ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ലിലിബറ്റിന്റെ ജ്ഞാനസ്നാന ചടങ്ങ് യുകെയിൽ വെച്ചുണ്ടാവില്ലെന്ന് അറിയിച്ച് കൊട്ടാരം. ഹാരിക്കും മേഗനും ഈ വർഷം ജൂൺ 4നാണ് കുഞ്ഞ് പിറന്നത്. മകൾ ലിലിബെറ്റുമായി ഇംഗ്ലണ്ടിലേക്ക് മടങ്ങുമെന്നും അവിടെ വച്ച് ജ്ഞാനസ്നാന ചടങ്ങ് നടത്തുമെന്നും മുമ്പ് അറിയിച്ചിരുന്നു. എന്നാൽ അതുണ്ടാവില്ലെന്നും കാലിഫോർണിയയിൽ വച്ചു തന്നെ ചടങ്ങ് നടത്തപ്പെടുമെന്നും രാജകീയ വൃത്തങ്ങൾ അറിയിച്ചു. രാജ്ഞിയുടെ കുട്ടിക്കാലത്തെ വിളിപ്പേരാണ് കുഞ്ഞിന് ഇപ്പോൾ നൽകിയിരിക്കുന്നത്. വിൻഡ് സർ കൊട്ടാരത്തിൽ രാജ്ഞിയുടെ മുമ്പാകെ ചടങ്ങ് നടത്താനാണ് മുമ്പ് പദ്ധതിയിട്ടിരുന്നെങ്കിലും പിന്നീട് മാറ്റം ഉണ്ടാവുകയായിരുന്നു.

യുകെയിൽ ഈ ചടങ്ങ് നടക്കാൻ സാധ്യത ഇല്ലെന്നും ദമ്പതികൾ യുഎസിലെ എപ്പിസ്കോപ്പൽ ദേവാലയത്തിൽ മകൾക്ക് നാമകരണം ചെയ്യുമെന്നും സ്രോതസ്സുകൾ വെളിപ്പെടുത്തി. പേരക്കുട്ടിയെ നേരിൽ കാണാൻ രാജ്ഞി ഇനിയും കാത്തിരിക്കേണ്ടി വരും. അടുത്ത ആഴ്ച ബ്രിട്ടനിൽ തന്റെ സഹോദരൻ വില്യം രാജകുമാരനോടൊപ്പം ഹാരി പാർട്ടിയിൽ പങ്കെടുക്കില്ലെന്ന് വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ തീരുമാനം ഉണ്ടാവുന്നത്. യു‌എസിൽ ചടങ്ങ് നടത്തുന്നതിനാൽ ലിലിബെറ്റിനെ ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ ഒരു അംഗമായി പരിഗണിക്കില്ല. എന്നിരുന്നാലും, യുകെയിൽ വന്നാൽ പള്ളിയിൽ പേര് ചേർക്കാൻ സാധിക്കും.

2019 ൽ വിൻഡ്‌സറിലെ സെന്റ് ജോർജ്ജ് ചാപ്പലിൽ വച്ചാണ് ലിലിബറ്റിന്റെ സഹോദരൻ ആർച്ചിയുടെ ജ്ഞാനസ്നാന ചടങ്ങ് നടന്നത്. 25 പേർ മാത്രം ഉൾപ്പെട്ട ചടങ്ങ് വളരെ സ്വകാര്യമായാണ് നടന്നത്. ദമ്പതികൾ ഇതുവരെയും മകളുടെ ചിത്രം പുറത്തുവിട്ടിട്ടില്ല.