ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- രാജകുടുംബങ്ങൾക്കെതിരെ പുതിയ ആരോപണങ്ങളുമായി ബ്രിട്ടീഷ് റിപ്പോർട്ടറും എഴുത്തുകാരനുമായ ഓമിഡ് സ്‌കോബിയുടെ ‘എൻഡ്ഗെയിം ‘ എന്ന പുസ്തകം പുറത്തിറങ്ങി. രാജകുടുംബത്തിന്റെ ഭാവി അതിജീവനത്തിന്റെ പോരാട്ടത്തിലാണെന്നും, അംഗങ്ങൾ തമ്മിലുള്ള പരസ്പരബന്ധത്തിൽ പലതരത്തിലുള്ള വിള്ളലുകളുണ്ടെന്നും അദ്ദേഹം പുസ്തകത്തിൽ വെളിപ്പെടുത്തുന്നു. മേഗന്റെ സഹായത്തിനായുള്ള അപേക്ഷകൾക്ക് നേരെ കെയ്റ്റ് തികച്ചും നിസ്സംഗ മനോഭാവമാണ് പുലർത്തിയത്. ഇതോടൊപ്പം തന്നെ ചാൾസ് രാജാവും വില്യം രാജകുമാരനും തമ്മിലും ഭിന്നതകൾ ഉണ്ടെന്നതും തുടങ്ങി നിരവധി വെളിപ്പെടുത്തലുകൾ ഈ പുസ്തകത്തിൽ ഉണ്ട്. ഈ പുസ്തകത്തിലെ പ്രധാന ആരോപണം വെയിൽസ് രാജകുമാരിയായ കെയ്റ്റിന്റെ സ്വഭാവത്തെ സംബന്ധിച്ചതാണ്. മാനസിക ആരോഗ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി വ്യാപൃതരാകുന്ന ഇവർ, സ്വന്തം സഹോദരിയുടെ സഹായ അപേക്ഷകൾക്ക് നേരെ തികച്ചും നിസ്സംഗ മനോഭാവമാണ് കാട്ടിയതെന്ന് സ്‌കോബി വ്യക്തമാക്കുന്നു. കെയ്റ്റിന്റെ സ്വഭാവത്തിന്റെ ഈ ഒരു വശത്തെക്കുറിച്ച് വളരെ അപൂർവമായി മാത്രമേ എഴുതപ്പെടാറുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ഈ പുസ്തകത്തിനായി താൻ മേഗനുമായി അഭിമുഖം നടത്തിയിട്ടില്ലെന്ന് സ്കോബി തുറന്നുപറയുന്നുണ്ട്. തനിക്കും മേഗനുമുള്ള പൊതു സുഹൃത്തുക്കളിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് തന്നെ പുസ്തകം എഴുതാൻ സഹായിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.


പുസ്തകത്തിലുള്ള മറ്റൊരു വെളിപ്പെടുത്തൽ ചാൾസ് രാജാവിന് മേഗൻ അയച്ച കത്തുകളെ സംബന്ധിച്ചതാണ്. തന്റെ മകനായ ആർച്ചിയുടെ ചർമ്മത്തിന്റെ നിറത്തെ സംബന്ധിച്ച് ആകുലരായ രണ്ട് രാജകുടുംബ അംഗങ്ങളുടെ പേരുകളെ സംബന്ധിച്ച് ഈ കത്തിൽ മേഗൻ രാജാവിന് തുറന്നെഴുതിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ രാജാവിന് തന്റെ കുടുംബത്തെ നിയന്ത്രിച്ച് നിർത്താനുള്ള കഴിവില്ലെന്നും സ്കോബി ആരോപിക്കുന്നു. ഒരു തുറന്ന സംസാരത്തിന് അവസരം ഒരുക്കുന്നതിന് പകരം തികച്ചും തണുപ്പൻ പ്രതികരണമാണ് ചാൾസ് രാജാവിന്റെ ഭാഗത്ത് നിന്നും ഹാരിക്കു നേരെ ഉണ്ടായതെന്ന് പുസ്തകം വ്യക്തമാക്കുന്നു.

ചാൾസ് രാജാവും വില്യം രാജകുമാരനും തമ്മിലുള്ള ബന്ധത്തിലും ഭിന്നതകൾ ഉണ്ടെന്ന് സ്‌കോബി പറയുന്നു. ഇരുവരും തമ്മിലുള്ള അസ്വാരസങ്ങൾ രാജകുടുംബത്തിന്റെ ഭാവിയെ തന്നെ ബാധിക്കുമെന്ന് സ്‌കോബി പറയുന്നുണ്ട്. മേഗൻ കടന്നുപോയ കാര്യങ്ങളിൽ തനിക്ക് വലിയ സഹതാപമുണ്ടെന്ന് കാമില രാജ്ഞി മറ്റുള്ളവരോട് പറഞ്ഞതായി സ്കോബി തന്റെ പുസ്തകത്തിൽ എഴുതുന്നു. എന്നിരുന്നാലും അവർ ഇരുവരും തങ്ങളെ തന്നെ കൈകാര്യം ചെയ്ത രീതിയിൽ രാജ്ഞിയ്ക്ക് ഒട്ടുംതന്നെ ബഹുമാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പുസ്തകത്തിന്റെ ആരോപണങ്ങളെ സംബന്ധിച്ച് കൊട്ടാരത്തിന്റെ ഭാഗത്ത് നിന്നും ഇതുവരെ പ്രതികരണം ഒന്നും ഉണ്ടായിട്ടില്ല.