കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചുവെന്ന കാരണത്താൽ 300 തവണ ഏത്തമിടാൻ ശിക്ഷ ലഭിച്ച യുവാവ് മരിച്ചു. ഡാറൻ ‍മനവോഗ് പെനാരെന്‍ഡോൻഡോ എന്ന 28–കാരനാണ് ഫിലിപ്പൈൻസിൽ മരിച്ചത്. മനിലയ്ക്കടുത്തുള്ള സ്ഥലത്താണ് സംഭവം. സ്ഥലത്ത് 6 മണി മുതൽ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ ഈ സമയം കഴിഞ്ഞ് വെള്ളം വാങ്ങാനായി അടുത്തുള്ള കടയിലെത്തിയതാണ് ഡാറൻ.

ഡാറനെയും കർഫ്യൂ ലംഘിച്ച് മറ്റ് കുറച്ചു പേരേയുമാണ് 100 തവണ ഏത്തമിടാൻ പൊലീസ് ശിക്ഷിച്ചത്. ഒരേപോലെ ഏത്തമിട്ടില്ലെങ്കിൽ അത് ആവർത്തിക്കാൻ പൊലീസ് ആവശ്യപ്പെട്ടു. ഇതോടെ ഡാറൻ 300 തവണ ഏത്തമിടേണ്ടി വന്നു. നടക്കാൻ പോലും കഴിയാതെയാണ് ഇയാൾ വീട്ടിൽ തിരിച്ചെത്തിയതെന്നാണ് പങ്കാളിയായ റെയ്ച്ച്ലിൻ പറയുന്നതെന്ന് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

കാലിനും മുട്ടുകള്‍ക്കും ഗുരുതരമായ ചതവുകള്‍ സംഭവിച്ചതിനാല്‍, നില്‍ക്കാന്‍ പോലും പറ്റുന്നില്ലായിരുന്നു. ഗോവണിയില്‍ കയറാനാവാതെ നിലത്തുവീണ ഇയാള്‍ അബോധാവസ്ഥയിലായി. തുടര്‍ന്ന് ശ്വാസം മുട്ടലുണ്ടായി. പിന്നീട്, കൃത്രിമശ്വാസം നല്‍കിയതിനെ തുടര്‍ന്ന് അബോധാവസ്ഥ നീങ്ങിയെങ്കിലും മണിക്കൂറുകള്‍ കഴിഞ്ഞതോടെ കുഴഞ്ഞു വീണു. ആശുപ്രതിയില്‍ എത്തിക്കുന്നതിനു മുമ്പു തന്നെ മരണം സംഭവിച്ചിരുന്നതായി റെയ്ച്ച്‍ലിൻ പറയുന്നു.

കര്‍ഫ്യൂ ലംഘിച്ചതിന് ഡാറന്‍ പിടിയിലായെങ്കിലും ഉടന്‍ തന്നെ പൊലീസിന് കൈമാറിയതായി നഗരസഭാ മേയര്‍ അറിയിച്ചു. നിയമം ലംഘിച്ചതിന് ശിക്ഷയായി ഏത്തമിടാന്‍ പറയുന്നില്ലെന്ന് പൊലീസ് അറിയിച്ചു. നിയമലംഘകരെ ഉപദേശിച്ചു നന്നാക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും ലഫ്. കേണല്‍ മാര്‍ലോ സെലേറോ പറഞ്ഞു. നിയമം ലംഘിച്ച് ഏതെങ്കിലും പൊലീസുകാര്‍ ഏത്തമിടീച്ചിട്ടുണ്ടെങ്കില്‍, കര്‍ശന നടപടി ഉണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു.