മലയാളത്തിലെ ഏക്കാലത്തെയും മികച്ച റൊമാന്റിക്ക് ബ്ലോക്ക്ബസ്റ്റർ ചിത്രമാണ് ഫാസിൽ സംവിധാനം ചെയ്‌ത അനിയത്തിപ്രാവ്. കുഞ്ചാക്കോ ബോബന്റെയും ശാലിനിയുടെയും അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. അതുവരെയുള്ള പല റെക്കോര്‍ഡുകളും തകർത്ത് മലയാളത്തിലെ മികച്ച പ്രണയചിത്രങ്ങളിലൊന്നായാണ് അനിയത്തിപ്രാവ് ആരാധകരുടെ മനസ് കീഴടക്കിയത്. സിനിമയുടെ വൻവിജയത്തിന് ശേഷം ചാക്കോച്ചൻ–ശാലിനി ജോഡികൾ തരംഗമായി. അതേസമയം അനിയത്തിപ്രാവ് എന്ന സിനിമ ഇപ്പോൾ റിലീസ് ചെയ്തിരുന്നെങ്കിൽ അതൊരു പരാജയമായിരിക്കുമെന്ന് തുറന്നുപറയുകയാണ് ഫാസിൽ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്.

അനിയത്തിപ്രാവ് ഇപ്പോൾ പുറത്തിറക്കിയിരുന്നെങ്കിൽ പരാജയപ്പെട്ടേനെ. നാണം എന്ന ഘടകത്തിന് വംശനാശം വന്ന സമയത്തിന് മുൻപാണ് ചിത്രം റിലീസ് ചെയ്‌തത്‌. സിനിമയിൽ ശാലിനി അവതരിപ്പിച്ച കഥാപാത്രം അൽപം നാണം പ്രകടിപ്പിക്കുന്ന രീതിയിലായിരുന്നു. സിംഹവാലൻകുരങ്ങന് വംശനാശം സംഭവിച്ചത് പോലെ പ്രണയത്തിൽ ലജ്ജ എന്ന ഘടകത്തിനും ഇപ്പോൾ വംശനാശം സംഭവിച്ചിട്ടുണ്ട്. ഞാൻ സിനിമയിൽ വന്ന സമയത്ത് എന്റെ വയസ്സിനു താഴെയുള്ളവരുമായിട്ടായിരുന്നു അടുപ്പമുണ്ടായിരുന്നത്. സിനിമയുടെ കഥ രൂപപ്പെടുമ്പോൾ എന്റെ ഇളയ മകനോടായിരിക്കും ഞാൻ കൂടുതൽ ചർച്ച ചെയ്‌തിട്ടുണ്ടാകുക. ചെറുപ്പക്കാരുമായുള്ള ആശയവിനിമയം നല്ലതാണെന്നും ഫാസിൽ പറയുകയുണ്ടായി.

കുഞ്ചാക്കോ ബോബന്റെയും ശാലിനിയുടെയും സിനിമാജീവിതത്തിലെ ഏറ്റവും മികച്ച ഒരു ഏടായിരുന്നു അനിയത്തിപ്രാവ്. ആദ്യ സിനിമയിലൂടെ തന്നെ ബോക്‌സോഫീസ് റെക്കോര്‍ഡ് സൃഷ്ടിച്ചായിരുന്നു കുഞ്ചാക്കോ ബോബന്റെ അരങ്ങേറ്റം. ചിത്രത്തിന് ശേഷം ചോക്ലേറ്റ് പരിവേഷത്തിലുള്ള കഥാപാത്രങ്ങളെയായിരുന്നു താരത്തെ കൂടുതലും തേടിയെത്തിയത്. പിന്നീട് ആന്റി ഹീറോ വേഷങ്ങളും സീരിയസ് വേഷങ്ങളുമെല്ലാം കുഞ്ചാക്കോ ബോബൻ തന്റെ അഭിനയമികവിലൂടെ ഭദ്രമാക്കി.