സ്വന്തം ലേഖകൻ

ലണ്ടൻ : സാമൂഹിക പരിപാലന പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പദ്ധതികൾ പ്രകാരം യുകെയിലെ 40 വയസ്സിനു മുകളിലുള്ള എല്ലാവരും അധിക നികുതി അടയ്‌ക്കേണ്ടി വരും. പദ്ധതി പ്രകാരം 40 വയസ്സിനു മുകളിലുള്ളവർ നികുതിയിലോ ദേശീയ ഇൻഷുറൻസിലോ കൂടുതൽ പണം നൽകണം. അല്ലാത്തപക്ഷം പ്രായമാകുമ്പോൾ പരിചരണത്തിനായി സ്വയം ഭീമമായ ബില്ലുകൾ അടയ്ക്കേണ്ടി വരും. ബോറിസ് ജോൺസന്റെ പുതിയ ഹെൽത്ത്‌ ആൻഡ് സോഷ്യൽ കെയർ ടാസ്ക്ഫോഴ്സ്, ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത്‌ ആൻഡ് സോഷ്യൽ കെയർ എന്നിവർ ചേർന്നാണ് പദ്ധതികൾ പരിശോധിക്കുന്നത്. സാമൂഹ്യ പരിപാലനത്തിലെ പ്രതിസന്ധി എല്ലാവരും ചേർന്നു പരിഹരിക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ നേരത്തെ തന്നെ പറഞ്ഞിരുന്നു. അതിനെ തുടർന്നാണ് ഈ നികുതി വർദ്ധനവ്.

ആരോഗ്യ സാമൂഹിക പരിപാലന സെക്രട്ടറിയായ മാറ്റ് ഹാൻ‌കോക്ക് ആണ് ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്. സാമൂഹ്യ പരിപാലനം മെച്ചപ്പെടുത്തുന്നതിനുള്ള സർക്കാർ നിർദേശങ്ങളെക്കുറിച്ച് അടുത്തിടെ ചർച്ചകൾ പുനരാരംഭിച്ചിരുന്നു. ജപ്പാനും ജർമ്മനിയും സാമൂഹിക പരിപാലനത്തിന് ധനസഹായം നൽകുന്നതിന്റെ പരിഷ്കരിച്ച പതിപ്പാണ് യുകെയിലെ ഈ സംവിധാനം. ജപ്പാനിൽ 40 വയസ്സ് കഴിഞ്ഞവർ സംഭാവന നൽകാൻ തുടങ്ങുന്നു. ജർമ്മനിയിൽ എല്ലാവരും ജോലി ചെയ്യാൻ തുടങ്ങുന്ന സമയം മുതൽ ഭാവിയിലേക്ക് എന്തെങ്കിലും നിക്ഷേപിക്കുന്നു. നിലവിൽ ഓരോ വ്യക്തിയുടെയും ശമ്പളത്തിന്റെ 1.5 ശതമാനവും തൊഴിലുടമകളിൽ നിന്നോ പെൻഷൻ ഫണ്ടുകളിൽ നിന്നോ 1.5% ശതമാനവും പിന്നീടുള്ള ജീവിതത്തിലെ പരിചരണത്തിനായി അടയ്ക്കുന്നു.

40 വയസ്സിനു മുകളിലുള്ളവർ ശമ്പള നികുതി വഴിയോ ഇൻഷുറൻസ് വഴിയോ പണമടയ്ക്കേണ്ട പദ്ധതി ഉദ്യോഗസ്ഥർ പരിശോധിക്കുകയാണ്. ആളുകൾ പണം നൽകുന്നത് ഉറപ്പാക്കാൻ ഏതെങ്കിലും ഇൻഷുറൻസ് മോഡൽ നിർബന്ധമാക്കേണ്ടതുണ്ടെന്ന് സാമൂഹിക പരിപാലന വിദഗ്ധർ മുന്നറിയിപ്പ് നൽകി. എന്നിരുന്നാലും, ആ ദിശയിലേക്ക് നീങ്ങുന്നതിനെക്കുറിച്ചുള്ള സംശയങ്ങൾ പരിഹരിക്കാൻ ട്രഷറി ഒരുങ്ങുകയാണ്. ഇതിനെക്കുറിച്ചു സർക്കാരിനുള്ളിൽ തന്നെ വലിയ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ വായ്പകളിൽ പണമടച്ചുകൊണ്ടിരിക്കുന്നവർക്ക് ഇത് ബുദ്ധിമുട്ടാകുമെന്ന് പറയുന്നു. എങ്കിലും പകർച്ചവ്യാധി സമയത്ത് കെയർ ഹോമുകളിൽ കണ്ട ദുരന്തത്തിന് ശേഷമുള്ള ഉചിതമായ നടപടിയായി ഇത് വിലയിരുത്തപ്പെടുന്നു.