ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ജോലി ഉപേക്ഷിക്കാതിരിക്കാൻ കെയർ ഹോം ജീവനക്കാർക്ക് 500 പൗണ്ട് ക്രിസ്മസ് ബോണസ് നൽകണമെന്ന ആവശ്യം ശക്തം. നിരവധി ജീവനക്കാർ ഇതിനകം തന്നെ ആമസോൺ, ടെസ്കോ പോലുള്ള കമ്പനികളിലെ ജോലിക്കായി കെയർ ഹോം ഉപേക്ഷിച്ചു. തൊഴിൽ ഉപേക്ഷിക്കുന്നതിൽ നിന്ന് ജീവനക്കാരെ തടയാൻ സർക്കാരിന് ഉത്തരവാദിത്തം ഉണ്ടെന്ന് എൻഎച്ച്എസ് മേധാവികൾ മുന്നറിയിപ്പ് നൽകി. സമീപ വർഷങ്ങളിൽ കെയർ മേഖലയിൽ ജോലി ഒഴിവ് കൂടി വരികയാണ്. ശൈത്യകാലം കഠിനമാവുന്ന ക്രിസ്മസ് നാളുകളിൽ ജീവനക്കാർക്ക് ബോണസ് നൽകി അവരെ സംരക്ഷിക്കണമെന്ന് എൻഎച്ച്എസ് മേധാവികൾ മന്ത്രിമാരോട് ആവശ്യപ്പെട്ടു.

വിവാദ നിയമത്തിന്റെ ഫലമായി ഏകദേശം 57,000 ജീവനക്കാരെ പിരിച്ചുവിട്ടതും വലിയ തിരിച്ചടിയായി. കെയർ ഹോം മേഖലയിൽ നിലവിൽ ഒരു ലക്ഷത്തിലധികം ഒഴിവുകളുണ്ട്. ബോണസ് നൽകുന്നതുപോലെയുള്ള അടിയന്തര നടപടിയാണ് സർക്കാർ ഇപ്പോൾ ആലോചിക്കേണ്ടതെന്നും സാമൂഹിക പരിചരണം ഉപേക്ഷിച്ച് റീട്ടെയിൽ മേഖലയിലേക്ക് പോകുന്നവരെ പിടിച്ചുനിർത്തണമെന്നും എൻഎച്ച്എസ് പ്രൊവൈഡേഴ്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവായ ക്രിസ് ഹോപ്‌സൺ അഭിപ്രായപ്പെട്ടു.

ജീവനക്കാരുടെ ക്ഷാമം രൂക്ഷമായാൽ കെയർ ഹോമിൽ താമസിക്കുന്നവർ ദുരിതത്തിലാകുമെന്ന് ചാരിറ്റികൾ വ്യക്തമാക്കി. ജീവനക്കാർക്കെല്ലാം ഇരട്ട കുത്തിവയ്പ്പ് നിർബന്ധമാക്കിയതോടെ പതിനായിരക്കണക്കിന് കെയർ സ്റ്റാഫുകൾക്കാണ് കഴിഞ്ഞ വ്യാഴാഴ്ച ജോലി നഷ്‌ടപ്പെട്ടത്. മഹാമാരി രൂക്ഷമായപ്പോൾ സ്കോട്ട്ലൻഡിലെയും നോർത്തേൺ അയർലണ്ടിലെയും കെയർ ജീവനക്കാർക്ക് 500 പൗണ്ട് ബോണസ് നൽകിയിരുന്നു. വെയിൽസിൽ 1,235 പൗണ്ട് നൽകി. എന്നാൽ ഇംഗ്ലണ്ടിൽ ഇത്തരത്തിലുള്ള സാമ്പത്തിക പിന്തുണ ഉണ്ടായിട്ടില്ല.