പള്ളി നിര്‍മാണത്തിലെ കണക്ക് സംബന്ധിച്ച് വികാരിയും വിശ്വാസികളും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇടവകയിലെ വിശ്വാസികളെല്ലാം മരിച്ചതായി കണക്കാക്കി കൂട്ടമണിയടിച്ച് കുര്‍ബാന നടത്തി വികാരിയച്ചന്‍. തൃശൂര്‍ പൂമല ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയിലാണ് സംഭവം. ഇടവകയിലെ വിശ്വാസികളില്‍ ചിലര്‍ വികാരിയുടെ നടപടിയെ തുടര്‍ന്ന് പള്ളിയ്ക്ക് മുന്നില്‍ തങ്ങളുടെ ഏഴാം ചരമദിന ചടങ്ങുകളും നടത്തി.

പുതിയ പള്ളി നിര്‍മിച്ചതിന്റെ കണക്ക് സംബന്ധിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് പ്രശ്‌നം ആരംഭിക്കുന്നത്. പള്ളി നിര്‍മാണത്തിന് നേതൃത്വം നല്‍കിയിരുന്നത് വികാരി ഫാ. ജോയസണ്‍ കോരോത്തായിരുന്നു. ഇതിനായി അഞ്ചരക്കോടിയോളം രൂപ വിശ്വാസികളില്‍ നിന്ന് പിരിച്ചെടുത്തു. തുടര്‍ന്ന് പള്ളി നിര്‍മാണം പൂര്‍ത്തിയായിട്ടും വികാരി കണക്ക് അവതരിപ്പിക്കാന്‍ തയാറാകാഞ്ഞതോടെയാണ് തര്‍ക്കം ആരംഭിക്കുന്നത്. വിശ്വാസികളും ഭാരവാഹികളും നിരന്തരമായി ആവശ്യം ഉന്നയിച്ചതോടെ രൂപതയില്‍ നിന്ന് കണക്ക് അവതരിപ്പിക്കാന്‍ നിര്‍ദേശം ലഭിച്ചിരുന്നു. ശേഷം ഏഴ് മാസം കഴിഞ്ഞാണ് കണക്ക് അവതരിപ്പിക്കുന്നത്. തുടര്‍ന്ന് കണക്കിനെ ചൊല്ലി പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിനിടെ വികാരിക്കെതിരേ ഒരു വിഭാഗം വിശ്വാസികള്‍ പൂമല ചെറുപുഷ്പ ദേവാല സംരക്ഷണ സമിതി എന്ന പേരില്‍ സംഘടിക്കുകയും ചെയ്തു.

അതേസമയം പഴയപള്ളി പൊളിച്ചപ്പോള്‍ ഉണ്ടായിരുന്ന മര ഉരുപ്പടികള്‍ എവിടെയന്നും പള്ളിയിലെ വസ്തുക്കള്‍ പതിവായി മോഷണം പോയിട്ടും എന്തുകൊണ്ട് സിസിടിവി വെക്കുന്നില്ലന്നും തുടങ്ങിയ ആരോപണങ്ങള്‍ വികാരിക്കെതിരേ ഉന്നയിച്ച് സംരക്ഷണ സമിതി ബോര്‍ഡ് സ്ഥാപിച്ചിരുന്നു. വികാരി നേരിട്ട് പള്ളി സംബന്ധമായ ഇടപാടുകള്‍ നടത്തരുതെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ തനിക്കെതിരേ ഫ്‌ളക്‌സുകള്‍ വന്നതോടെ ഫാ.ജോയസണ്‍ കോരോത്ത് കഴിഞ്ഞ ഞാറാഴ്ച കൂട്ടമരണ കുര്‍ബാന നടത്തിയിരുന്നു. തനിക്കെതിരേ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ഫ്‌ളക്‌സുകള്‍ പൊങ്ങിയിട്ടും ഇടവകയിലെ ആരും പ്രതികരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്, ഈ ഇടവകക്കാരെല്ലാം മരിച്ചു എന്നു പറഞ്ഞായിരുന്നു മരണ കുര്‍ബാന നടത്തിയിരുന്നത്.

എന്നാല്‍ ജീവിച്ചിരുന്ന ഇടവകക്കാര്‍ക്ക് കൂട്ടമരണക്കുര്‍ബാന ചൊല്ലിയതോടെ പ്രശനം രൂക്ഷമായി. തുടര്‍ന്ന് വികാരിയെ അനുകൂലിച്ചിരുന്ന വിശ്വാസികള്‍ പോലും എതിര്‍ ദിശയിലേക്ക് ചേര്‍ന്നു. ഇന്ന് പ്രതിഷേധമായി പള്ളി പരിസരത്ത് തങ്ങളുടെ ഏഴാം ചരമദിന ചടങ്ങുകള്‍ വിശ്വാസികള്‍ നടത്തി. ഇടവകക്കാരുടെ കൂട്ട മരണ കുര്‍ബാന ചൊല്ലിയ വികാരിക്ക് അഭിനന്ദനങ്ങള്‍ എന്ന ഫ്‌ള്ക്‌സ് സ്ഥാപിക്കുകയും ചെയ്തു. താടികള്‍ കെട്ടിയും കറുത്ത കൈയുറകള്‍ ധരിച്ചുമായിരുന്നു ഇടവകക്കാര്‍ പ്രതിഷേധം നടത്തിയത്.