തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ ലഭിക്കാൻ ഇനി കുറഞ്ഞത് നാല് വർഷം സർവീസ് നിർബന്ധമാക്കി പുതിയ സർക്കാർ. നിലവിലെ രണ്ട് വർഷ സേവനമെന്ന മാനദണ്ഡം മാറ്റിയാണ് പുതിയ തീരുമാനം. ഒരു മന്ത്രിസഭയുടെ ഭൂരിഭാഗം കാലയളവിലും സേവനം ചെയ്തവർക്ക് മാത്രമേ ഇനി പെൻഷൻ ലഭിക്കൂ.
രണ്ടുവർഷം പൂർത്തിയാകുമ്പോൾ ജീവനക്കാരെ മാറ്റി പുതിയവരെ നിയമിച്ച് കൂടുതൽ പേർക്ക് പെൻഷൻ ഉറപ്പാക്കുന്ന പതിവിനും ഇതോടെ വിരാമമാകും. പുതിയ മാനദണ്ഡത്തിന് മുൻകാല പ്രാബല്യം ഉണ്ടാകില്ലെന്നും നിലവിൽ പെൻഷൻ ലഭിക്കുന്നവർക്ക് അത് തുടരുമെന്നും സർക്കാർ വ്യക്തമാക്കി. സുപ്രീംകോടതിയും സി.എ.ജിയും മുമ്പ് വിമർശിച്ചിരുന്ന വിഷയത്തിൽ ചരിത്രപരമായ തിരുത്തലാണിതെന്നാണ് വിലയിരുത്തൽ.
കേരളത്തിലാണ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് ജീവിതകാലം മുഴുവൻ പെൻഷൻ നൽകുന്ന സംവിധാനം നിലവിലുള്ളത്. കേന്ദ്രത്തിലും മറ്റു സംസ്ഥാനങ്ങളിലും ഇത്തരം നിയമനങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളുണ്ടെങ്കിലും കേരളത്തിൽ 25 പേരെ വരെ നിയമിക്കാം. 1994-ൽ കെ. കരുണാകരൻ സർക്കാർ കൊണ്ടുവന്ന ഈ സംവിധാനത്തിൽ ഖജനാവിന് വലിയ ബാധ്യതയുണ്ടാകുന്നുവെന്ന വിമർശനങ്ങൾ ശക്തമായ സാഹചര്യത്തിലാണ് സർക്കാർ നിർണായക മാറ്റം കൊണ്ടുവന്നത്.











Leave a Reply