ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: യഹൂദർക്കെതിരായ ആക്രമണങ്ങൾ വർധിച്ച പശ്ചാത്തലത്തിൽ ഹേറ്റ് ക്രൈം കേസുകൾ വേഗത്തിൽ പരിഗണിക്കാൻ നടപടി ശക്തമാക്കി. പ്രോസിക്യൂട്ടർമാർക്ക് കേസുകൾക്ക് ഉടൻ ചാർജ് ചുമത്താൻ നിർദേശം നൽകിയതായി പബ്ലിക് പ്രോസിക്യൂഷൻ ഡയറക്ടർ സ്റ്റീഫൻ പാർക്കിൻസൺ അറിയിച്ചു. ഭീഷണികളും അധിക്ഷേപങ്ങളും വഴി യഹൂദ സമൂഹത്തിൽ ഭയം വിതയ്ക്കുന്ന സംഭവങ്ങൾ ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ, നിയമനടപടികൾ വേഗത്തിലാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഗോൾഡേഴ്സ് ഗ്രീനിൽ രണ്ട് യഹൂദർക്ക് നേരെ കത്തി ആക്രമണം ഉണ്ടായതും , യഹൂദർ കൂടുതലായി താമസിക്കുന്ന മേഖലകളിലെ തീകൊളുത്തൽ ആക്രമണങ്ങളും ആണ് ഈ തീരുമാനത്തിന്റെ പിന്നിൽ. ഹേറ്റ് ക്രൈമുകൾ എല്ലാത്തരം കേസുകൾക്കും ഈ നിർദേശം ബാധകമാണെങ്കിലും, യഹൂദർക്കെതിരായ സംഭവങ്ങളിൽ ഉണ്ടായ വലിയ വർധനവാണ് ഇത് പ്രഖ്യാപിക്കാൻ കാരണമായതെന്ന് അധികൃതർ പറഞ്ഞു. 2024-ലെ സൗത്ത്‌പോർട്ട് ആക്രമണത്തിന് പിന്നാലെ രാജ്യത്ത് ഉണ്ടായ കലാപങ്ങൾ വേഗത്തിലുള്ള അറസ്റ്റ് – പ്രോസിക്യൂഷൻ നടപടികളിലൂടെ നിയന്ത്രിക്കാനായതും ഉദാഹരണമായി നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.

കേസുകളുടെ അടിസ്ഥാന തെളിവുകൾ ലഭിക്കുന്നതോടെ തന്നെ ചാർജ് ചുമത്താൻ പ്രോസിക്യൂട്ടർമാരോട് നിർദേശിച്ചതായി പാർക്കിൻസൺ പറഞ്ഞു. പിന്നീട് ആവശ്യമായാൽ കേസ് ശക്തിപ്പെടുത്താമെങ്കിലും വൈകിക്കുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ വർഷം ഇംഗ്ലണ്ടും വെയിൽസിലും 1.37 ലക്ഷം ഹേറ്റ് ക്രൈം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടും പത്തിലൊന്നിലും താഴെ മാത്രമാണ് കോടതിയിൽ എത്തിയത്. വൈകിപ്പുകളും നീതിന്യായ വ്യവസ്ഥയിലുളള വിശ്വാസക്കുറവും കാരണം പല ഇരകളും കേസിൽ നിന്ന് പിന്മാറുന്നത് പ്രധാന വെല്ലുവിളിയാണെന്നും പൊലീസ് കൂടുതൽ വേഗത്തിൽ തെളിവുകൾ ശേഖരിക്കേണ്ടതുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.











Leave a Reply