വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് നടത്തുന്ന ആരോപണങ്ങള്‍ ഉദ്യോഗസ്ഥ തലത്തില്‍ അതൃപ്തി വര്‍ദ്ധിപ്പിക്കുന്നു. 2016ലെ തെരഞ്ഞെടുപ്പ് കാലത്ത് തന്റെ ഫോണ്‍ ചോര്‍ത്താന്‍ പ്രസിഡന്റായിരുന്ന ബരാക്ക് ഒബാമ ഉത്തരവിട്ടു എന്ന ആരോപണമാണ് ഏറ്റവും പുതിയ വിവാദം. ഈ ആരോപണത്തില്‍ അന്വേഷണം വേണമെന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്. എന്നാല്‍ ഇതിനെതിരെ എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമി രംഗത്തെത്തി. ട്രംപിന്റെ ആരോപണം നിഷേധിക്കണമെന്ന് കോമി ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിനോട് ആവശ്യപ്പെട്ടു.
എഫ്ബിഐ നിയമം തെറ്റിച്ചു എന്നാണ് പ്രസിഡന്റിന്റെ ആരോപണം വിശദമാക്കുന്നത്. അതുകൊണ്ട് തന്നെയാണ് കോമി ഈ അപേക്ഷയുമായി ജസ്റ്റിസ് ഡിപ്പാര്‍ട്ടമെന്റിനെ സമീപിച്ചത്. ശനിയാഴ്ചയാണ് കോമി ഈ അപേക്ഷ നല്‍കിയതെന്ന് ന്യൂയോര്‍ക്ക് ടൈസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റു പ്രധാന മാധ്യമങ്ങളോട് ഇക്കാര്യം അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റും എഫ്ബിഐയും ഇക്കാര്യത്തില്‍ പ്രതികരണത്തിന് വിസമ്മതിച്ചു.

ശനിയാഴ്ച തന്നെയാണ് ഫോണ്‍ ചോര്‍ത്തല്‍ നടത്തിയെന്ന ആരോപണവുമായി ട്രംപ് രംഗത്തെത്തിയത്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഞായറാഴ്ച വൈറ്റ് ഹൗസ് കോണ്‍ഗ്രസിന് നിര്‍ദേശം നല്‍കി. ട്രംപിന്റെ ആരോപണം ഒബാമയുടെ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായിരുന്ന ജെയിംസ് ക്ലാപ്പറും നിഷേധിച്ചിട്ടുണ്ട്.