍ സുധാകരന്റെ വീടുമാണുള്ളത്. കുട്ടി അടുത്തുള്ള അച്ഛന്റെ വീട്ടിലാകുമെന്നാണ് അമ്മ ആതിര കരുതിയത്. കുളിപ്പിക്കാനായി കുട്ടിയെ തിരയുമ്പോഴാണ് അച്ഛന്റെ വീട്ടിലും കുട്ടിയില്ലെന്ന് ഇവര്‍ അറിയുന്നത്.

അടുത്ത വീട്ടില്‍ അച്ഛന്‍ സുധാകരനും മകന്‍ അഖിലുമാണ് താമസിക്കുന്നത്. കുട്ടിയെ പരിസരത്ത് കാണാതായതിനു ശേഷമാണ് ഇവര്‍ പോലീസിനെയും അഗ്‌നിരക്ഷാസേനയേയും വിവരമറിയിക്കുന്നത്. ഒന്നരവയസ്സുള്ള കുട്ടി ചതുപ്പുള്ള സ്ഥലത്തുകൂടി നടന്ന് നെയ്യാറിലെത്തിയെന്നത് എങ്ങനെയെന്നാണ് നാട്ടുകാര്‍ സംശയമുന്നയിക്കുന്നത്. കുട്ടി മുങ്ങിമരിച്ചതാകാമെന്നതാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്നാണ് പോലീസ് പറയുന്നത്.