ന്യൂസ് ഡെസ്ക്, മലയാളം യുകെ
എപ്സാനിൽ റിപ്പോർട്ട് ചെയ്ത ബലാത്സംഗ സംഭവത്തെ തുടർന്ന് നടന്ന പ്രതിഷേധത്തിനിടെ നാലുപേരെ അറസ്റ്റ് ചെയ്തതായി സറേ പൊലീസ് അറിയിച്ചു. പ്രതിഷേധത്തിനിടെ പൊതു സ്വത്ത് നശിപ്പിക്കൽ, അടിയന്തിര സേവന പ്രവർത്തകരെ ആക്രമിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കിയതായും, കൂടുതൽ ആളുകൾ പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തുന്നതിനാൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരുന്നതായും അധികൃതർ വ്യക്തമാക്കി. ചിലർ സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതും സംഘർഷാവസ്ഥയ്ക്ക് ഇടയാക്കുന്നതായി പൊലീസ് മുന്നറിയിപ്പ് നൽകി.

സംഭവത്തെ തുടർന്ന് വ്യാപകമായ അഭ്യൂഹങ്ങളും ആശങ്കകളും ഉയർന്ന സാഹചര്യത്തിൽ, കേസ് സംബന്ധിച്ച അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി. നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടൊപ്പം, ഫോറൻസിക് പരിശോധനകളും വീടുതോറും അന്വേഷണവും നടത്തിയിട്ടുണ്ട്. ഇതുവരെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ, റിപ്പോർട്ട് ചെയ്ത രീതിയിൽ സംഭവം നടന്നതായി സ്ഥിരീകരിക്കുന്ന തെളിവുകൾ കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു. അന്വേഷണത്തിന്റെ ഭാഗമായി സംഭവവുമായി ബന്ധപ്പെട്ട എല്ലാ കോണുകളും പരിശോധിക്കുന്നതായും, കൂടുതൽ വ്യക്തതയ്ക്ക് വേണ്ടി ബന്ധപ്പെട്ടവരോട് വിശദമായ ചോദ്യം ചെയ്യലുകൾ തുടരുകയാണെന്നും അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കുമ്പോൾ പൊതുജനങ്ങളെ അറിയിക്കുമെന്നും പൊലീസ് അറിയിച്ചു.

അതേസമയം, കൂടുതൽ കുറ്റകൃത്യങ്ങളിൽ പങ്കെടുത്തവരെ തിരിച്ചറിയാൻ ദൃശ്യങ്ങൾ തുടർന്നും പരിശോധിക്കുമെന്നും ബന്ധപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. പ്രതിഷേധക്കാരുമായും പ്രാദേശിക സമൂഹവുമായി സഹകരിച്ച് എല്ലാവരുടെയും അഭിപ്രായങ്ങൾ കേൾക്കുന്നതിനും, പ്രദേശത്ത് സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനും നടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി. സമാധാനപരമായ പ്രതിഷേധങ്ങൾക്ക് പൊലീസ് പിന്തുണ നൽകുന്നുവെങ്കിലും നിയമലംഘനങ്ങൾക്ക് യാതൊരു തരത്തിലുള്ള ഇളവും നൽകില്ലെന്നും അവർ മുന്നറിയിപ്പ് നൽകി. പ്രദേശത്ത് സാധാരണ ജീവിതം പുനഃസ്ഥാപിക്കുന്നതിനായി അധിക സുരക്ഷാ ക്രമീകരണങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്.











Leave a Reply