മാതമംഗലം: പുലിയൂർകാളി ക്ഷേത്രോത്സവത്തിനിടെ തിരക്കേറിയ തൊഴിൽവരിയിൽ നിൽക്കുകയായിരുന്ന വയോധികയുടെ സ്വർണമാല പൊട്ടിച്ച കേസിൽ രണ്ട് സ്ത്രീകൾ പിടിയിൽ. കണ്ണൂർ മാതമംഗലം പറവൂർ സ്വദേശിനിയായ പി.വി. രോഹിണി (76)യുടെ അഞ്ചരപ്പവൻ മാലയാണ് ഞായറാഴ്ച ഉച്ചയ്ക്ക് 2.45ഓടെ നാലംഗസംഘം ചേർന്ന് പൊട്ടിച്ചത്. കർണാടകയിലെ ഗുൽബർഗ് സ്വദേശികളായ രണ്ടുപേരെ നാട്ടുകാർ പിടികൂടി പെരിങ്ങോം പൊലീസിൽ ഏൽപ്പിച്ചു.
കൊറന്തിയമ്മ തെയ്യം തൊഴാൻ വരിനിൽക്കുന്നതിനിടെ രോഹിണിയുടെ പിറകിൽ നിന്നിരുന്ന നാല് സ്ത്രീകൾ ചേർന്നാണ് മാല പൊട്ടിച്ചത്. മോഷണം നടന്നതോടെ രോഹിണി നിലവിളിച്ച് പിന്നാലെ ഓടിയപ്പോൾ നാട്ടുകാർ ഇടപെട്ട് സംഘത്തിലെ രണ്ടുപേരെ പിടികൂടി. എന്നാൽ മറ്റ് രണ്ടുപേർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പെരിങ്ങോം പോലീസ് പിടിയിലായവരെ കസ്റ്റഡിയിലെടുത്തു. ക്ഷേത്രപരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. പിടിയിലായവരിൽ നിന്ന് മോഷ്ടിച്ച മാല ലഭിച്ചിട്ടില്ലെന്നും, രക്ഷപ്പെട്ടവരുടെ കൈവശമാകാമെന്നുമാണ് പോലീസിന്റെ നിഗമനം.











Leave a Reply